അല്‍ നാസറുണ്ട് റൊണാള്‍ഡോ ഇല്ല; ഇന്ത്യന്‍ ഫുട്ബാള്‍ ആരാധകര്‍ക്ക് നിരാശ

അല്‍ നാസറുണ്ട് റൊണാള്‍ഡോ ഇല്ല; ഇന്ത്യന്‍ ഫുട്ബാള്‍ ആരാധകര്‍ക്ക് നിരാശ


മഡ്ഗാവ്: എ എഫ് സി ചാംപ്യന്‍സ് ലീഗ് 2 എവേ മത്സരത്തിനായി സൗദി അറേബ്യന്‍ ക്ലബ് അല്‍ നാസര്‍ ഇന്ത്യയിലെത്തുമ്പോള്‍ കൂടെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉണ്ടാകില്ലെന്ന് സൂചന. ഗോവയില്‍ അല്‍ നാസറും എഫ് സി ഗോവയും തമ്മിലാണ് മത്സരം. 

സൗദി അറേബ്യന്‍ സ്‌പോര്‍ട്‌സ് പ്രസിദ്ധീകരണമായ അല്‍ റിയാദിയ ആണ് റൊണാള്‍ഡോ ഇന്ത്യയിലേക്കില്ലെന്ന വാര്‍ത്ത പുറത്തുവിട്ടത്. എഫ്സി ഗോവ അധികൃതര്‍ ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചിട്ടും ഇന്ത്യയിലേക്കു യാത്ര തിരിച്ച സംഘത്തില്‍ റൊണാള്‍ഡോ ഉള്‍പ്പെട്ടില്ലെന്നാണ് ഇതില്‍ പറയുന്നത്.

ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയമാണ് മത്സരവേദി. റൊണാള്‍ഡോയെ കാണാന്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് ആരാധകര്‍ ഗോവയിലേക്ക് യാത്ര തിരിക്കാനിരിക്കുമ്പോഴാണ് ഫുട്ബാള്‍ പ്രേമികളെ നിരാശയിലാഴ്്ത്തിയ വെളിപ്പെടുത്തല്‍ പുറത്തുവന്നത്. പലരും ഇതിനകം തന്നെ ഗോവയിലെത്തിയിട്ടുമുണ്ട്. ലയണല്‍ മെസിയുടെ കേരള സന്ദര്‍ശനം അനിശ്ചിതത്വത്തിലായിരിക്കെ റൊണാള്‍ഡോയും വരുന്നില്ലെന്ന വിവരം ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കു കടുത്ത ആഘാതമാണ്.

ഏഷ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ ഏറ്റുമുട്ടുന്ന ടൂര്‍ണമെന്റില്‍ അല്‍ നാസറിന് ഇത് മൂന്നാമത്തെ മത്സരമാണ്. 

എഫ് സി ഗോവയും അല്‍ നാസറും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടപ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയില്‍ കളിക്കാനെത്തുമെന്ന പ്രതീക്ഷ ശക്തമായിരുന്നു. അല്‍ നാസര്‍ നേരത്തെ പ്രഖ്യാപിച്ച സ്‌ക്വാഡില്‍ റൊണാള്‍ഡോയുടെ പേരും ഉള്‍പ്പെട്ടിരുന്നു.

എന്നാല്‍ സൗദി അറേബ്യക്കു പുറത്തു നടക്കുന്ന മത്സരങ്ങളില്‍ ഏതിലൊക്കെ പങ്കെടുക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കുണ്ട്. ക്ലബ്ബുമായി അദ്ദേഹം ഒപ്പുവച്ച കരാറിലെ ഒരു സുപ്രധാന വ്യവസ്ഥയാണിത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലേക്കുള്ള യാത്ര അദ്ദേഹം ഒഴിവാക്കിയതെന്നാണ് വിലയിരുത്തല്‍.

നാല്‍പ്പത് വയസായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിനു വേണ്ടി ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഇപ്പോഴും സജീവമാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പ് കളിക്കാന്‍ ഉദ്ദേശിക്കുന്ന അദ്ദേഹം അധ്വാന ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏതൊക്കെ ക്ലബ് മത്സരങ്ങളില്‍ കളിക്കണമെന്നു തീരുമാനിക്കുന്നത്.

ഗ്രൂപ്പ് ഘട്ടത്തിലെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ക്രിസ്റ്റ്യാനോ അല്‍ നാസറിനു വേണ്ടി കളിച്ചിരുന്നില്ല.