സാന്‍ മിഗുവല്‍ ചിക്കാജ്: മധ്യ അമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയിലെ ബജാ വെരാപാസ് ഡിപ്പാര്‍ട്ട്‌മെന്റിലെ പര്‍വ്വതപ്രദേശങ്ങളില്‍ സ്ത്രീകള്‍ അവരുടെ ശക്തിയും ആത്മവിശ്വാസവും തിരികെ പിടിക്കുന്നൊരു കഥയുണ്ട്. അതിലെ ശ്രദ്ധേയമായ കാര്യം ലളിതവും ശക്തവുമായ ആയുധത്തിലൂടെയാണ് അവര്‍ തങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതെന്നതാണ്. അവരുടെ ശബ്ദം തന്നെയായിരുന്നു അന്നാട്ടിലെ സ്്ത്രീകളുടെ ശക്തമായ ആയുധം.
തലമുറകളായി കുടുംബങ്ങളേയും പാരമ്പര്യങ്ങളേയും താങ്ങിനിര്‍ത്തുന്നുണ്ടെങ്കിലും ജീവിതവും മന:ശ്ശാന്തിയും പലപ്പോഴും വെറും സ്വപ്‌നങ്ങള്‍ മാത്രമായിരുന്നു ഇവിടുത്തെ വനിതകള്‍ക്ക്. എന്നാലിപ്പോള്‍ അന്താരാഷ്ട്ര കുടിയേറ്റ സംഘടനയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന 'വെല്‍-ബീയിംഗ് ക്ലബുകള്‍' വഴി നിശ്ശബ്ദതയുടെ മതില്‍ പൊളിക്കുകയും ആത്മവിശ്വാസത്തിന്റേയും ശാന്തിയുടേയും പുതിയ ജീവിതം നയിക്കുകയും ചെയ്യുന്നു.
സ്‌നേഹവും ബഹുമാനവും കിട്ടാതെ വേദനക്കുന്നവരായിരുന്നു തങ്ങളില്‍ പലരുമെന്നും സ്വയം അറിയാനും വിലമതിക്കാനും ആത്മാഭിമാനം വളര്‍ത്താനും പഠിക്കേണ്ടതുണ്ടെന്നും സാന്‍ മിഗുവല്‍ ചിക്കാജ് സ്വദേശിനിയായ റെയ്ന പറയുന്നു.
ആചി മായാ സമുദായത്തിന്റെ ഭാഗമായ ഈ പ്രദേശത്ത് ഏകദേശം 33,000 പേരാണുള്ളത്. തലമുറകളായി കൃഷിയും നെയ്ത്തുമാണ് ഇവിടുത്തെ ജീവിതോപാധികള്‍. എന്നാല്‍ ഭൂമിശാസ്ത്രപരമായ അകലം പല സ്ത്രീകളെയും പരസ്പരം ബന്ധപ്പെടുന്നതില്‍ നിന്ന് വിലക്കുകയും ഗ്രാമങ്ങള്‍ അകലെ ആയതിനാല്‍ പലപ്പോഴും തങ്ങളെല്ലാവരും കാണാതിരിക്കുകയും ചെയ്യുന്നുവെന്നാണ് ഇവിടെ നിന്നുള്ള യുവതി നോര്‍മ പറയുന്നത്. ഈ സാഹചര്യത്തിലേക്കാണ് വെല്‍ ബീയിംഗ് ക്ലബ്ബുകള്‍ രംഗത്തെത്തിയത്.
വെല്‍ ബീയിംഗ് ക്ലബുകള്‍ സ്ത്രീകള്‍ക്ക് അവരുടെ ഭാഷകളായ ആചിയും കാക്ചിക്കലും ഉപയോഗിച്ച് സ്വതന്ത്രമായി വികാരങ്ങള്‍ പങ്കുവയ്ക്കാനും മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കാനും ആത്മവിശ്വാസം വളര്‍ത്താനുമുള്ള സുരക്ഷിതമായ ഇടങ്ങളാണ് ഒരുക്കിയത്. ബാഹാ വെരാപാസിലും ചിമാല്‍ടെനാങ്‌ഗോയിലുമായി 500ലധികം സ്ത്രീകളും പെണ്‍കുട്ടികളാണ് ഈ ക്ലബുകളില്‍ ചേര്‍ന്നിരിക്കുന്നത്.
അതൊരു അത്ഭുതകരമായ അനുഭവമാണെന്നും വീട്ടുപണികളെല്ലാം വേഗത്തിലൊരുക്കി സ്വയം സമയമുണ്ടാക്കി പരസ്പരം കാണുകയും സംസാരിക്കുകയും പഠിക്കുകയും ചെയ്തുവെന്ന് നോര്‍മ പറഞ്ഞു.
