ട്രംപ് സ്വപ്‌നം കാണട്ടെ; ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ നശിച്ചെന്ന അവകാശവാദം ഖമനേയി തള്ളി

ട്രംപ് സ്വപ്‌നം കാണട്ടെ; ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ നശിച്ചെന്ന അവകാശവാദം ഖമനേയി തള്ളി


തെഹ്‌റാന്‍: ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ നശിപ്പിച്ചെന്ന യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അവകാശവാദം ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ലാ അലി ഖമേനെയി തള്ളി. ജൂണില്‍ നടന്ന ഇസ്രായേല്‍- ഇറാന്‍ യുദ്ധത്തിലാണ് ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകര്‍ത്തതെന്ന് ട്രംപ് പറഞ്ഞത്. എന്നാല്‍ യു എസ് പ്രസിഡന്റിന്റെ അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് ഖമേനെയി പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ സ്വപ്‌നം കണ്ടുകൊണ്ടിരിക്കുകയെന്ന് ട്രംപിനോട് പറഞ്ഞ ഖമേനെയി ഒരു രാജ്യത്തിന് ആണവ വ്യവസായമുണ്ടെങ്കില്‍ അതിനെക്കുറിച്ച് പറയാന്‍ മറ്റൊരു രാഷ്ട്രത്തിന് എന്താണ് അവകാശമെന്നും ചോദിച്ചു.

കഴിഞ്ഞ ആഴ്ച ഇസ്രായേല്‍ നെസറ്റില്‍ നടത്തിയ പ്രസംഗത്തില്‍ ഇറാന്റെ പ്രധാന ആണവകേന്ദ്രങ്ങള്‍ക്കെതിരെ 14 ബോംബുകള്‍ വര്‍ഷിച്ചതായും അവ പൂര്‍ണ്ണമായി നശിപ്പിക്കപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചതായും ട്രംപ് പറഞ്ഞിരുന്നു. 

അമേരിക്കന്‍ ചാനല്‍ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് ഇറാനെ ഇനി മിഡില്‍ ഈസ്റ്റിന്റെ ഭീഷണി എന്ന് വിളിക്കാനാവില്ലെന്നും അവരുടെ ആണവ ശേഷി പൂര്‍ണ്ണമായി തകര്‍ന്നുവെന്നും ആവര്‍ത്തിച്ചു.

വാഷിംഗ്ടണും തെഹ്‌റാനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകളുണ്ടെന്നാണ് ഖമേനെയിയുടെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്.