ഇന്ത്യന്‍ സിനിമയക്ക് പുതിയ പാഠം; കുറഞ്ഞ ബജറ്റില്‍ ബോക്‌സോഫീസ് ഹിറ്റുകള്‍

ഇന്ത്യന്‍ സിനിമയക്ക് പുതിയ പാഠം; കുറഞ്ഞ ബജറ്റില്‍ ബോക്‌സോഫീസ് ഹിറ്റുകള്‍


റിലീസിന് രണ്ടു മാസം മുമ്പ് യാഷ് രാജ് ഫിലിംസിന്റെ ആദിത്യ ചോപ്ര പുതുമുഖങ്ങളായ ആഹാന്‍ പാണ്ഡേയും അനീത് പദ്ദയും അഭിനയിച്ച സയ്യാരയുടെ റഫ് കട്ട് കണ്ടു. ചിത്രം നൂറു കോടി കടക്കുമെന്നാണ് അദ്ദേഹം ആത്മവിശ്വാസത്തോടെ പറഞ്ഞത്. 

തിയേറ്ററുകളിലേക്കുള്ള പ്രേക്ഷകരുടെ മടുപ്പും ബോക്സ് ഓഫീസ് തളര്‍ച്ചയും അനുഭവപ്പെടുന്ന കാലത്ത് അമിത ശുഭപ്രതീക്ഷയാണ് ആ പറഞ്ഞതെന്നാണ് സയ്യാരയുടെ സംവിധായകന്‍ മോഹിത് സൂറിക്ക് തോന്നിയത്. എന്നാല്‍, സിനിമ റിലീസ് ചെയ്തതോടെ ചോപ്രഥ്യമായി. 

ജൂലൈ 18-ന് റിലീസ് ചെയ്ത സയ്യാരയുടെ ബജറ്റ്  45 കോടി രൂപയ്ക്കായിരുന്നു. എന്നാല്‍ സിനിമ ലോകമെമ്പാടും 570 കോടി രൂപയുടെ കളക്ഷനാണ് നേടിയത്. ഇന്ത്യയില്‍ മാത്രം 329 കോടി രൂപയായിരുന്നു നേട്ടം. ആദ്യ ദിനത്തില്‍ 28.75 കോടി രൂപയും ആദ്യ വാരാന്ത്യത്തില്‍ 89 കോടി രൂപയുമാണ് നേടിയത്. 

പുതുമുഖ താരങ്ങള്‍ വേഷമിട്ട സിനിമയായിട്ടു പോലും വന്‍ വിജയം നേടിയതോടെ സയ്യാര ഇന്ത്യന്‍ ചലച്ചിത്രലോകത്തിന് ഒരു പുതിയ സൂചനയായി.

'സയ്യാര' മാത്രമല്ല, മുന്ജ്യാ, ലാപാതാ ലേഡീസ്, ഹനുമാന്‍, മാഡ്ഗാവോണ്‍ എക്‌സ്പ്രസ്, മഞ്ഞുമ്മല്‍ ബോയ്‌സ്, ശ്രികാന്ത്, ലോക്: ചാപ്റ്റര്‍ 1  ചന്ദ്ര, മഹാവതാര്‍ നരസിംഹ, ലിറ്റില്‍ ഹാര്‍ട്‌സ്, സു ഫ്രം സോ തുടങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം ബജറ്റ് കുറവായിരുന്നിട്ടും വമ്പന്‍ വിജയകഥകളാണ് രചിച്ചത്. 

മഹാരാഷ്ട്രന്‍ പാരമ്പര്യത്തെ ആധാരമാക്കിയ ഭയാനക- ഹാസ്യചിത്രം 'മുന്ജ്യാ' 35 കോടി രൂപയായിരുന്നു മുതല്‍മുടക്ക്. ലോകവ്യാപകമായി നേടിയത് 132 കോടി രൂപയായിരുന്നു. ഈ സിനിമയുടെ സംവിധായകന്‍ ആദിത്യ സര്‍പോട്കറിന്റെ അഭിപ്രായത്തില്‍ ബോക്സ് ഓഫീസ് നമ്പറുകള്‍ മുന്‍കൂട്ടി പറയാനാവില്ലെന്നും എന്നാല്‍ ഇത്തരം സിനിമകളില്‍ വിശ്വാസം പ്രകടിപ്പിച്ച് അവയെ തീയറ്ററുകളിലേക്കു കൊണ്ടുപോകുന്ന പ്രൊഡ്യൂസര്‍മാരുടെ ധൈര്യമാണ് പരിഗണിക്കപ്പെടേണ്ടതെന്നാണ്. 

