വാഷിംഗ്ടണ്‍: പ്രസിഡന്റ് ട്രംപ് രക്ഷകനോ? അതോ ശിക്ഷകനോ? രാഷ്ട്രീയ ശത്രുക്കള്‍ മാത്രമല്ല അദ്ദേഹത്തെ അധികാരത്തിലേക്ക് ഉയര്‍ത്താന്‍ പിന്തുണച്ചവര്‍ പോലും ഇപ്പോള്‍ പരസ്പരം ചോദിക്കുന്നത് ഇതാണ്. '' താരിഫുകള്‍ ഉയര്‍ത്തി ലോകക്രമം തന്നെ താറുമാറാക്കി. സ്വന്തം ഗവണ്മെന്റ് അടച്ചു പൂട്ടി, സര്‍ക്കാര്‍ ജീവനക്കാരെ വ്യാപകമായി പിരിച്ചുവിടുന്നു. നഗരങ്ങളില്‍ സൈന്യത്തെ ഇറക്കി കുടിയേറ്റക്കാരെ വേട്ടയാടുന്നു; വിസ നിയമങ്ങള്‍ കര്‍ക്കശമാക്കി കുടിയേറ്റം അസാധ്യമാക്കി,കോടതികളില്‍ നിന്ന് നിരന്തരമായി തിരിച്ചടികള്‍ നേരിട്ടു, ഇന്ത്യയെയും കാനഡയെയും പോലുള്ള മിത്ര രാജ്യങ്ങളെ പോലും പിണക്കി''-ഇങ്ങനെ നൂറു പരാതികളാണ് പ്രസിഡന്റ് പദവിയില്‍ ഒരുവര്‍ഷം പോലും തികയ്ക്കാത്ത ട്രംപിനെതിരെ എതിരാളികള്‍ ഉയര്‍ത്തുന്നത്.
ശനിയാഴ്ച അക്ഷരാര്‍ത്ഥത്തില്‍ യുഎസിലെ തെരുവുകള്‍ ട്രംപ് വിരുദ്ധരെ കൊണ്ട് നിറഞ്ഞ കാഴ്ചകളും കണ്ടു. ട്രംപിനെതിരെ പ്രതിഷേധവുമായി 2,500ലധികം റാലികളിലായി ലക്ഷക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. ഇടതുപക്ഷ ചായ്‌വുള്ള ഗ്രൂപ്പുകളുടെ കൂട്ടായ്മയായ നോ കിംഗ്‌സ് സംഘടിപ്പിച്ച പരിപാടിക്കായി ടൈംസ് സ്‌ക്വയറില്‍ ജനക്കൂട്ടം തിങ്ങിനിറഞ്ഞു.
ജൂണില്‍ ഇതേ ബാനറിന് കീഴിലുള്ള പ്രകടനങ്ങള്‍ രാജ്യവ്യാപകമായി അഞ്ച് ദശലക്ഷത്തിലധികം ആളുകളെ ആകര്‍ഷിച്ചിരുന്നു. പ്രതിഷേധിക്കുന്നവരെല്ലാം തീവ്ര ഇടതുപക്ഷ ആന്റിഫ പ്രസ്ഥാനവുമായി ബന്ധമുള്ളവരാണ് എന്നാണ് ട്രംപ് അനുയായികളുടെ ആരോപണം. പ്രതിഷേധത്തെ 'അമേരിക്കയെ വെറുക്കുന്നവരുടെ റാലി ' എന്ന് വിശേഷിപ്പിച്ച് അവര്‍ അപലപിക്കുകയും ചെയ്തു. റാലിക്കെതിരെ നിരവധി യുഎസ് സംസ്ഥാനങ്ങളിലെ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാര്‍ നാഷണല്‍ ഗാര്‍ഡ് സൈനികരെ പോലും സ്റ്റാന്‍ഡ്‌ബൈയില്‍ നിര്‍ത്തി. എന്നാല്‍ ട്രംപിന്റെ 'സ്വേച്ഛാധിപത്യത്തിന് എതിരായാണ് പ്രതിഷേധ റാലികളെന്നാണ് സംഘാടകര്‍ പറയുന്നത്.
