ഒയിറ്റ സിറ്റി: ജപ്പാന്റെ മുന്‍ പ്രധാനമന്ത്രി ടോമിച്ചി മുറയാമ അന്തരിച്ചു. 101 വയസ്സ് പ്രായമുണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ക്ഷമാപണം നടത്തിയതിലൂടെയാണ് ടോമിച്ചി മുറയാമ പ്രശസ്തനായത്.
ജന്മനാടായ ഒയിറ്റ സിറ്റിയിലെ ആശുപത്രിയിലായിരുന്നു മുറയാമയുടെ അന്ത്യം. മുറയാമയുടെ ഇപ്പോള്‍ നിലവിലില്ലാത്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പിന്‍ഗാമിയായി കണക്കാക്കപ്പെടുന്ന സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തലവനായ മിസുഹോ ഫുകുഷിമയാണ് മരണ വിവരം എക്‌സില്‍ പങ്കുവച്ചത്.
രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്‍ കീഴടങ്ങിയതിന്റെ 50-ാം വാര്‍ഷികത്തില്‍ 1995ലാണ് ഏഷ്യയില്‍ ജപ്പാന്‍ നടത്തിയ യുദ്ധ ക്രൂരതകളില്‍ അഗാധമായ ഖേദം പ്രകടിപ്പിച്ചു കൊണ്ട് മുറയാമ ക്ഷമാപണം നടത്തിയത്.
അദ്ദേഹത്തിന്റെ ചരിത്രപ്രസിദ്ധമായ ക്ഷമാപണത്തെ തുടര്‍ന്ന് രണ്ടാം ലോകമഹായുദ്ധത്തിന്റെ 60, 70 വാര്‍ഷികങ്ങള്‍ ആചരിച്ച സമയത്തെല്ലാം അക്കാലത്തുണ്ടായിരുന്ന ജാപ്പനീസ് പ്രധാനമന്ത്രിമാര്‍ അഗാധമായ പശ്ചാത്താപം രേഖപ്പെടുത്തുകയോ ഹൃദയംഗമമായ ക്ഷമാപണം പറയുകയോ ചെയ്തു. 1994-96 കാലത്താണ് മുറയാമ ജാപ്പനീസ് പ്രധാനമന്ത്രിയായിരുന്നത്.