ടെല്‍ അവീവ്: സമാധാന ശ്രമങ്ങള്‍ വിഫലമാക്കി ഗാസയില്‍ വീണ്ടും സംഘര്‍ഷം. പലസ്തീന്‍ തീവ്രവാദികള്‍ നടത്തിയ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്ക് മറുപടിയായി തെക്കന്‍ ഗാസയിലെ ഹമാസ് കേന്ദ്രങ്ങള്‍ക്ക് നേരെ ഞായറാഴ്ച (ഒക്ടോബര്‍ 19) രാവിലെ പുതിയ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. തെക്കന്‍ ഗാസ നഗരമായ റാഫയിലും വടക്കന്‍ പട്ടണമായ ബെയ്റ്റ് ലാഹിയയിലും സൈന്യം ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് ഒരു ഇസ്രായേല്‍ സൈനിക ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് ലംഘിച്ചതായി ഇസ്രായേല്‍ ആരോപിച്ചു.
'ഇന്ന് (ഞായര്‍) രാവിലെ നടന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് മറുപടിയായി, തെക്കന്‍ ഗാസ മുനമ്പിലെ ഹമാസ് ഭീകര കേന്ദ്രങ്ങള്‍ക്കെതിരെ ഐഡിഎഫ് (സൈന്യം) തുടര്‍ച്ചയായ ആക്രമണങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
ഒമ്പത് ദിവസം മുമ്പ് ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷമുള്ള രണ്ടാമത്തെ ആക്രമണമാണിത്. ഞായറാഴ്ച രാവിലെ നടന്ന ആദ്യ ആക്രമണത്തിന് ശേഷം, തങ്ങളുടെ സേനയ്‌ക്കെതിരെ ഹമാസ് നടത്തിയ മൂന്ന് ആക്രമണങ്ങള്‍ക്ക് പ്രതികാരമായാണ് തങ്ങള്‍ തിരിച്ചടിച്ചതെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു.
അതേസമയം, വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന ആരോപണങ്ങള്‍ ഹമാസ് നിഷേധിച്ചു, വെടിനിര്‍ത്തല്‍ പാലിക്കുന്നുണ്ടെന്നും യുദ്ധം പുനരാരംഭിക്കാന്‍ ഇസ്രായേല്‍ 'ദുര്‍ബലമായ ന്യായങ്ങള്‍' മെനയുകയാണെന്നും അവര്‍ പറഞ്ഞു.
' ഹമാസ് കനത്ത വില നല്‍കേണ്ടിവരും' ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ്
ഗാസയില്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നതിനെതിരെ ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ഹമാസിന് മുന്നറിയിപ്പ് നല്‍കി. 'ഓരോ വെടിവയ്പ്പിനും ഓരോ വെടിനിര്‍ത്തല്‍ ലംഘനത്തിനും ഹമാസ് കനത്ത വില നല്‍കേണ്ടിവരുമെന്ന് അദ്ദേഹം ഒരു പ്രസ്താവനയില്‍ പറഞ്ഞു. 'സന്ദേശം മനസ്സിലായില്ലെങ്കില്‍, ഞങ്ങളുടെ പ്രതികരണം കൂടുതല്‍ കഠിനമാകും.' അദ്ദേഹം പറഞ്ഞു.
കാറ്റ്‌സുമായും ഷിന്‍ ബെറ്റ്, മൊസാദ് സുരക്ഷാ ഏജന്‍സികളുടെ തലവന്മാരുമായും കൂടിക്കാഴ്ച നടത്തിയതായും തുടര്‍ന്ന് 'ഗാസ മുനമ്പിലെ തീവ്രവാദ ലക്ഷ്യങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചതായും' പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
ഇസ്രായേലും ഹമാസും തമ്മിലുള്ള ശത്രുത പുനരാരംഭിച്ചതിനെത്തുടര്‍ന്ന് കുറഞ്ഞത് 15 പേരെങ്കിലും കൊല്ലപ്പെട്ടതായി ഗാസയുടെ സിവില്‍ ഡിഫന്‍സ് ഏജന്‍സി പറഞ്ഞു. മധ്യ ഗാസയിലെ സുവൈദ പട്ടണത്തില്‍ ഒരു 'സിവിലിയന്‍ സംഘത്തെ' ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇരകളില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായി ഏജന്‍സിയുടെ വക്താവ് മഹ്മൂദ് ബസ്സാല്‍ അവകാശപ്പെട്ടു. എന്നിരുന്നാലും, ഹമാസ് തീവ്രവാദ കേന്ദ്രങ്ങളെയാണ് ലക്ഷ്യമിടുന്നതെന്ന് ഇസ്രായേല്‍ പറഞ്ഞു.
ട്രംപിന്റെ ഗാസ സമാധാന കരാറിന്റെ ആദ്യ ഘട്ടത്തില്‍ ഇസ്രായേലും ഹമാസും തമ്മില്‍ ബന്ദി തടവുകാരുടെ കൈമാറ്റത്തിന് ശേഷമാണ് ഗാസയില്‍ അടുത്തിടെ വീണ്ടും ശത്രുത ആരംഭിച്ചത്. മരിച്ച 28 ബന്ദികളില്‍ 20 പേരെയും 12 മൃതദേഹങ്ങളും കരാര്‍ പ്രകാരം, ഹമാസ് വിട്ടയച്ചു. പകരമായി, ഇസ്രായേല്‍ ആയിരക്കണക്കിന് പലസ്തീന്‍ തടവുകാരെയും ഗാസക്കാരെയും തിരികെ നല്‍കിയിരുന്നു.
'വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം പ്രകടം: തെക്കന്‍ ഗാസയില്‍ ഹമാസിനെതിരെ ഇസ്രായേല്‍ പുതിയ ആക്രമണം ആരംഭിച്ചു
