യു എസുമായി പാട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാന കരാര്‍ ഒരുങ്ങുന്നതായി സെലെന്‍സ്‌കി

യു എസുമായി പാട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാന കരാര്‍ ഒരുങ്ങുന്നതായി സെലെന്‍സ്‌കി


കീവ്: അമേരിക്കയുമായി 25 പാട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്കുള്ള കരാര്‍ ഒരുങ്ങുന്നതായി യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി അറിയിച്ചു. റഷ്യയുടെ വ്യോമാക്രമണങ്ങള്‍ നേരിടാന്‍ ഈ സംവിധാനങ്ങള്‍ വലിയ സഹായമാകും എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും ഹംഗറിയില്‍ നടത്തുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ താന്‍ തയ്യാറാണെന്നും സെലെന്‍സ്‌കി പറഞ്ഞു. അമേരിക്കന്‍ ഏജന്‍സികളുമായി സഹകരിച്ച് വ്യോമ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ച് പ്രതിരോധ കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തി. 25 പാട്രിയറ്റ് സംവിധാനങ്ങള്‍ക്കായുള്ള കരാര്‍ ഇപ്പോള്‍ തയ്യാറാക്കുകയാണെന്ന് ട്രംപും അമേരിക്കന്‍ ആയുധ നിര്‍മ്മാതാക്കളുമായും നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വളരെ പോസിറ്റീവ് ആയ കാര്യമാണിതെന്നും  സങ്കീര്‍ണമായതെങ്കിലും ദീര്‍ഘകാല പ്രാധാന്യമുള്ളതാണെന്നും സെലെന്‍സ്‌കി പറഞ്ഞു. തങ്ങള്‍ക്ക് ആവശ്യമായത് ഈ 25 സംവിധാനങ്ങളാണെന്നും എയര്‍ ഫോഴ്സിന്റെയും എയര്‍ ഡിഫന്‍സ് വിഭാഗത്തിന്റെയും നേരിട്ടുള്ള അഭ്യര്‍ഥനയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. 

യുക്രെയ്നിന് ഈ സംവിധാനങ്ങള്‍ അടുത്ത വര്‍ഷങ്ങളില്‍ ഘട്ടം ഘട്ടമായാണ് ലഭിക്കുകയെന്നും സെലെന്‍സ്‌കി വ്യക്തമാക്കി. അമേരിക്കയുടെ തീരുമാനങ്ങളുടെയും ഉത്പാദന സമയക്രമങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും ലഭ്യത. 

രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടെങ്കില്‍ വൈറ്റ് ഹൗസിന് തങ്ങളെ മുന്‍ഗണനാ പട്ടികയില്‍ ഉയര്‍ത്താന്‍ കഴിയുമെന്നും ചില യൂറോപ്യന്‍ നാറ്റോ അംഗരാജ്യങ്ങള്‍ ഡെലിവറി വേഗത്തിലാക്കാന്‍ സഹായിക്കുമെന്നുമാണ് കരുതുന്നതെന്നും സെലെന്‍സ്‌കി അഭിപ്രായപ്പെട്ടു. കൂടാതെ, അമേരിക്കന്‍ സഹകരണത്തോടെ യൂറോപ്പില്‍ സ്ഥിതി ചെയ്യുന്ന അമേരിക്കന്‍ സംവിധാനങ്ങള്‍ യുക്രെയ്നിന് ഉപയോഗിക്കാന്‍ അനുവദിക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.

യൂറോപ്യന്‍ കൂട്ടാളികളില്‍നിന്ന് ടോമഹോക്ക് ദൂരപ്രഹര മിസൈലുകളും യുക്രെയ്നിന് ലഭിക്കാനിടയുണ്ടെന്നും സെലെന്‍സ്‌കി പറഞ്ഞു.  പല യൂറോപ്യന്‍ നേതാക്കളും ഈ ആശയത്തെ പിന്തുണക്കുന്നതായും ട്രംപുമായി നേരിട്ട് ചര്‍ച്ച ചെയ്യാനുള്ള തയ്യാറെടുപ്പ് നടത്തുന്നതായും അദ്ദേഹം അറിയിച്ചു.

യൂറോപ്യന്‍ രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായി തങ്ങള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സംയുക്ത നിലപാട് രൂപപ്പെടുത്തുകയാണെന്നും സെലെന്‍സ്‌കി പറഞ്ഞു.