'തന്റെ ഭരണം സമ്പൂര്‍ണ്ണമാണെന്നാണ് പ്രസിഡന്റ് കരുതുന്നത്. എന്നാല്‍ അമേരിക്കയില്‍, നമുക്ക് രാജാക്കന്മാരില്ല, കുഴപ്പങ്ങള്‍, അഴിമതി, ക്രൂരത എന്നിവയ്‌ക്കെതിരെ ഞങ്ങള്‍ കണ്ണടച്ചു പിന്മാറുകയുമില്ല,'- അവര്‍ പറഞ്ഞു.
അമേരിക്കയ്ക്കു പുറത്തും സമാനമായ ട്രംപ് വിരുദ്ധ റാലികള്‍ നടന്നു. യൂറോപ്പിലെ പ്രതിഷേധക്കാര്‍ ബെര്‍ലിന്‍, മാഡ്രിഡ്, റോം എന്നിവിടങ്ങളിലും തങ്ങളുടെ അമേരിക്കന്‍ പങ്കാളികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ തെരുവിലിറങ്ങി.
''ഞാന്‍ രാജാവല്ല, എന്റേത് രാജഭരണവുമല്ല''-ട്രംപ്
തനിക്കെതിരെ ഉയരുന്ന പ്രതിഷേധ സ്വരങ്ങളോട് പ്രതികരിച്ചുകൊണ്ട് പ്രസിഡന്റ് ട്രംപ് രംഗത്തെത്തി. താന്‍ രാജാവുമല്ല, തന്റേത് രാജഭരണവുമല്ല എന്നായിരുന്നു ഞായറാഴ്ച സംപ്രേഷണം ചെയ്ത ഫോക്‌സ് ന്യൂസ് അഭിമുഖത്തിന്റെ പ്രിവ്യൂ ക്ലിപ്പില്‍ ട്രംപ് പറഞ്ഞത്.
ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് സംസ്ഥാന തലസ്ഥാനമായ ഓസ്റ്റിനില്‍ ഒരു പ്രതിഷേധത്തിന് മുന്നോടിയായി സംസ്ഥാനത്തിന്റെ നാഷണല്‍ ഗാര്‍ഡിനെ തയ്യാറാക്കി നിര്‍ത്തിയിരുന്നു. 'ആന്റിഫയുമായി ബന്ധപ്പെട്ട ആസൂത്രിത പ്രകടനത്തെ നേരിടാനാണ് സൈനികരെ ഒരുക്കുന്നത് എന്നായിരുന്നു ആബട്ടിന്റെ പ്രതികരണം.
പ്രകടനക്കാര്‍ക്കെതിരെ സൈന്യത്തെ ഇറക്കിയ ആബട്ടിന്റെ നീക്കത്തെ അപലപിച്ചുകൊണ്ട്, സംസ്ഥാനത്തെ ഉന്നത ഡെമോക്രാറ്റായ ജീന്‍ വു രംഗത്തെത്തി.
'സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ സായുധ സൈനികരെ അയയ്ക്കുന്നത് രാജാക്കന്മാരും സ്വേച്ഛാധിപതികളും ചെയ്യുന്ന കാര്യമാണ്-താന്‍ അവരില്‍ ഒരാളാണെന്ന് ഗ്രെഗ് ആബട്ട് തെളിയിച്ചുവെന്ന് ജീന്‍ വു കുറ്റപ്പെടുത്തി.
അക്രമരഹിതമായി നമ്മുടെ ശബ്ദങ്ങള്‍ ഉയര്‍ത്തുന്നതില്‍ അമേരിക്കക്കാര്‍ പങ്കുചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്ന ഒരു ചെറിയ വീഡിയോ ഈ ആഴ്ചയുടെ തുടക്കത്തില്‍ ട്രംപിന്റെ വിമര്‍ശകനായ നടന്‍ റോബര്‍ട്ട് ഡി നീറോ പങ്കിട്ടിരുന്നു. 'നമുക്ക് രണ്ടര നൂറ്റാണ്ട് പഴക്കമുള്ള ജനാധിപത്യം ഉണ്ട്... പലപ്പോഴും വെല്ലുവിളി നിറഞ്ഞതും, ചിലപ്പോള്‍ കുഴപ്പമുള്ളതും, എന്നാല്‍ എല്ലായ്‌പ്പോഴും അത് അത്യാവശ്യവുമാണ്.' അദ്ദേഹം പറഞ്ഞു.
