പുടിന്‍ ഹംഗറിയിലെത്തിയാല്‍ സുരക്ഷിതമായി തിരികെ പോകാനും വഴിയൊരുക്കുമെന്ന് വിദേശകാര്യ മന്ത്രി

പുടിന്‍ ഹംഗറിയിലെത്തിയാല്‍ സുരക്ഷിതമായി തിരികെ പോകാനും വഴിയൊരുക്കുമെന്ന് വിദേശകാര്യ മന്ത്രി


ബുഡാപെസ്റ്റ്: റഷ്യന്‍ പ്രസിഡന്റ് വളാഡിമിര്‍ പുടിന്‍ റഷ്യ- യു എസ് ചര്‍ച്ചകള്‍ക്കായി ഹംഗറിയില്‍ പ്രവേശിച്ചാല്‍ അദ്ദേഹം സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങുന്നുണ്ടെന്ന് തങ്ങള്‍ ഉറപ്പാക്കുമെന്ന് ഹംഗറിയുടെ വിദേശകാര്യ മന്ത്രി പീറ്റര്‍ സിജാര്‍ട്ടോ പറഞ്ഞു. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ വാറണ്ട് നിലനില്‍ക്കുന്നതിനാല്‍ റഷ്യയ്ക്ക് പുറത്തേക്ക് യാത്ര ചെയ്താന്‍ പുടിന്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന പ്രചരണത്തിനിടെയാണ് ഹംഗറിയുടെ പ്രതികരണം.

റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ട്രംപും പുടിനും ബുഡാപെസ്റ്റിലെത്തുന്നത്. യുദ്ധത്തില്‍ റഷ്യ യുക്രെയ്‌നില്‍ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയതില്‍ പ്രസിഡന്റിന് പങ്കുണ്ടെന്ന് കുറ്റപ്പെടുത്തിയാണ് 2023 മാര്‍ച്ചില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നെതര്‍ലാന്‍ഡ്സിലെ ഹേഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ടുകള്‍ നടപ്പിലാക്കാന്‍ അംഗരാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. 

ട്രംപും പുടിനും രണ്ടാഴ്ചയ്ക്കുള്ളില്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ യു എസ് പ്രസിഡന്റുമായും റഷ്യന്‍ പ്രസിഡന്റുമായും സംസാരിച്ചു, തയ്യാറെടുപ്പുകള്‍ 'പൂര്‍ണ്ണമായും മുന്നോട്ട് പോകുന്നു' എന്ന് പറഞ്ഞു. 

ആരുമായും ഒരു തരത്തിലുള്ള കൂടിയാലോചനയുടെയും ആവശ്യമില്ലെന്നും തങ്ങള്‍ പരമാധികാര രാജ്യമെന്ന നിലയില്‍ പുടിനെ ബഹുമാനത്തോടെ സ്വീകരിക്കുകയും ആതിഥേയത്വം വഹിക്കുകയും അമേരിക്കന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്താനുള്ള വ്യവസ്ഥകള്‍ നല്‍കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

യുക്രെയ്‌നില്‍ സമാധാനം സ്ഥാപിക്കാന്‍ സഹായിക്കുമെങ്കില്‍ ബുഡാപെസ്റ്റ് കൂടിക്കാഴ്ചയെ സ്വാഗതം ചെയ്യുന്നതാിയ യൂറോപ്യന്‍ യൂണിയന്‍ പറഞ്ഞു.