വാഷിംഗ്ടണ്‍: എത്ര കൊണ്ടാലും പഠിക്കില്ലെന്ന മട്ടിലാണ് ഗാസയിലെ ഭീകര സംഘടനയായ ഹമാസിന്റെ പോക്ക്. പതിനായിരക്കണക്കിന് നിരപരാധികളുടെ ജീവന്‍ ബലികഴിച്ച് നടത്തിയ യുദ്ധത്തിനൊടുവില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ഇസ്രായേല്‍ -പാലസ്തീന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കിയത് ദിവസങ്ങള്‍ക്ക് മുമ്പാണ്. കരാര്‍ അനുസരിച്ച് ഗാസയില്‍ നിന്ന് ഇസ്രായല്‍ സൈന്യം പിന്മാറുകയും ചെയ്തു. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ബന്ദികളുടെ കൈമാറ്റവും നടക്കുന്നു. എന്നാല്‍ സമാധാന കരാറിന്റെ മഷിയുണങ്ങും മുമ്പ് ഹമാസ് ഗാസയില്‍ സ്വന്തം ജനതയുടെ നേരെ തോക്കുചൂണ്ടാനും രക്തം ചിന്താനും തുടങ്ങിയതാണ് പുതിയ തലവേദന സൃഷ്ടിക്കുന്നത്. ഇസ്രായേല്‍ സൈന്യത്തിന്റെ ചാരന്മാര്‍ എന്നാരോപിച്ച് ഹമാസ് പരസ്യ വധശിക്ഷകള്‍ നടപ്പാക്കാന്‍ തുടങ്ങിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത് യുദ്ധത്തിന്റെ മുറിവും പേറി എല്ലാം നഷ്ടപ്പെട്ട് ജീവിക്കുന്ന ഗാസയിലെ നിരപരാധികളായ സാധാരണ ജനങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തിയിരിക്കുകയാണ്.
ഗാസയിലെ സിവിലിയന്മാര്‍ക്കെതിരെ ഹമാസ് കൂടുതല്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനുള്ളനീക്കത്തിലാണെന്നാണ് യുഎസ് നല്‍കുന്ന മുന്നറിയിപ്പ്. ഗാസയിലെ ആഭ്യന്തര സമാധാനം നഷ്ടപ്പെടുത്തുന്നതും ആക്രമണങ്ങള്‍ നടത്തുന്നതും ഗുരുതരമായ വെടിനിര്‍ത്തല്‍ ലംഘനമാണെന്നും അമേരിക്ക ഓര്‍മ്മിപ്പിക്കുന്നു.
ഗാസയിലെ സിവിലിയന്മാര്‍ക്കെതിരെ ഹമാസ് ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി സൂചിപ്പിക്കുന്ന 'വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍' ഉണ്ടെന്ന് ശനിയാഴ്ച (ഒക്ടോബര്‍ 18) അമേരിക്ക മുന്നറിയിപ്പ് നല്‍കി. ഈ നീക്കം അടുത്തിടെ ഏകദേശം രണ്ട് വര്‍ഷത്തെ യുദ്ധം നിര്‍ത്താനിടയാക്കിയ 'ദുര്‍ബലമായ വെടിനിര്‍ത്തലിന്റെ 'ഗുരുതരമായ ലംഘനം' ആയിരിക്കുമെന്ന് വാഷിംഗ്ടണ്‍ പറഞ്ഞു. 'പലസ്തീന്‍ സിവിലിയന്മാര്‍ക്കെതിരായ ഈ ആസൂത്രിത ആക്രമണം വെടിനിര്‍ത്തല്‍ കരാറിന്റെ നേരിട്ടുള്ളതും ഗുരുതരവുമായ ലംഘനമായിരിക്കും, മധ്യസ്ഥ ശ്രമങ്ങളിലൂടെ നേടിയ ഗണ്യമായ പുരോഗതിയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.
ഹമാസ് ഈ ആക്രമണവുമായി മുന്നോട്ട് പോയാല്‍, 'ഗാസയിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനും വെടിനിര്‍ത്തലിന്റെ സമഗ്രത നിലനിര്‍ത്തുന്നതിനും നടപടികള്‍ സ്വീകരിക്കുമെന്ന്' നടപടികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താതെ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഈ ആഴ്ച ആദ്യം ഇതേ കാര്യം ചൂണ്ടിക്കാട്ടി പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഹമാസിനെതിരെ കര്‍ശനമായ താക്കീതുകള്‍ നല്‍കിയിരുന്നു. സിവിലിയന്മാരെ ലക്ഷ്യം വയ്ക്കുന്നത് തുടര്‍ന്നാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പറയാന്‍ അദ്ദേഹം മടിച്ചില്ല. സാധാരണക്കാരെ കൊലപ്പെടുത്തുന്നത് കരാറിന്റെ ലംഘനമാണ്. കരാര്‍ ലംഘകരെ ഞങ്ങള്‍ക്കും കൊല്ലേണ്ടിവരും എന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യലിലൂടെ ഉറപ്പിച്ചു പറഞ്ഞു.