ചെറു സിനിമകള്‍ക്ക് വലിയ പ്രചാരണവും മാര്‍ക്കറ്റിംഗും ആവശ്യമാണെങ്കിലും പ്രേക്ഷകര്‍ക്ക് അപ്രതീക്ഷിതമായി കിട്ടുന്ന 'സന്തോഷം' തന്നെയാണ് ഇവയുടെ വിജയരഹസ്യം. 

ബോക്‌സ് ഓഫിസ് കളക്ഷനേക്കാള്‍ തനിക്ക് പ്രധാനമായി തോന്നിയത് പ്രേക്ഷകരുടെ ഹൃദയത്തിലെ പ്രതികരണമാണെന്നാണ് 'സയ്യാര'യുടെ സംവിധായകന്‍ മോഹിത് സൂറി പറയുന്നത്. സിനിമലോകം സീക്വലുകള്‍ക്കും ആക്ഷന്‍ ബ്ലോക്ക്ബസ്റ്ററുകള്‍ക്കും പിന്നാലെ പായുമ്പോള്‍ താനൊരു ലളിതമായ പ്രണയകഥയിലേക്കാണ് തിരിച്ചുപോയതെന്നും അദ്ദേഹം പറയുന്നു. 

ലാപതാ ലേഡീസിന്റെ തിരക്കഥയും സംഭാഷണവും എഴുതിയ സ്‌നേഹ ദേശായിയുടെ അഭിപ്രായത്തില്‍ സിനിമയുടെ വിജയം സത്യസന്ധതയിലും നാട്ടിന്‍പുറത്തിന്റെ ആത്മാവിലുമാണ്. സിനിമ ആദ്യമുണ്ടാകുന്നത് കടലാസിലാണെന്നും ചിത്രത്തിന്റെ ഏറ്റവും വലിയ മൂല്യം അതിന്റെ കഥയാണെന്നും അവര്‍ വ്യക്തമാക്കി. 

കേവലം ഏഴു കോടി രൂപ ബജറ്റില്‍ നിര്‍മിച്ച തമിഴ് ചിത്രം ടൂറിസ്റ്റ് ഫാമിലി ലോകവ്യാപകമായി നേടിയത് 90 കോടി രൂപയാണ്. ശ്രീലങ്കന്‍ സാമ്പത്തിക പ്രതിസന്ധിക്കുശേഷം നല്ലൊരു ഭാവി തേടി ഇന്ത്യയിലേക്കെത്തുന്ന ഒരു കുടുംബത്തിന്റെ കഥ പറഞ്ഞ ഈ സിനിമ ശുദ്ധമായ മാനുഷികതയുടെ പ്രതീകമായാണ് അവതരിപ്പിക്കപ്പെട്ടത്. 

ഇന്ത്യന്‍ സിനിമലോകം ഒരുകാലത്ത് 'സ്റ്റാര്‍ പവര്‍' മന്ത്രത്തിലായിരുന്നു വിശ്വസിച്ചിരുന്നത്. ഒരു സൂപ്പര്‍സ്റ്റാറിന്റെ മുഖം പോസ്റ്ററിലുണ്ടെങ്കില്‍ ബോക്സ് ഓഫീസ് വിജയം ഉറപ്പെന്നായിരുന്നു വിശ്വാസം.

എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചെറുബജറ്റിലെ മികച്ച സിനിമകള്‍ ആ ചിന്താഗതിയെ വെല്ലുവിളിച്ചിരിക്കുകയാണ്. 

സാമൂഹ്യ മാധ്യമങ്ങളും ഓ ടി ടിയും പ്രേക്ഷകര്‍ക്കു ലഭ്യമാക്കിയ അനവധി കണ്ടന്റുകള്‍ അവരുടെ രുചിയും പ്രതീക്ഷയും മാറ്റി. ഒരു സിനിമയ്ക്ക് പ്രേക്ഷകര്‍ വിലയിടുന്നത് താരമൂല്യത്തിനു പകരം അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ്. 

