ചരക്ക് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി കടലില്‍ വീണ് രണ്ട് പേര്‍ മരിച്ചു

ചരക്ക് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി കടലില്‍ വീണ് രണ്ട് പേര്‍ മരിച്ചു


ഹോങ്കോങ് : റണ്‍വേയില്‍ നിന്ന് തെന്നിമാറിയ ചരക്ക് വിമാനം  കടലില്‍ വീണ് രണ്ട് പേര്‍ മരിച്ചു. ദുബായില്‍ നിന്ന് പുറപ്പെട്ട കാര്‍ഗോ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 3:50 ഓടെയാണ് അപകടം. എസിടി എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് എമിറേറ്റ്‌സ് അറിയിച്ചു.

വിമാനത്തിലുണ്ടായിരുന്ന നാല് ജീവനക്കാരെയും രക്ഷപ്പെടുത്തിയെന്ന് ഹോങ്കോങ് വിമാനത്താവളം പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം റണ്‍വേയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ഗ്രൗണ്ട് വാഹനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ബോയിങ് 747 ചരക്ക് വിമാനം എയര്‍പോര്‍ട്ട് ഭിത്തിക്കരികെ കടലില്‍ ഭാഗികമായി മുങ്ങിക്കിടക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. വിമാനത്തിന്റെ നോസ്, ടെയില്‍ എന്നിവ വേര്‍പെട്ട നിലയിലാണ്.

ലോകത്തിലെ ഏറ്റവും തിരക്കേറിയ കാര്‍ഗോ വിമാനത്താവളമായ ഹോങ്കോങ്ങിലെ വടക്കന്‍ റണ്‍വേ അപകടത്തെത്തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. മറ്റു റണ്‍വേകളില്‍ ഗതാഗതം തുടരും. വിമാനം ഇടിച്ചുവീണെന്ന് സംശയിക്കുന്ന ഗ്രൗണ്ട് വാഹനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ മരണപ്പെട്ടതായി സൗത്ത് ചൈന മോണിങ് പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തത് എന്നാല്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഹോങ്കോങ് സിവില്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചതനുസരിച്ച്, വിമാനം ലാന്‍ഡ് ചെയ്ത ശേഷം വടക്കന്‍ റണ്‍വേയില്‍ നിന്ന് തെന്നി കടലിലേക്ക് പതിക്കുകയായിരുന്നു. 'രണ്ട് ഗ്രൗണ്ട് സ്റ്റാഫുകള്‍ അപകടത്തില്‍പ്പെട്ടു കടലിലേക്ക് വീണു. അവരുടെ നിലയെക്കുറിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല,' ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ പറഞ്ഞു.

ഹോങ്കോംഗില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ E-K9788 എന്ന വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചു. ഈ വിമാനം അഇഠ എയര്‍ലൈന്‍സില്‍ നിന്ന് വാടകക്കെടുത്ത ഒരു ബോയിങ് 747 കാര്‍ഗോ വിമാനമാണ്. 'ജീവനക്കാര്‍ സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്തില്‍ കാര്‍ഗോയൊന്നും ഉണ്ടായിരുന്നില്ല,' എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വ്യക്തമാക്കി.

ഫ്‌ലൈറ്റ് ട്രാക്കിങ് സേവനമായ ഫ്‌ലൈറ്റ്‌റഡാര്‍24 പറയുന്നതനുസരിച്ച്, അപകടത്തില്‍പ്പെട്ട വിമാനത്തിന് 32 വര്‍ഷത്തെ പഴക്കനുണ്ട്. നേരത്തെ ഇത് ഒരു പാസഞ്ചര്‍ വിമാനമായി ഉപയോഗിച്ചിരുന്നു, പിന്നീട് കാര്‍ഗോ വിമാനമായി മാറ്റുകയായിരുന്നു. ഹോങ്കോങ് സിവില്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അപകടം എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അവര്‍ അറിയിച്ചു.