പാലക്കാട് സരിന്‍ തന്നെ ഇടതു സ്ഥാനാര്‍ത്ഥി; സിപിഎം ഓഫീസില്‍ ഉജ്ജ്വല സ്വീകരണം

പാലക്കാട് സരിന്‍ തന്നെ ഇടതു സ്ഥാനാര്‍ത്ഥി; സിപിഎം ഓഫീസില്‍ ഉജ്ജ്വല സ്വീകരണം


പാലക്കാട്: സ്ഥാനാര്‍ത്ഥിത്വത്തില്‍ അന്തിമ തീരുമാനമായതോടെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തി പി സരിന്‍. വന്‍ സ്വീകരണമാണ് സരിന് സിപിഐഎം നല്‍കിയത്. മുതിര്‍ന്ന നേതാക്കളും യുവജനനേതാക്കളും ഓഫീസിലെത്തി സരിന് അഭിവാദ്യം അര്‍പ്പിച്ചു.

ഓട്ടോയിലാണ് സരിന്‍ ഡിസിയിലേക്ക് എത്തിയത്. ചുവന്ന ഷാള്‍ അണിയിച്ച് ഇന്‍ക്വിലാണ് വിളിച്ച് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവാണ് സരിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.

രാഷ്ട്രീയ അനാഥത്വം നേരിടേണ്ട വ്യക്തിയല്ല താന്‍ എന്ന് സരിന്‍ പ്രതികരിച്ചു. ക്യത്യമായ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ആണ് സിപിഐഎമ്മില്‍ ചേര്‍ന്നത്. സ്ഥാനാര്‍ത്ഥി ആരായാലും ഇടതുപക്ഷത്തിനൊപ്പമുണ്ടാവും. ഉത്തരവാദിത്തത്തോടെ ചുമതല നിര്‍വ്വഹിക്കും എന്നും സരിന്‍ പറഞ്ഞു.

പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സരിനായിരിക്കും ജനവിധി തേടുക. സരിന്റെ പേര് ജില്ലാ സെക്രട്ടറിയേറ്റ് ഐക്യകണ്ഠേന നിര്‍ദേശിക്കുകയായിരുന്നു. സിപിഐഎം സ്വതന്ത്രനായിട്ടായിരിക്കും വോട്ട് തേടുകയെന്നാണ് വിവരം. ഔദ്യോഗിക പ്രഖ്യാപനം വൈകിട്ടുണ്ടാവും.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സരിന്‍ തന്നെയാവും മികച്ച സ്ഥാനാര്‍ത്ഥി എന്ന വിലയിരുത്തലിലാണ് പാര്‍ട്ടി. പാര്‍ട്ടി ചിഹ്നത്തില്‍ സരിനെ മത്സരിപ്പിക്കണമെന്നാണ് സെക്രട്ടറിയേറ്റ് അഭിപ്രായം. സംസ്ഥാന സമിതിയാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. സിപിഐഎം ചിഹ്നത്തില്‍ മത്സരിക്കുന്നതില്‍ മടിയില്ലെന്ന് സരിന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.