300 കോടി രൂപയിലേറെ ചെലവഴിച്ച ചില ഹിന്ദി സിനിമകള്‍ കഴിഞ്ഞ വര്‍ഷം ബോക്സ് ഓഫീസില്‍ പൊടിപോലും കണ്ടില്ല. താരങ്ങള്‍ നിറഞ്ഞ സിനിമകള്‍, ആഡംബര സജ്ജീകരണങ്ങള്‍, വിദേശ ലൊക്കേഷനുകള്‍ തുടങ്ങി എല്ലാം ഉണ്ടായിട്ടും പ്രേക്ഷകര്‍ക്ക് 'ഹൃദയത്തില്‍ തൊടുന്ന അനുഭവമാണ്' നഷ്ടമായിത്. 

അതേ സമയത്താണ് ലാപതാ ലേഡീസ് പോലുള്ള ചെറു സിനിമകള്‍ തിയേറ്ററുകളില്‍ പ്രേക്ഷകനെ കരയിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നത്. ഇതെല്ലാം ചേര്‍ന്നാണ് ഇന്ത്യന്‍ സിനിമ ഒരു പുതിയ മിനിമലിസം കാലത്തിലേക്ക് പ്രവേശിക്കുന്നത്.

സിനിമകള്‍ ഇപ്പോള്‍ മനുഷ്യരുടെ കഥകള്‍ പറയുന്നതിനാല്‍ പ്രേക്ഷകര്‍ തങ്ങളെ തന്നെ കണ്ടെടുക്കുന്നു എന്നതാണ് ചെറു സിനിമകളുടെ വലിയ ശക്തിയെന്ന് ചലച്ചിത്ര വിശകലന വിദഗ്ധന്‍  നിഖില്‍ തിവാരി അഭിപ്രായപ്പെടുന്നു.

ഒ ടി ടി കാലഘട്ടത്തില്‍ പ്രേക്ഷകര്‍ ലോകസിനിമകള്‍ കാണാന്‍ തുടങ്ങിയതോടെ അവര്‍ക്ക് പുതിയ ലോകമാണ് തുറന്നുകിട്ടയത്. വലിയ ബജറ്റില്ലാതെയും മികച്ച കഥ പറയാനാവുമെന്ന് കൊറിയന്‍, സ്പാനിഷ്, ഇറാനിയന്‍ സിനിമകള്‍ പഠിപ്പിച്ചു. അതുകൊണ്ടാണ് ഒരു ചെറിയ ഗ്രാമത്തില്‍ നടക്കുന്ന പ്രണയകഥയോ ഒരു വീട്ടമ്മയുടെ സ്വപ്‌നം പറയുന്ന സിനിമയോ ആഗോള പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നത്.

മലയാള സിനിമയും ഈ നിരയില്‍ മുമ്പിലുണ്ട്. മഞ്ഞുമ്മല്‍ ബോയ്‌സ്, ലോക: ചാപ്റ്റര്‍ 1 ചന്ദ്ര തുടങ്ങിയവയെല്ലാം വെറും സിനിമകളല്ല, ജീവിതം തൊടുന്ന അനുഭവങ്ങളാണ്.

'സയ്യാര' പോലുള്ള ചിത്രങ്ങള്‍ 'നവതരംഗം' പുനര്‍ജനിപ്പിക്കുകയാണ് ചെയ്യുന്നത്. അതിശക്തമായ ആശയവും ഉള്ളടക്കവുമായി രംഗത്ത് വന്നിരിക്കുന്നത് പുതുമുഖ താരങ്ങളും യുവ സംവിധായകരും അണിയറ പ്രവര്‍ത്തകരുമൊക്കെയാണ്.

പുതിയ സിനിമകളുടെ മികച്ച നേട്ടങ്ങളില്‍ നിന്നും ബോളിവുഡ് പഠിച്ച വലിയ പാഠം 

ചെലവുകുറഞ്ഞ കഥകളും ആഴമുള്ള വികാരങ്ങളുമാണ് ബോക്സ് ഓഫീസ് വിജയത്തിനുള്ള ഏറ്റവും ഉറച്ച അടിസ്ഥാനമെന്നാണ്. ചെറു ചിത്രങ്ങള്‍ നേടിയ വന്‍ വിജയങ്ങള്‍ നിര്‍മാതാക്കളെ പുതിയ ചിന്തയിലേക്ക് നയിക്കുന്നുണ്ട്. 

ഇന്ന് പ്രേക്ഷകര്‍ ചെലവു നോക്കിയല്ല സിനിമ കാണുന്നതെന്നും അവര്‍ 'സത്യസന്ധത'യാണ് നോക്കുന്നതെന്നും ചിത്രനിര്‍മ്മാതാവ് അമിതാഭ് ഭട്ടാചാര്യ പറഞ്ഞു. പ്രേക്ഷകന് കഥയുടെ ഉള്ളില്‍ സ്വന്തം ജീവിതം കാണുമ്പോഴാണ് അവര്‍ അതിനെ വിജയിപ്പിക്കുന്നത്.

