വാഷിങ്ടണ്‍: യു എസിലേക്ക് ലഹരി മരുന്നുമായി എത്തിയ മുങ്ങിക്കപ്പല്‍ ആക്രമിച്ച് നശിപ്പിച്ചതായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അന്തര്‍വാഹിനിയില്‍ ഫെന്റനിലും മറ്റ് നിയമവിരുദ്ധ മയക്കുമരുന്നുകളും ഉണ്ടായിരുന്നുവെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിരുന്നു. അന്തര്‍വാഹിനി അമേരിക്കന്‍ തീരത്തെത്തിയിരുന്നെങ്കില്‍ ഏകദേശം 25,000 അമേരിക്കക്കാര്‍ മരിക്കുമായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ആക്രമണത്തില്‍ അന്തര്‍വാഹിനിയിലുണ്ടായിരുന്ന രണ്ടുപേര്‍ കൊല്ലപ്പെടുകയും രക്ഷപ്പെട്ട രണ്ടുപേരെ അവരുടെ രാജ്യങ്ങളായ ഇക്വഡോറിലേക്കും കൊളംബിയയിലേക്കും തിരിച്ചയച്ചതായും ട്രംപ് അറിയിച്ചു. ആക്രമണത്തില്‍ അമേരിക്കന്‍ സൈനികര്‍ സുരക്ഷിതരാണ്. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
തന്റെ ഭരണകാലത്ത് അമേരിക്കയിലേക്ക് കര മാര്‍ഗമോ കടല്‍ മാര്‍ഗമോ മയക്കുമരുന്ന് കടത്തുന്ന 'നാര്‍ക്കോ ടെററിസ്റ്റുകളെ' വെച്ചുപൊറുപ്പിക്കില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതി.
അന്തര്‍വാഹിനിയില്‍ നിന്ന് രക്ഷപ്പെട്ട രണ്ടുപേരും അവരുടെ രാജ്യങ്ങളില്‍ തിരിച്ചെത്തിയതായി അധികൃതര്‍ സ്ഥിരീകരിച്ചു. ഇക്വഡോറില്‍ തിരിച്ചെത്തിയയാളെ നിയമപരമായി നേരിടേണ്ട നടപടികള്‍ക്ക് വിധേയനാക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയും ഇക്കാര്യം സ്ഥിരീകരിച്ചു. കൊളംബിയക്കാരനെതിരെ നിയമപ്രകാരമുള്ള നടപടി തുടരുമെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.
ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് ഒഴുക്ക് തടയുന്നതിനുള്ള ട്രംപിന്റെ കര്‍ശന നയത്തിന്റെ ഭാഗമായാണ് ആക്രമണം നടത്തിയത്. സെപ്റ്റംബര്‍ മുതല്‍ കരീബിയന്‍ കടലില്‍ യു എസ് നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് ആറ് കപ്പലുകളെങ്കിലും ലക്ഷ്യമിട്ടിട്ടുണ്ട്. ഇതില്‍ പലതും സ്പീഡ് ബോട്ടുകളായിരുന്നു. ചില ബോട്ടുകള്‍ വെനസ്വേലയില്‍ നിന്നുള്ളതാണെന്ന് ആരോപണമുണ്ട്.
യു എസ് ഇതുവരെ 27 മയക്കുമരുന്ന് കടത്തുകാരെ വധിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച വെനസ്വേലയുടെ തീരത്തുള്ള ചെറിയ ബോട്ടില്‍ യുഎസ് ആക്രമണം നടത്തിയിരുന്നു. മയക്കുമരുന്ന് കടത്തുകയായിരുന്നെന്ന് ആരോപിക്കപ്പെട്ട ബോട്ടിലുണ്ടായിരുന്ന ആറുപേരും കൊല്ലപ്പെട്ടു. സ്ഥിരീകരിക്കപ്പെട്ട മയക്കുമരുന്ന് കടത്തുകാരെ ലക്ഷ്യമിട്ടാലും ഇത്തരം സംഗ്രഹ കൊലപാതകങ്ങള്‍ നിയമവിരുദ്ധമാണെന്നാണ് വിദഗ്ധ പക്ഷം.
എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ യു എസ് പൗരന്മാരുടെ ജീവന്‍ സംരക്ഷിക്കാന്‍ അത്യാവശ്യമാണെന്ന് യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കി. ഒരു മയക്കുമരുന്ന് കാര്‍ട്ടലും അല്‍ ഖ്വയ്ദയും തമ്മില്‍ വ്യത്യാസമില്ലെന്നും അവരെ അങ്ങനെ തന്നെ കണക്കാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.