ഫെസിലിറ്റേറ്റര്‍ വാനെസ്സ കാനാഹുവിയുടെ നേതൃത്വത്തില്‍ സാന്‍ മിഗുവല്‍ ചിക്കാജില്‍ മാത്രം മുന്നൂറിലധികം സ്ത്രീകളാണ് ആചി ഭാഷയില്‍ പത്ത് സെഷനുകളില്‍ പങ്കെടുത്തത്. ചിമാല്‍ടെനാങ്‌ഗോയിലെ സാന്ത അപ്പോളോണിയയില്‍ 200 സ്ത്രീകള്‍ കാക്ചിക്കല്‍ ഭാഷയില്‍ നടത്തിയ പരിപാടികളില്‍ ചേര്‍ന്നു. ഈ ഭാഷയാണ് ആ പ്രദേശത്തെ 90 ശതമാനത്തോളം പേരും സംസാരിക്കുന്നത്. തങ്ങളുടെ വാക്കുകള്‍ക്ക് ശക്തിയുണ്ടെന്നും കാക്ചിക്കലില്‍ പറഞ്ഞാല്‍ അത് കൂടുതല്‍ വ്യക്തമായി കേള്‍ക്കാനാവുമെന്നും ഒരു വനിത പറഞ്ഞു.
ഈ ക്ലബുകള്‍ മാനസികാരോഗ്യ സഹായവും സമൂഹ പ്രതിരോധ ശേഷിയും സംയോജിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കുടിയേറ്റവുമായി ബന്ധപ്പെട്ട മാനസിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുകയെന്നതാണ് ലക്ഷ്യം. നന്ദി പത്രികകള്‍ എഴുതല്‍, സ്വയം നിയന്ത്രണ അഭ്യാസങ്ങള്‍, കണ്ണടച്ച് കൂട്ടാളിയുടെ നിര്‍ദേശപ്രകാരം വരക്കല്‍ പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഇവയുടെ ഭാഗമാണ്. മറ്റുള്ളവര്‍ക്ക് നാം എത്രമാത്രം ആശ്രയമാണെന്നത് ഈ അനുഭവം തന്നെ ഓര്‍മ്മിപ്പിച്ചവെന്നാണ് ഇതില്‍ പങ്കെടുത്ത ജാക്കുലിന്‍ പറഞ്ഞത്.
പരസ്പരം കേള്‍ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഈ കൂട്ടായ്മകള്‍ സ്ത്രീകളുടെ ആത്മവിശ്വാസം വളര്‍ത്തുകയും അവകാശബോധം ശക്തമാക്കുകയും ചെയ്യുന്നു. ചില അയല്‍വാസികള്‍ വീട്ടുപണികളില്‍ മുഴുകി വരാന്‍ മടിക്കുമ്പോള്‍ താന്‍ അവരോട് പറഞ്ഞത് സ്ത്രീകള്‍ക്ക് അവകാശങ്ങളുണ്ടെന്നും നമ്മുടെ സമൂഹത്തില്‍ നമ്മള്‍ക്ക് പ്രധാന പങ്കുണ്ടെന്നുമാണെന്ന് ഓര്‍ടെന്‍സിയ പറഞ്ഞു.
ഗ്വാട്ടിമാല, ഹോണ്ടുറാസ്, എല്‍സാല്‍വഡോര്‍ എന്നീ രാജ്യങ്ങളിലായി നടപ്പാക്കുന്ന പ്രാദേശിക പദ്ധതിയിലാണ് ഈ സംരംഭം ഉള്‍പ്പെട്ടിരിക്കുന്നത്. കാനഡ സര്‍ക്കാരിന്റെ സാമ്പത്തിക പിന്തുണയോടെയാണ് ഈ പരിപാടി നടപ്പിലാക്കുന്നത്. സ്ത്രീകള്‍ക്ക് അവരുടെ ശബ്ദം തിരിച്ചുപിടിക്കാനും അതിലൂടെ അവരുടെ ഭാവി പുനര്‍നിര്‍മ്മിക്കാനും സഹായിക്കുന്നതാണ് പദ്ധതി.
ഒരു സ്ത്രീ തന്റെ ശബ്ദം കണ്ടെത്തുമ്പോള്‍ അവള്‍ തന്റെ ശക്തി കണ്ടെത്തുന്നുവെന്നാണ് ജാക്കുലിന്‍ പറയുന്നത്. സ്വന്തം സമൂഹത്തിനുള്ളിലാണ് ഇത് ചെയ്യുന്നതെങ്കില്‍ ആ മാറ്റം അനവധി ജീവിതങ്ങളിലേക്ക് പടരുന്നുവെന്നും അവര്‍ വ്യക്തമാക്കി.