നിജ്ജാര്‍ വിദേശ ഭീകരനന്ന മാക്‌സിം ബെര്‍ണിയര്‍

നിജ്ജാര്‍ വിദേശ ഭീകരനന്ന മാക്‌സിം ബെര്‍ണിയര്‍


ഒട്ടാവ: ഇന്ത്യയുമായുള്ള നയതന്ത്ര തര്‍ക്കം പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തന്റെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കും മറ്റ് പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനും ഉപയോഗിക്കുന്നതായി കാനഡയിലെ ഉന്നത പ്രതിപക്ഷ നേതാവിന്റെ ആരോപണം. ഇന്ത്യന്‍ സര്‍ക്കാരിനും നയതന്ത്രജ്ഞര്‍ക്കും എതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെങ്കിലും ട്രൂഡോ സര്‍ക്കാര്‍ ഇതുവരെ തെളിവുകളൊന്നും നല്‍കിയില്ലെന്നും അതില്‍ പരാജയപ്പെട്ടുവെന്നും പീപ്പിള്‍സ് പാര്‍ട്ടി ഓഫ് കാനഡയെ നയിക്കുന്ന മാക്‌സിം ബെര്‍ണിയര്‍ പറഞ്ഞു.

ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ തങ്ങളുടെ പ്രദേശത്ത് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുവെന്ന ആര്‍സിഎംപിയും ലിബറല്‍ ഗവണ്‍മെന്റും ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിയാണെങ്കില്‍ അത് വളരെ ഗൗരവമുള്ളതും കൈകാര്യം ചെയ്യേണ്ടതുമാണ്. എന്നാല്‍ അക്കാര്യത്തില്‍  ഇതുവരെ തെളിവുകള്‍ നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റ് വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ട്രൂഡോ ഈ പ്രതിസന്ധിയെ ഉപയോഗിക്കുന്നതെന്നും മാക്സിം ബെര്‍ണിയര്‍ എക്സിലെ പോസ്റ്റില്‍ എഴുതി.

കഴിഞ്ഞ വര്‍ഷം കനേഡിയന്‍ മണ്ണില്‍ വെച്ച് കൊല്ലപ്പെട്ട ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കനേഡിയന്‍ പൗരനാണെന്ന വാദവും ബെര്‍ണിയര്‍ തള്ളിക്കളഞ്ഞത് ശ്രദ്ധേയമാണ്. നിജ്ജാര്‍ ഒരു വിദേശ ഭീകരനാണെന്നും അദ്ദേഹത്തെ ഇന്ത്യയിലേക്ക് നാടുകടത്തേണ്ടതായിരുന്നുവെന്നും ബെര്‍നിയര്‍ പറഞ്ഞു.

ഈ വിവാദത്തിലെ കേന്ദ്ര വ്യക്തി കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട ഖാലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കനേഡിയന്‍ ആയിരുന്നുവെന്ന മിഥ്യാധാരണയെങ്കിലും തള്ളിക്കളയണമെന്നും 1997 മുതല്‍ നിരവധി തവണ കാനഡയില്‍ അഭയം തേടാന്‍ വ്യാജരേഖകള്‍ ഉപയോഗിച്ച വിദേശ ഭീകരനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ അവകാശവാദങ്ങള്‍ നിരസിച്ചിരുന്നെങ്കിലും ഈ രാജ്യത്ത് തുടരാന്‍ അനുമതി ലഭിക്കുകയായിരുന്നു. 2007ലാണ് പൗരത്വം ലഭിച്ചതെന്നും മാക്‌സിം ബെര്‍ണിയര്‍ കൂട്ടിച്ചേര്‍ത്തു.

നിജ്ജാറിന്റെ പൗരത്വം മരണാനന്തരം റദ്ദാക്കാനും ഭരണപരമായ പിഴവ് തിരുത്താനും പീപ്പിള്‍സ് പാര്‍ട്ടി ഓഫ് കാനഡ നേതാവ് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

നിജ്ജാര്‍ ഒരു കനേഡിയന്‍ ആയിരുന്നില്ല. ഈ ഭരണപരമായ പിഴവ് തിരുത്താന്‍ ഒരുപക്ഷേ മരണാനന്തരം നാം അദ്ദേഹത്തിന്റെ പൗരത്വം എടുത്തുകളയണം. ഇപ്പോള്‍ കാനഡയിലുള്ള ലക്ഷക്കണക്കിന് വ്യാജ അഭയാര്‍ഥികളെപ്പോലെ, ആദ്യത്തെ വ്യാജ അഭയാഭ്യര്‍ഥനയ്ക്ക് ശേഷം അദ്ദേഹത്തെ നാടുകടത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പതിറ്റാണ്ടുകളായി കാനഡ ഈ വിദേശികളെയും അവരുടെ ഗോത്രവര്‍ഗ സംഘട്ടനങ്ങളെയും നമ്മുടെ രാജ്യത്തേക്ക് മനപ്പൂര്‍വ്വം ക്ഷണിച്ചതുകൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നതെന്നും ഈ വലിയ തെറ്റ് തിരിച്ചറിയുകയും വളര്‍ന്നുവരുന്ന ഒരു ലോകശക്തിയുമായുള്ള നമ്മുടെ ബന്ധത്തെ അപകടപ്പെടുത്തുന്നതിന് പകരം പരിഹാരങ്ങള്‍ കണ്ടെത്താന്‍ ഇന്ത്യാ ഗവണ്‍മെന്റുമായി പ്രവര്‍ത്തിക്കുകയും വേണമെന്നും പീപ്പിള്‍സ് പാര്‍ട്ടി ഓഫ് കാനഡ നേതാവ് കൂട്ടിച്ചേര്‍ത്തു.

നിജ്ജാറിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഇന്ത്യന്‍ സര്‍ക്കാരുകളുടെ ഏജന്റുമാരാണെന്ന അദ്ദേഹത്തിന്റെ ആരോപണത്തെത്തുടര്‍ന്ന് നേരത്തെ പ്രധാനമന്ത്രി ട്രൂഡോ ഇന്ത്യന്‍ സര്‍ക്കാര്‍ തന്നെ വ്യക്തിപരമായും കാനഡ സര്‍ക്കാരിന്റെ സമഗ്രതയെയും ആക്രമിക്കുകയാണെന്ന് ആരോപിച്ചിരുന്നു.

പൊതു സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുടെ ഏജന്റുമാരുടെ പങ്കാളിത്തത്തിന്റെ 'വ്യക്തവും നിര്‍ബന്ധിതവുമായ തെളിവുകള്‍' സംബന്ധിച്ച് അദ്ദേഹം ശക്തമായ ആശങ്ക പ്രകടിപ്പിച്ചു.

നിജ്ജാര്‍ വിദേശ ഭീകരനന്ന മാക്‌സിം ബെര്‍ണിയര്‍