ഗാസയിലേത് ദുര്‍ബലമായ സമാധാനം
കഴിഞ്ഞയാഴ്ചയാണ്, അമേരിക്ക, ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി എന്നിവരുടെ മധ്യസ്ഥതയില്‍ ഹമാസും ഇസ്രായേലും ഘട്ടം ഘട്ടമായുള്ള സമാധാന കരാറിന് സമ്മതിച്ചത്.
2023 ഒക്ടോബര്‍ 7ലെ ആക്രമണങ്ങളില്‍ ഹമാസ് തട്ടിക്കൊണ്ടുപോയ ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി ഗാസയിലെ ഇസ്രായേലിന്റെ സൈനിക നീക്കം അവസാനിപ്പിച്ചു. ജീവനുള്ള ബന്ദികളെ തിരികെ കൊണ്ടുവരുന്നതും മരിച്ചതായി സ്ഥിരീകരിച്ചവരുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കുന്നതും ഉള്‍പ്പെടുന്ന കരാറിന്റെ ആദ്യ ഘട്ടം ഇപ്പോഴും തുടരുകയാണ്. അതിനിടയില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കൈമാറുന്നതിലെ കാലതാമസവും
തടവുകാരുടെ കൈമാറ്റവും ചില സ്ഥലങ്ങളിലെയെങ്കിലും സൈനിക സാന്നിധ്യവും, അക്രമങ്ങളും ചൂണ്ടിക്കാട്ടി ഇസ്രയേലും ഹമാസും പരസ്പരം ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും തുടരുന്നുണ്ട്. മൃതദേഹങ്ങളുടെകൈമാറ്റം വൈകിച്ചാല്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. എന്നാല്‍ മൃതദേഹങ്ങളില്‍ ചിലത് യുദ്ധത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലാണെന്നും അത് കണ്ടെത്തി പുറത്തെടുക്കാന്‍ സമയവും ആധുനിക ഉപകരണങ്ങളും വേണ്ടിവരുമെന്നുമാണ് ഹമാസിന്റെ വാദം. ഇതിനിടയിലാണ് അവര്‍ ഗാസയിലെ ജനങ്ങള്‍ക്കുനേരെ ക്രൂരമായ അതിക്രമങ്ങള്‍ നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
'ഹമാസിന്റെ 'വെടിനിര്‍ത്തല്‍ ലംഘനം' ഉടന്‍ ഉണ്ടാകുമെന്ന് സമാധാന കരാറുമായി ബന്ധപ്പെട്ട മറ്റ് കക്ഷികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് വാഷിംഗ്ടണ്‍ പറഞ്ഞു. ഗാസയിലെ തകര്‍ന്ന നഗരങ്ങളില്‍ ഹമാസ് നിയന്ത്രണം കര്‍ശനമാക്കിയിട്ടുണ്ടെന്നും ഇസ്രായേലുമായി സഹകരിച്ചവര്‍ക്കെതിരെ കൊലപ്പെടുത്തുന്നതടക്കമുള്ള പ്രതികാര നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഈ മുന്നറിയിപ്പ്. കണ്ണുമൂടിക്കെട്ടിയ എട്ട് പേരെ ഇസ്രായേലിനായി ചാരപ്പണി നടത്തുന്ന 'സഹകാരികളും നിയമവിരുദ്ധരും' എന്ന് മുദ്രകുത്തി, വധിക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോ ഈ ആഴ്ച ആദ്യം ഹമാസ് പുറത്തിറക്കിയിരുന്നു. ഭയാനകമായ ഈ ദൃശ്യങ്ങളെ അപലപിച്ച് മനുഷ്യാവകാശ ഗ്രൂപ്പുകള്‍ രംഗത്തുവന്നിട്ടുണ്ട്.
ഹമാസ് വീണ്ടും അക്രമങ്ങളുടെയും ഭീകരതയുടെയും പാതയിലേക്കാണ് നീങ്ങുന്നതെന്നത് ലോകം ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. അക്രമങ്ങള്‍ സജീവമാക്കാനുള്ള ഏതൊരു നീക്കവും കരാര്‍ പൂര്‍ണ്ണമായും തകര്‍ക്കുമെന്നും പതിനായിരക്കണക്കിന് ആളുകളുടെ മരണത്തിനും ഗാസയുടെ നാശത്തിനും കാരണമായ ഒരു സംഘര്‍ഷം വീണ്ടും പൊട്ടിപ്പുറപ്പെടുമെന്നുമാണ് യുഎസ് നല്‍കുന്ന മുന്നറിയിപ്പ്.
ഗാസയിലെ ജനങ്ങള്‍ക്കെതിരെ ആക്രമണ മുന തിരിച്ച് ഹമാസ്; ആഭ്യന്തര സംഘര്‍ഷത്തിനുള്ള നീക്കം തീക്കളിയെന്ന് അമേരിക്ക
