ലിസ്ബണ്‍: മുഖം മറയ്ക്കുന്ന വസ്ത്രങ്ങളായ ബുര്‍ഖ, നിഖാബ് പോലുള്ളവ ധരിച്ച് പൊതുസ്ഥലങ്ങളില്‍ എത്തുന്നത് നിരോധിച്ച് പോര്‍ച്ചുഗല്‍. ലിംഗപരമോ, മതപരമോ ആയ കാരണങ്ങളാല്‍ പൊതുസ്ഥലത്ത് മുഖംമൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിനാണ് വിലക്ക്. ഇതുസംബന്ധിച്ച വിവാദ ബില്‍ പോര്‍ച്ചുഗല്‍ പാര്‍ലമെന്റ് കഴിഞ്ഞ ദിവസം പാസാക്കി.
തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ചെഗയാണ് പാര്‍ലമെന്റില്‍ ബില്‍ കൊണ്ടുവന്നത്. നിരോധനം ലംഘിക്കുന്നവര്‍ക്ക് 200 യൂറോ മുതല്‍ 4,000 യൂറോ വരെ (ഏകദേശം 234 മുതല്‍ 4,671 ഡോളര്‍ വരെ) പിഴ ഈടാക്കാന്‍ ില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ബുര്‍ഖ ധരിക്കാന്‍ നിര്‍ബന്ധിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കും. വിമാനങ്ങള്‍, നയതന്ത്ര കാര്യാലയങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതിന് വിലക്കില്ല.
ബില്‍ പാര്‍ലമെന്റ് പാസാക്കിയെങ്കിലും നിയമമാകണമെങ്കില്‍ പ്രസിഡന്റിന്റെ അംഗീകാരം കൂടി വേണം. പ്രസിഡന്റ് മാര്‍സെലോ റെബെലോ ഡി സൂസയ്ക്ക് ഈ ബില്‍ തള്ളിക്കളയാനോ ഭരണഘടനാ കോടതിയുടെ പരിശോധനയ്ക്ക് അയക്കാനോ ഉള്ള അധികാരം ഉണ്ട്. ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ ഫ്രാന്‍സ്, ഓസ്ട്രിയ, ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളുടെ പട്ടികയില്‍ പോര്‍ച്ചുഗലും ഇടം പിടിക്കും. ഈ രാജ്യങ്ങളില്‍ ഇതിനോടകം തന്നെ ഭാഗികമായോ പൂര്‍ണമായോ ഇത്തരം വസ്ത്രങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച നടന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ഇടതുപക്ഷ പാര്‍ട്ടികളിലെ ചില വനിതാ എംപിമാര്‍ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ നിരോധിക്കുന്ന ബില്ലിനെ എതിര്‍ത്തു. ചെഗ നേതാവ് ആന്ദ്രെ വെഞ്ചുറയുമായി വാദപ്രതിവാദം നടത്തിയെങ്കിലും സെന്റര്‍ റൈറ്റ് സഖ്യത്തിന്റെ പിന്തുണയോടെ ബില്‍ പാസായി. 'ഇന്ന് ഞങ്ങള്‍ സ്ത്രീ എംപിമാരെയും പെണ്‍മക്കളെയും ഞങ്ങളുടെ പെണ്‍മക്കളെയും സംരക്ഷിക്കുകയാണ്, അവര്‍ രാജ്യത്ത് ഒരു ദിവസം ബുര്‍ഖ ധരിക്കേണ്ടി വരുന്നതില്‍ നിന്ന്.' എന്ന് വെഞ്ചുറ പറഞ്ഞു. 'ബില്‍ സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ചുള്ള ഒരു ചര്‍ച്ചയാണ്. ഒരു സ്ത്രീയും മുഖം മറയ്ക്കാന്‍ നിര്‍ബന്ധിതയാകരുത്' എന്ന് ഭരണകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ എംപി ആന്ദ്രിയ നെറ്റോ വോട്ടെടുപ്പിന് മുന്‍പ് പ്രതികരിച്ചു.
യൂറോപ്പില്‍ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്ന മുസ്ലീം സ്ത്രീകളുടെ എണ്ണം കുറവാണ്. പോര്‍ച്ചുഗലില്‍ ഇത് വളരെ വിരളമാണ്. എന്നിരുന്നാലും യൂറോപ്പ് മുഴുവന്‍ നിഖാബ്, ബുര്‍ഖ പോലുള്ള പൂര്‍ണമായി മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ വിവാദമായി തുടരുകയാണ്. ചിലര്‍ ഇത് സ്ത്രീകളോടുള്ള വിവേചനത്തിന്റെ പ്രതീകമാണെന്നും സുരക്ഷാ ഭീഷണിയാണെന്നും വാദിക്കുന്നുണ്ട്. അതിനാല്‍ ഈ വസ്ത്രം നിരോധിക്കണമെന്നാണ് അവരുടെ ആവശ്യം.
പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ, നിഖാബ് പോലുള്ള വസ്ത്രധാരണത്തിന് നിരോധനം ഏര്‍പ്പെടുത്തി പോര്‍ച്ചുഗല്‍
