ഷാങ്ഹായ്: ഹാങ്‌ഷൗവില്‍നിന്ന് ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സിയോളിലേക്കുള്ള യാത്രയിൽ വിമാനത്തിനുള്ളില്‍ പവര്‍ ബാങ്കിന് തീപിടിച്ചു. ചൈനീസ് എയര്‍ബസ് എ321 വിമാനത്തിലാണ് സംഭവം ഉണ്ടായത്. മുകളിലെ ബാഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ സൂക്ഷിച്ചിരുന്ന പവര്‍ ബാങ്കിലാണ് തീപിടിത്തമുണ്ടായത്.
കാബിനിലാകെ പുക പടർന്നപ്പോൾ എയര്‍ഹോസ്റ്റസുമാരും ജീവനക്കാരും ഉടന്‍ പ്രതികരിക്കുകയായിരുന്നു. ഫയര്‍ എക്സ്റ്റിംഗ്വിഷര്‍ ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു. പൈലറ്റുമാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിനെ ബന്ധപ്പെടുകയും അടിയന്തരമായി ഷാങ്ഹായ് പുതോങ് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ തയ്യാറെടുക്കുകയും ചെയ്തു. എങ്കിലും വിമാനം സുരക്ഷിതമായി നിലത്തിറങ്ങുന്നതിന് മുന്‍പേ തന്നെ സാഹചര്യം പൂര്‍ണമായും നിയന്ത്രണവിധേയമാക്കുകയായിരുന്നു. യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കുകളില്ലെന്ന് വിമാന കമ്പനി സ്ഥിരീകരിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ വിമാനത്തിനുള്ളില്‍ നിന്നു ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സംഭവം വ്യാപക ശ്രദ്ധ നേടി. ദൃശ്യങ്ങളില്‍ മുകളിലെ കമ്പാര്‍ട്ട്‌മെന്റില്‍നിന്ന് തീ പടരുന്നതും യാത്രക്കാര്‍ ഭീതിയോടെ മാറിനില്‍ക്കുന്നതും ജീവനക്കാര്‍ തീ അണയ്ക്കാന്‍ പാഞ്ഞുചെല്ലുന്നതും കാണാം.
സമീപകാലത്ത്, സുരക്ഷാ കാരണങ്ങളാല്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനയാത്രയ്ക്കിടയില്‍ പവര്‍ ബാങ്ക് ഉപയോഗിക്കുന്നതും ചാര്‍ജ് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. ഈ നിയമം ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു.