വാഷിംഗ്ടണ്‍: റഷ്യയില്‍ നിന്ന് ഇന്ത്യ ഇനി എണ്ണ വാങ്ങുകയില്ല' എന്ന വാദം മൂന്നാമതും ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇക്കാര്യം താനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഫോണിലൂടെ ചര്‍ച്ചചെയ്‌തെന്നും, മോഡി അക്കാര്യത്തില്‍ ഉറപ്പുനല്‍കിയെന്നുമുള്ള അവകാശവാദം ഇന്ത്യ നിഷേധിച്ചിട്ടും ട്രംപ് അതു തന്നെ ആവര്‍ത്തിക്കുകയാണ്. ഇന്നും (ഒക്ടോബര്‍ 20 തിങ്കള്‍) ട്രംപ് ഇക്കാര്യം എയര്‍ഫോഴ്‌സ് വണ്ണില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മോഡിയുമായി നടത്തിയ ചര്‍ച്ചയെക്കുറിച്ചും അദ്ദേഹം നല്‍കിയ ഉറപ്പിനെക്കുറിച്ചും ട്രംപ് സംസാരിച്ചു.
'ഞാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോഡിയുമായി സംസാരിച്ചു, അദ്ദേഹം ഇനി ഇന്ത്യ റഷ്യന്‍ എണ്ണ കാര്യം ചെയ്യാന്‍ പോകുന്നില്ലെന്ന് പറഞ്ഞു.' അഞ്ച് ദിവസത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് യുഎസ് പ്രസിഡന്റ് ഈ വാദം ഉന്നയിക്കുന്നത്.
റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് താനും മോഡിയും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തിയെന്ന കാര്യം ഇന്ത്യ നിഷേധിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ''അവര്‍ അങ്ങനെ പറയാനാണ് ആഗ്രഹിക്കുന്നതെങ്കില്‍, അവര്‍ വന്‍ തീരുവകള്‍ നല്‍കുന്നത് തുടരുമെന്ന് ട്രംപ് ഭീഷണി മുഴക്കി. അതിനാല്‍ അവര്‍ അങ്ങനെയൊരുകാര്യം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഡോണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഇറക്കുമതികള്‍ക്ക് 50% തീരുവ ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും യുഎസും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന വ്യാപാര ചര്‍ച്ചകള്‍ തുടരുന്നതിനിടയിലാണ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങള്‍. റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കില്‍ അമേരിക്കയുടെ താരിഫുകള്‍ ഇനിയും ഉയര്‍ത്തും എന്ന ഭീഷണി ഇന്ത്യയ്ക്കുമേലുള്ള ട്രംപിന്റെ സമ്മര്‍ദ്ദതന്ത്രമായി കണക്കാക്കുന്നു.
ഓഗസ്റ്റില്‍ പ്രാബല്യത്തില്‍ വന്ന 50% തീരുവകളില്‍ 25%, റഷ്യയുമായുള്ള എണ്ണ വ്യാപാരത്തിന് ഇന്ത്യയ്ക്ക് അധിക പിഴയായി ട്രംപ് പ്രഖ്യാപിച്ചതാണ്. യുക്രെയ്‌നുമായുള്ള യുദ്ധം തുടരുന്നതിനിടെ റഷ്യയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ശ്രമമായും ഈ നീക്കത്തെ കാണുന്നു.
യുദ്ധകാലത്തും അതിനുശേഷവും റഷ്യയുടെ എണ്ണ വില്‍പ്പനയില്‍ ഇന്ത്യ 'വലിയ' ലാഭം നേടിയെന്ന് ട്രംപ് ഭരണകൂടത്തിലെ നിരവധി ഉദ്യോഗസ്ഥര്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിനുശേഷം ഇന്ത്യയുടെ എണ്ണ വാങ്ങലില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടായതായും അവര്‍ അവകാശപ്പെട്ടിരുന്നു.
റഷ്യന്‍ എണ്ണയുടെ കാര്യത്തില്‍ മോഡി തനിക്ക് ഉറപ്പ് നല്‍കിയെന്നാണ് ട്രംപ് ആവര്‍ത്തിച്ച് പറയുന്നത്.
റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ വ്യാപാരത്തെക്കുറിച്ചുള്ള ഡോണാള്‍ഡ് ട്രംപിന്റെ ധീരമായ പരാമര്‍ശം കഴിഞ്ഞയാഴ്ച ആഗോള ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇന്ത്യയുടെ പിന്മാറ്റത്തോടെ റഷ്യയുടെ ഊര്‍ജ്ജ വ്യാപാരം ഉടന്‍ അവസാനിക്കാന്‍ പോവുകയാണ് എന്നായിരുന്നു അദ്ദേഹം അവകാശപ്പെട്ടത്. '...ഇന്ത്യ എണ്ണ വാങ്ങുന്നതില്‍ ഞാന്‍ സന്തുഷ്ടനല്ല. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് അദ്ദേഹം (മോഡി) എനിക്ക് ഉറപ്പ് നല്‍കി. അതൊരു വലിയ ചുവടുവെപ്പാണ്,' എന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
എണ്ണ വ്യാപാരം എങ്ങനെ അവസാനിക്കുമെന്നതിന്റെ ഒരു സമയപരിധി പങ്കുവെച്ചുകൊണ്ടുള്ള മാറ്റം ഉടനടി സംഭവിക്കില്ല, മറിച്ച് 'ചുരുങ്ങിയ സമയത്തിനുള്ളില്‍' അതു സംഭവിക്കുമെന്ന് ട്രംപ് പറഞ്ഞു.
പിന്നീട്, യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായുള്ള ഉഭയകക്ഷി ഉച്ചഭക്ഷണത്തിനിടയിലും, ട്രംപ് വീണ്ടും അവകാശവാദം ആവര്‍ത്തിച്ചു. ' ഇന്ത്യ ഇനി റഷ്യന്‍ എണ്ണ വാങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു.
ട്രംപ്-മോഡി ഫോണ്‍ സംഭാഷണം 'നിഷേധിച്ച് ' ഇന്ത്യ
റഷ്യയുമായുള്ള എണ്ണ വ്യാപാരം ഇന്ത്യ അവസാനിപ്പിക്കുമെന്ന് ഡോണള്‍ഡ് ട്രംപ് ആദ്യം അവകാശപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷം, റഷ്യന്‍ എണ്ണ വാങ്ങുന്നതിനെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തുവന്നിരുന്നു.
'ഇന്ത്യ എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും പ്രധാന ഇറക്കുമതിക്കാരാണ്. രാജ്യത്തെ ഇന്ധന ലഭ്യതയില്‍ സ്ഥിരതയില്ലാത്ത സാഹചര്യത്തില്‍ ഇന്ത്യന്‍ ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്നതിനാണ് ഞങ്ങളുടെ സ്ഥിരമായ മുന്‍ഗണന. പൂര്‍ണ്ണമായും ഈ ലക്ഷ്യത്താല്‍ നയിക്കപ്പെടുന്നതാണ് ഞങ്ങളുടെ ഇറക്കുമതി നയങ്ങള്‍' വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി മോഡിയും ഡോണാള്‍ഡ് ട്രംപും തമ്മില്‍ ഫോണ്‍ സംഭാഷണം നടന്നോ എന്ന് ചോദിച്ചപ്പോള്‍, വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ അത് പൂര്‍ണമായും തള്ളിക്കളയുകയാണുണ്ടായത്. 'ഇരു നേതാക്കളും തമ്മില്‍ സംഭാഷണം നടത്തിയതായി തനിക്കറിയില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങില്ല ; അവകാശവാദം ആവര്‍ത്തിച്ച് ട്രംപ്; 'വാങ്ങിയാല്‍ ഭാരിച്ച തീരുവ ചുമത്തുന്നത് തുടരും'