'എന്നാല്‍ ഇപ്പോള്‍ ജനാധിപത്യം എടുത്തുകളയാന്‍ ആഗ്രഹിക്കുന്ന ഒരു ഭാവി രാജാവ് നമുക്കുണ്ട് : കിംഗ് ഡോണള്‍ഡ് ദി ഫസ്റ്റ്.' റോബര്‍ട്ട് ഡി നീറോ പരിഹസിച്ചു.
'പ്രസിഡന്റ് തന്റെ ഭരണം സമ്പൂര്‍ണ്ണമാണെന്ന് കരുതുന്നു. എന്നാല്‍ അമേരിക്കയില്‍, നമുക്ക് രാജാക്കന്മാരില്ല, കുഴപ്പങ്ങള്‍, അഴിമതി, ക്രൂരത എന്നിവയ്‌ക്കെതിരെ നമ്മള്‍ പിന്മാറുകയുമില്ല.' 'നോ കിംഗ്‌സ്' സംഘാടകര്‍ അവരുടെ വെബ്‌സൈറ്റില്‍ പറയുന്നത് ഇങ്ങനെയാണ്.
വാഷിംഗ്ടണ്‍, ബോസ്റ്റണ്‍, ഷിക്കാഗോ, അറ്റ്‌ലാന്റ, ന്യൂ ഓര്‍ലിയാന്‍സ് എന്നിവിടങ്ങളിലും 50 സംസ്ഥാനങ്ങളിലുടനീളമുള്ള ചെറിയ പട്ടണങ്ങളിലും പ്രതിഷേധങ്ങള്‍ നടന്നു.
യുഎസ് എംബസികള്‍ക്ക് പുറത്ത് ജനങ്ങള്‍ തടിച്ചുകൂടി
ഫാസിസത്തെയും സ്വേച്ഛാധിപത്യത്തെയും അപലപിക്കുന്ന ബാനറുകള്‍ പിടിച്ച് ബെര്‍ലിന്‍, റോം, പാരീസ്, സ്വീഡന്‍ എന്നിവിടങ്ങളിലെ യുഎസ് എംബസികള്‍ക്ക് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടം പ്രതിഷേധക്കാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മുന്‍നിര ഡെമോക്രാറ്റിക് സെനറ്റര്‍ ചക്ക് ഷൂമര്‍ പ്രകടനക്കാരോട് ട്രംപ് ഭരണത്തിനെതിരെയുള്ള അവരുടെ മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ പ്രോത്സാഹിപ്പിച്ചു.
'ഈ നോ കിംഗ്‌സ് ദിനത്തില്‍ എന്റെ സഹ അമേരിക്കക്കാരോട് ഞാന്‍ പറയുന്നു: ഡോണള്‍ഡ് ട്രംപും റിപ്പബ്ലിക്കന്‍മാരും നിങ്ങളെ നിശബ്ദരാക്കാന്‍ ഭീഷണിപ്പെടുത്താന്‍ അനുവദിക്കരുത്. അതാണ് അവര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത്. അവര്‍ സത്യത്തെ ഭയപ്പെടുന്നു,' അദ്ദേഹം എക്‌സില്‍ പങ്കിട്ട കുറിപ്പില്‍ ആവശ്യപ്പെട്ടു.
അധികാരമേറ്റതിനുശേഷം, ട്രംപ് കുടിയേറ്റ നടപടികള്‍ ത്വരിതപ്പെടുത്തി, പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളുടെയും വൈവിധ്യ നയങ്ങളുടെയും പേരില്‍ സര്‍വകലാശാലകള്‍ക്കുള്ള ഫെഡറല്‍ ഫണ്ടിംഗ് വെട്ടിക്കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി, നിരവധി സംസ്ഥാനങ്ങളില്‍ നാഷണല്‍ ഗാര്‍ഡ് സൈനികരെ വിന്യസിക്കാന്‍ അംഗീകാരം നല്‍കി തുടങ്ങിയ നിരവധി ആരോപണങ്ങളാണ് പ്രതിഷേധക്കാര്‍ ഉന്നയിച്ചത്.
നോ കിംഗ്‌സ് പ്രതിഷേധങ്ങളില്‍ വന്‍ ജനക്കൂട്ടം; യുഎസിലും ലോകമെമ്പാടും ട്രംപ് വിരുദ്ധ റാലികള്‍
