തെക്കന്‍ ഗാസയിലെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഞായറാഴ്ച 45 പേര്‍ കൊല്ലപ്പെട്ടു; ഹമാസിന്റെ തുരങ്കം തകര്‍ത്തു

തെക്കന്‍ ഗാസയിലെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഞായറാഴ്ച 45 പേര്‍ കൊല്ലപ്പെട്ടു; ഹമാസിന്റെ തുരങ്കം തകര്‍ത്തു


ടെല്‍ അവീവ്: ഏതാനും ദിവസം മാത്രം നീണ്ടുനിന്ന ദുര്‍ബലവും താല്‍ക്കാലികവുമായ സമാധാനം തകര്‍ത്തുകൊണ്ട് ഗാസന്‍ നഗരങ്ങളില്‍ വീണ്ടും ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ബോംബ് വര്‍ഷിക്കാനാരംഭിച്ചു. ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു എന്നാരോപിച്ചാണ് തെക്കന്‍ ഗാസയിലെ റഫ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഞായറാഴ്ച പുലര്‍ച്ചെമുതല്‍ ഇസ്രയേല്‍ ശക്തമായ വ്യോമാക്രമണം നടത്തിയത്. ആക്രമണങ്ങളില്‍ ഞായറാഴ്ച മാത്രം 45 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മുമ്പ് 21 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് വന്നിരുന്നു. 

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ഖത്തര്‍, ഈജിപ്ത് തുടങ്ങിയ മധ്യസ്ഥര്‍ ഇടപെട്ട് മാസങ്ങളോളം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഒമ്പതുദിവസം മുമ്പ് ഉണ്ടാക്കിയ സമാധാന കരാറാണ് ഇസ്രയേല്‍ ആക്രമണത്തോടെ അപ്രസക്തമായത്.   

ഭീകരരുടെ കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഇസ്രായേല്‍ പ്രതിരോധ സേനയ്ക്ക് (ഐഡിഎഫ്) താന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഞായറാഴ്ച പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായ വ്യോമാക്രമണം നടന്നത്. 

പ്രധാനമന്ത്രിയുടെ നിര്‍ദേശം ലഭിച്ചതിന് പിന്നാലെ തെക്കന്‍ ഗാസയില്‍ വീണ്ടും വ്യോമാക്രമണം ആരംഭിച്ചതായി ഐഡിഎഫ് അറിയിച്ചു. ഹമാസിന്റെ ആറ് കിലോമീറ്റര്‍ നീളമുള്ള ഒരു തുരങ്കം തകര്‍ത്തതായി  ഐഡിഎഫിനെ ഉദ്ധരിച്ച് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വേ്യാമസേനയുടെ യുദ്ധവിമാനങ്ങളും 120ല്‍ അധികം സ്‌ഫോടകവസ്തുക്കളും ഉപയോഗിച്ചാണ് തുരങ്കം തകര്‍ത്തത്. 

ഹമാസിന്റെ നിരവധി ഭീകര കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്നാണ് ഇസ്രായേല്‍ സൈന്യം പറയുന്നത് തെക്കന്‍ കമാന്‍ഡിന്റെ നേതൃത്വത്തില്‍ വ്യോമസേനയുടെ വിമാനങ്ങളും പീരങ്കികളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി. ആയുധങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലങ്ങള്‍, ഭീകരര്‍ ഉപയോഗിക്കുന്ന സൈനിക അടിസ്ഥാന സൗകര്യങ്ങള്‍, വെടിയുതിര്‍ക്കുന്ന സ്ഥാനങ്ങള്‍, ഭീകരരുടെ സംഘങ്ങള്‍ എന്നിവയെല്ലാം ആക്രമണ ലക്ഷ്യങ്ങളായിരുന്നു. ഹമാസിന്റെ ആറ് കിലോമീറ്റര്‍ നീളമുള്ള ഒരു തുരങ്കം തകര്‍ത്തതായും ഐഡിഎഫ് അറിയിച്ചു. ഈ തുരങ്കം ഇസ്രായേലിനെതിരെ ഭീകര പദ്ധതികള്‍ക്ക് ഹമാസ് ഉപയോഗിച്ചിരുന്നന്നും ഐഡിഎഫ് അവകാശപ്പെടുന്നു.

ഇസ്രായേല്‍ സൈനികര്‍ക്ക് നേരെ തെക്കന്‍ ഗാസയിലെ ഒരു തുരങ്കത്തില്‍ നിന്ന് ഭീകരര്‍ വെടിയുതിര്‍ത്തെന്നും അതിനെ തുടര്‍ന്നാണ് ഐഡിഎഫ് തിരിച്ചടിച്ചതെന്നും 'ദ ടൈംസ് ഓഫ് ഇസ്രായേല്‍' റിപ്പോര്‍ട്ട് ചെയ്തു. ഈ ആക്രമണങ്ങള്‍ക്ക് ശേഷം, ഐഡിഎഫ് വെടിനിര്‍ത്തല്‍ വീണ്ടും നടപ്പാക്കാന്‍ തുടങ്ങിയതായി അറിയിച്ചു. രാഷ്ട്രീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ നടപടി. ഹമാസിന്റെ ലംഘനങ്ങള്‍ക്ക് മറുപടിയായി ശക്തമായ തിരിച്ചടി നല്‍കിയെന്നും, വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കുമെന്നും ലംഘനങ്ങളോട് ശക്തമായി പ്രതികരിക്കുമെന്നും ഐഡിഎഫ് പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്രായേലും ഹമാസും തമ്മില്‍ ഒമ്പത് ദിവസമായി നിലനിന്നിരുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഇരുകൂട്ടരും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. 

ഐഡിഎഫ് ആക്രമണങ്ങളില്‍ ഗാസയില്‍ വലിയ നാശനഷ്ടങ്ങളുണ്ടായി. തീയും പുകയും നിറഞ്ഞ പ്രദേശങ്ങളുടെ ദൃശ്യങ്ങള്‍ ഐഡിഎഫ് പുറത്തുവിട്ടിട്ടുണ്ട്. ഹമാസിന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനാണ് ഈ ആക്രമണങ്ങള്‍ നടത്തിയതെന്ന് ഇസ്രായേല്‍ പറയുന്നുണ്ടെങ്കിലും സാധാരണക്കാരും നിരപരാധികളുമായ നിരവധി പേര്‍ കൊല്ലപ്പെട്ടത് ആശങ്കാജനകമാണ്.