മുംബൈ: ഷോലെയിലെ പൊലീസ് ഓഫീസറുടെ വേഷത്തിലൂടെ പ്രശസ്തനായ ബോളിവുഡ് താരം ഗോവര്‍ദ്ധന്‍ അസ്രാനി അന്തരിച്ചു. 84 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളുണ്ടായിരുന്നു. മുതിര്‍ന്ന താരത്തിന്റെ ശവസംസ്‌ക്കാരം നടത്തി.
മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് അദ്ദേഹം തന്റെ ആരാധകര്‍ക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ ദീപാവലി ആശംസകള്‍ നേര്‍ന്നിരുന്നു.
സ്വാതന്ത്ര്യത്തിനു മുമ്പ് രാജസ്ഥാനിലെ ജയ്പൂരില്‍ ജനിച്ച അസ്രാനി അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ 350-ലധികം സിനിമകളിലാണ് അഭിനയിച്ചത്.
1967 ല്‍ ഹരേ കാഞ്ച് കി ചൂരിയാന്‍ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച അസ്രാനി 1970കളുടെ തുടക്കത്തില്‍ മേരെ അപ്നെ എന്ന ചിത്രത്തിലൂടെയാണ് പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. ബാവര്‍ച്ചി, അഭിമാന്‍, ചുപ്‌കെ ചുപ്‌കെ തുടങ്ങിയ പ്രശസ്ത ചിത്രങ്ങളില്‍ വേഷമിട്ട അസ്രാനി ഷോലെയ്ക്ക് ശേഷമാണ് താരമായി മാറിയത്. 1975-ല്‍ പുറത്തിറങ്ങിയ രമേശ് സിപ്പിയുടെ ഷോലെയില്‍ ജയിലറുടെ വേഷമാണ് നടന്‍ അവതരിപ്പിച്ചത്. ചെറിയ വേഷമാണെങ്കിലും അസ്രാനിയുടെ പ്രകടനം ശ്രദ്ധേയമായി. ദി ഗ്രേറ്റ് ഡിക്ടേറ്ററിലെ ചാര്‍ളി ചാപ്ലിന്റെ കഥാപാത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ കഥാപാത്രത്തെ സൃഷ്ടിച്ചത്.
ശ്വാസകോശവുമായി ബന്ധപ്പെട്ട രോഗത്തെ തുടര്‍ന്ന്് അസ്രാനിയെ മുംബൈയിലെ ഭാരതീയ ആരോഗ്യ നിധിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ മുംബൈയിലെ സാന്താക്രൂസ് ശ്മശാനത്തിലാണ് അദ്ദേഹത്തിന്റെ അന്ത്യകര്‍മങ്ങള്‍ നടത്തിയത്.
മഞ്ജുവാണ് അസ്രാനിയുടെ ഭാര്യ.