ഇസ്രായേല്‍ 15 പാലസ്തീനികളുടെ മൃതദേഹങ്ങള്‍ കൈമാറി

ഇസ്രായേല്‍ 15 പാലസ്തീനികളുടെ മൃതദേഹങ്ങള്‍ കൈമാറി


ടെല്‍അവീവ്: ഇസ്രായേല്‍ 15 പാലസ്തീനികളുടെ മൃതദേഹങ്ങള്‍ ഗാസയിലേക്ക് തിരിച്ചയച്ചു. ഇതോടെ കൈമാറിയ ആകെ മൃതദേഹങ്ങളുടെ എണ്ണം 135 ആയി ഉയര്‍ന്നതായി പാലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മധ്യസ്ഥത വഹിച്ച വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഹമാസ് കൈമാറുന്ന ഓരോ മരിച്ച ഇസ്രായേലിക്കും പകരമായി 15 പാലസ്തീനികളുടെ മൃതദേഹങ്ങള്‍ ഇസ്രായേലിന് തിരികെ നല്‍കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രി വൈകി ഹമാസ് മറ്റൊരു ഇസ്രായേലി ബന്ദിയുടെ മൃതദേഹം കൈമാറിയിരുന്നു. എലിയാഹു മാര്‍ഗലിറ്റിന്റെ മൃതദേഹമാണ് അതെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഒമ്പത് ഇസ്രായേലികളുടെയും ഒരു നേപ്പാളി വിദ്യാര്‍ഥിയുടെയും മൃതദേഹങ്ങള്‍ ഹമാസ് കൈമാറിയതായും മറ്റ് മൃതദേഹങ്ങള്‍ കണ്ടെത്താനായില്ലെന്നും പറയുന്നു. 

നാഷണല്‍ സെന്റര്‍ ഫോര്‍ ഫോറന്‍സിക് മെഡിസിന്‍ പരിശോധനയ്ക്ക് ശേഷം മാര്‍ഗലിത്തിന്റെ മൃതദേഹം തിരിച്ചറിഞ്ഞതായും അദ്ദേഹത്തിന്റെ കുടുംബത്തെ അറിയിച്ചതായും ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു. 2023 ഒക്ടോബര്‍ 7ന് ഹമാസ് ഇസ്രായേലിനെ ആക്രമിച്ചപ്പോള്‍ കിബ്ബറ്റ്‌സ് നിര്‍ ഓസിലെ അദ്ദേഹം ജോലി ചെയ്തിരുന്ന കുതിരലായത്തില്‍ നിന്നാണ് 76കാരനെ തട്ടിക്കൊണ്ടുപോയത്.

അതേസമയം, ശനിയാഴ്ച തിരികെ നല്‍കിയ ചില മൃതദേഹങ്ങളില്‍ 'ദുരുപയോഗം, മര്‍ദ്ദനം, കൈകള്‍ ബന്ധിക്കല്‍, കണ്ണുകെട്ടല്‍' എന്നിവയുടെ അടയാളങ്ങളുണ്ടെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടു. എന്നാല്‍ ഇസ്രായേല്‍ സൈന്യം ആരോപണം നിഷേധിക്കുകയും ഹമാസിന്റെ പതിവ് 'തെറ്റായ പ്രചാരണം' ആണിതെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

മൃതദേഹങ്ങള്‍ കൈമാറുന്നത് ഉള്‍പ്പെടെയുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ നിബന്ധനകളില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഹമാസ് പറഞ്ഞു. എന്നാല്‍ നാശത്തിന്റെ വ്യാപ്തിയും അപകടകരവും പൊട്ടാത്തതുമായ ബോംബുകളുടെ സാന്നിധ്യവും മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്നതിന് തടസ്സമാകുന്നുണ്ടെന്നും അറിയിച്ചു. 

രണ്ട് വര്‍ഷമായി നീണ്ടുനിന്ന യുദ്ധത്തില്‍ 68,000-ത്തിലധികം പാലസ്തീനികളാണ് കൊല്ലപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം മരിച്ചവരുടെ എണ്ണം വര്‍ധിച്ചതായും കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതായും അവകാശപ്പെട്ടു.

ഇസ്രായേല്‍ തുടര്‍ച്ചയായി ആക്രമണം നടത്തുകയും വെടിനിര്‍ത്തല്‍ ലംഘിക്കുകയും ചെയ്യുന്നുവെന്ന് ഹമാസ് ആരോപിക്കുന്നു.