സിനിമ വലിയ വിപണിയായി മാറിയതോടെയാണ് അതിന് ചില സമയങ്ങളില്‍ കലാത്മകതയും ആത്മാര്‍ഥതയും നഷ്ടമായത്. പക്ഷേ ചെറു സിനിമകളുടെ ഈ നവയുഗം വീണ്ടും ആ സിനിമാറ്റിക് മൂല്യങ്ങളിലേക്കുള്ള തിരിച്ചുപോക്കാണ് അടയാളപ്പെടുത്തുന്നത്. 

'സയ്യാര'യില്‍ പ്രണയം പഴയകാല ശൈലിയിലാണ് പാടുന്നതെങ്കിലും അതില്‍ യുവജനങ്ങളുടെ ഭാവവും ഭാഷയുമാണ് നിറഞ്ഞിരിക്കുന്നത്. 

ലാപതാ ലേഡീസ് ഗ്രാമീണ സ്ത്രീകളുടെ കഥ പറഞ്ഞിട്ടും അതിന്റെ ഹാസ്യവും ഹൃദയവും സര്‍വജനീയമാണ്.

'മുന്ജ്യാ' ഭയവും രസവുമൊന്നിച്ച് പ്രേക്ഷകനെ പിടിച്ചിരുത്തുന്നു. ഈ സിനിമകളെല്ലാം ചെറിയ ബജറ്റിലാണെങ്കിലും കാഴ്ചപ്പാട് വലുതാണ്. 

വലിയ ബാനറുകളിലെ നിര്‍മാതാക്കള്‍ക്കും ഇപ്പോള്‍ ഈ മാറ്റം മനസ്സിലായിട്ടുണ്ട്. യാഷ് രാജ് ഫിലിംസ്, മാഡോക്ക് ഫിലിംസ്, ധര്‍മ പ്രൊഡക്ഷന്‍സ് തുടങ്ങിയവരെല്ലാം ഇപ്പോള്‍ ''കണ്ടന്റ് ഡ്രിവന്‍ സിനിമകളില്‍'' ആണ് നിക്ഷേപം നടത്തുന്നത്.

പുതിയ തലമുറ പ്രേക്ഷകര്‍ക്ക് സിനിമകള്‍ വെറും വിനോദമല്ല; അത് അവരുടെ ജീവിതത്തിന്റെ പ്രതിഫലനം ആണ്. ഈ സിനിമ എന്റെ ഹൃദയവുമായി സംസാരിക്കുമോ? എന്ന ചോദ്യത്തിന് ഉത്തരം കിട്ടുകയാണെങ്കില്‍ യുവ സമൂഹം തിയേറ്ററിലേക്കു പോവുകയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രശംസ ചൊരിയുകയും ലോകത്തെ അത് കാണാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. ഇന്നത്തെ ഇന്ത്യന്‍ സിനിമാ വിപണിക്ക് ഇതാണ് വലിയ പ്രതീക്ഷ . 

2000കളില്‍ 'ഇന്‍ഡിപെന്‍ഡന്റ് സിനിമാ വേവ്' വന്നതുപോലെ, ഇപ്പോള്‍ 'സ്മാര്‍ട്ട് സിനിമയുടെ വിപ്ലവം' ആരംഭിച്ചിരിക്കുകയാണ്. ചെറു ബജറ്റും ശക്തമായ ആശയവുമാണ് ഇന്നത്തെ സിനിമയുടെ രഹസ്യക്കൂട്ട്. 

ചെറുസിനിമകളുടെ ഈ വിജയം ഇന്ത്യന്‍ സിനിമയെ പുതുവഴിയിലേക്കാണ് നയിക്കുന്നത്.

താരങ്ങളുടേയും മിന്നിമിനുങ്ങലിന്റേയും പിന്നില്‍ നിന്നു ഇപ്പോള്‍ മുഖ്യവേദിയിലേക്കു കയറുന്നത് കഥയുടെ ശബ്ദമാണ്. അതാണ് 'സയ്യാര'യുടെ യഥാര്‍ഥ വിപ്ലവം. ഒരു സിനിമയല്ല, ഒരു കാലഘട്ടത്തിന്റെ മാറ്റത്തിന്റെ പ്രഖ്യാപനമാണിത്.