ന്യൂഡല്‍ഹി: ദീപാവലിക്ക് മുന്നോടിയായി വായു മലിനീകരണം ശക്തമാകുന്നതിനാല്‍ ഡല്‍ഹിയിലെ ഇന്ത്യാഗേറ്റില്‍ ജലസ്പ്രിങ്ക്‌ലറുകള്‍ വിന്യസിച്ച് സര്‍ക്കാര്‍ നടപടികളാരംഭിച്ചു. സെന്‍ട്രല്‍ പൊല്യൂഷൻ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണക്കനുസരിച്ച് ഇന്ത്യാഗേറ്റ് പ്രദേശത്തെ വായു ഗുണനിലവാര സൂചിക 269 ആയി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് മോശം വിഭാഗത്തില്‍പ്പെടുന്ന നിരക്കാണ്. ദീപാവലി അടുത്തെത്തുമ്പോള്‍ വായു മലിനീകരണം നിയന്ത്രിക്കാൻ എന്‍ സി ആര്‍ (ദേശീയ തലസ്ഥാന മേഖല) കൃത്രിമമഴ പരീക്ഷണത്തിനായി ഒരുങ്ങുകയാണ്.
കൃത്രിമ മഴ പെയ്യിക്കുന്നതിനുള്ള ക്ലൗഡ് സീഡിങ് പദ്ധതി കാലാവസ്ഥാ വകുപ്പ് അനുമതി നല്‍കിയ ഉടന്‍ തന്നെ നടപ്പാക്കാനാവുമെന്ന് പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിംഗ് സിര്‍സ അറിയിച്ചു.
ദീപാവലിക്ക് തൊട്ടുപിന്നാലെ ഈ അനുമതി ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ക്ലൗഡ് സീഡിങ്ങിന് വേണ്ട എല്ലാ സംവിധാനങ്ങളും സജ്ജമാണ്. നാല് ദിവസത്തെ പരീക്ഷണയോട്ടത്തിനിടെ രണ്ട് പൈലറ്റുമാര്‍ നിശ്ചിത പ്രദേശത്തെ പരിസരവുമായി പരിചിതരായിട്ടുണ്ടെന്ന് സിര്‍സ വ്യക്തമാക്കി.
കാലാവസ്ഥാ വകുപ്പ് അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ അനുമതി നല്‍കിയാല്‍ മേഘങ്ങളെ ലക്ഷ്യമാക്കി സാംപിള്‍ സ്പ്രേ നടത്തി ക്ലൗഡ് സീഡിങ് ആരംഭിക്കുമെന്നും മേഘങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഐഐടി കാൺപൂരുമായി ഒപ്പുവെച്ചിട്ടുള്ള പദ്ധതി പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പിലാക്കുന്നത്.