വെടിനിര്‍ത്തല്‍ ലംഘനം: തെക്കന്‍ ഗാസയിലെ തീവ്രവാദ കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയെന്ന് ഇസ്രായേല്‍; നിഷേധിച്ച് ഹമാസ്

വെടിനിര്‍ത്തല്‍ ലംഘനം: തെക്കന്‍ ഗാസയിലെ തീവ്രവാദ കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയെന്ന് ഇസ്രായേല്‍; നിഷേധിച്ച് ഹമാസ്


റഫ(ഗാസ):  വെടിനിര്‍ത്തല്‍ കരാറിനുശേഷം ഇസ്രായേല്‍ സൈന്യം പിന്മാറിയ തക്കം നോക്കി ഗാസമുനമ്പില്‍ തീവ്രവാദ സംഘങ്ങള്‍ പിടിമുറുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളില്‍ നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് വെടിനിര്‍ത്തല്‍ ലംഘിച്ചതായും അദ്ദേഹം ആരോപിച്ചു. 
ഗാസ മുനമ്പിലെ തീവ്രവാദ കേന്ദ്രങ്ങള്‍ക്കെതിരെ 'ശക്തമായ നടപടി' സ്വീകരിക്കാന്‍ നെതന്യാഹു നല്‍കിയ ഉത്തരവിനു പിന്നാലെ രാജ്യത്തെ സുരക്ഷാ സേന തെക്കന്‍ ഗാസ നഗരമായ റാഫയില്‍ ആക്രമണം അഴിച്ചുവിട്ടു. അതേസമയം, ഇസ്രായേലിന്റെ ആരോപണങ്ങളും അവകാശവാദവും നിഷേധിച്ച് ഹമാസ് രംഗത്തെത്തി.
റഫയില്‍ എന്തെങ്കിലും ഏറ്റുമുട്ടലുകള്‍ ഉണ്ടായതായി അറിയില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ നടന്ന വെടിനിര്‍ത്തല്‍ പാലിക്കുന്നുണ്ടെന്നും പലസ്തീന്‍ തീവ്രവാദ സംഘടന പ്രസ്താവനയില്‍ പറഞ്ഞു.
'ഹമാസ് വെടിനിര്‍ത്തല്‍ ലംഘിച്ചതിനെ തുടര്‍ന്ന്, പ്രധാനമന്ത്രി നെതന്യാഹു പ്രതിരോധ മന്ത്രിയുമായും മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായും കൂടിയാലോചനകള്‍ നടത്തുകയും ഗാസ മുനമ്പിലെ തീവ്രവാദ കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തുവെന്ന് നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രായേലിന്റെ ആരോപണങ്ങള്‍ക്ക് ഹമാസിന്റെ സായുധ വിഭാഗമാണ് മറുപടി നല്‍കിയത്. 'സമ്മതിച്ചതെല്ലാം നടപ്പിലാക്കാനുള്ള ഞങ്ങളുടെ പൂര്‍ണ്ണ പ്രതിബദ്ധത ഞങ്ങള്‍ വീണ്ടും ഉറപ്പിക്കുന്നു, അതില്‍ പ്രധാനം ഗാസ മുനമ്പിലെ എല്ലാ മേഖലകളിലും വെടിനിര്‍ത്തല്‍ തന്നെയാണെന്നും' അവര്‍ വ്യക്തമാക്കി.

'റഫ പ്രദേശത്ത് നടക്കുന്ന ഏതെങ്കിലും സംഭവങ്ങളെക്കുറിച്ചോ ഏറ്റുമുട്ടലുകളെക്കുറിച്ചോ അറിയില്ല, കാരണം അവ അധിനിവേശ നിയന്ത്രണത്തിലുള്ള ചുവന്ന മേഖലകളാണ്, കൂടാതെ ഈ വര്‍ഷം മാര്‍ച്ചില്‍ യുദ്ധം പുനരാരംഭിച്ചതിനുശേഷം അവിടെയുള്ള ഞങ്ങളുടെ ശേഷിക്കുന്ന ഗ്രൂപ്പുകളുമായുള്ള ബന്ധവും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണെന്ന് എസ്സെഡിന്‍ അല്‍ഖസ്സാം ബ്രിഗേഡുകള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.