ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാനുള്ള ഓണ്‍ലൈന്‍ പഠനം ഭൂരിഭാഗം വിദ്യാര്‍ഥികള്‍ സ്വീകരിച്ചില്ലെന്ന് കണക്ക്

ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാനുള്ള ഓണ്‍ലൈന്‍ പഠനം ഭൂരിഭാഗം വിദ്യാര്‍ഥികള്‍ സ്വീകരിച്ചില്ലെന്ന് കണക്ക്


ടൊറന്റോ: ഒന്റാറിയോ പ്രവിശ്യയില്‍ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കുന്നതിന്  നിര്‍ബന്ധമാക്കിയിരുന്ന ഇ-ലേണിങ് (ഓണ്‍ലൈന്‍ പഠനം) ക്രെഡിറ്റ് പദ്ധതി വിദ്യാര്‍ഥികളില്‍ നിന്ന് വലിയ പിന്തുണ നേടാനായില്ലെന്ന് പുതിയ കണക്കുകള്‍. 2024-ല്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും ഈ നിര്‍ബന്ധിത ഓണ്‍ലൈന്‍ പഠന നിബന്ധന പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

2023-24 അധ്യയന വര്‍ഷത്തില്‍ ബിരുദം നേടിയ വിദ്യാര്‍ഥികളാണ് ഈ നിബന്ധനയ്ക്ക് വിധേയരായ ആദ്യ ബാച്ച്. 2020 മുതല്‍ പ്രാബല്യത്തില്‍ വന്ന നിയമപ്രകാരം ഹൈസ്‌കൂള്‍ ബിരുദം നേടാന്‍ വിദ്യാര്‍ഥികള്‍ രണ്ട് ഇ-ലേണിങ് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

ലഭ്യമായ കണക്കുകള്‍ പ്രകാരം 2023-24 ബാച്ചിലെ 1.04 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഈ നിബന്ധനയില്‍ നിന്ന് ഒഴിവാകുകയോ സ്വമേധയാ പിന്മാറുകയോ ചെയ്തു. അതേസമയം, ഏകദേശം 46,000 വിദ്യാര്‍ഥികള്‍ മാത്രമാണ് ഓണ്‍ലൈന്‍ പഠന ക്രെഡിറ്റുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.

18 വയസ്സ് തികഞ്ഞ വിദ്യാര്‍ഥികള്‍ക്കോ രക്ഷിതാക്കളുടെ അനുമതിയോടെ പഠിക്കുന്നവര്‍ക്കോ ഈ നിബന്ധനയില്‍ നിന്ന് ഒഴിവാകാനുള്ള അവസരം സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

വിഷയം കഴിഞ്ഞ ആഴ്ച ഒന്റാറിയോ നിയമസഭയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെ്ചു. ലിബറല്‍ പാര്‍ട്ടി എം പി പി റോബ് സെര്‍ജാനക് വിദ്യാഭ്യാസ മന്ത്രി കലാന്‍ഡ്രയോട് കണക്കുകള്‍ ചൂണ്ടിക്കാട്ടി വിശദീകരണം തേടി.

വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഈ സംവിധാനം വേണ്ടെന്നതാണ് കണക്കുകള്‍ തെളിയിക്കുന്നതെന്നും പഠനത്തിന് ഏറ്റവും അനുയോജ്യമായ മാര്‍ഗം ഇതല്ലെന്ന് അധ്യാപകരും കരുതുന്നുവെന്നും സെര്‍ജാനെക് പറഞ്ഞു.

ഭാവി തലമുറകളുടെ വിദ്യാഭ്യാസ ചെലവ് കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ ഡിജിറ്റല്‍ പഠനത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ഓണ്‍ലൈന്‍ പഠനത്തിലൂടെ നിരവധി വിദ്യാര്‍ഥികള്‍ക്ക് മുമ്പ് ലഭിക്കാത്ത വിഷയങ്ങള്‍ പഠിക്കാനുള്ള അവസരം ലഭിക്കുന്നുണ്ടെന്ന് മന്ത്രി പോള്‍ കലാന്‍ഡ്ര പ്രതികരിച്ചു.

വടക്കന്‍ മേഖലകളിലെ വിദ്യാര്‍ഥികള്‍ക്ക് അവരുടെ സ്‌കൂളുകളില്‍ ലഭ്യമല്ലാത്ത കോഴ്‌സുകള്‍ പഠിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ പഠനം നിര്‍ബന്ധമാക്കുക എന്നതല്ല, വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുപ്പിനുള്ള അവസരം നല്‍കുകയാണ് ലക്ഷ്യമെന്നും മന്ത്രി വിശദീകരിച്ചു.

2024-25 അധ്യയന വര്‍ഷത്തിലെ ഓണ്‍ലൈന്‍ കോഴ്‌സ് പ്രവേശന വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ ബിരുദത്തിന് ആവശ്യമായ നിര്‍ബന്ധിത വിഷയങ്ങളിലേക്കും സര്‍വകലാശാല പ്രവേശനത്തിന് സഹായകരമായ ഐച്ഛിക വിഷയങ്ങളിലേക്കുമാണ് വിദ്യാര്‍ഥികള്‍ കൂടുതല്‍ താത്പര്യം കാണിച്ചതെന്ന് കണ്ടെത്തി.

2024-25 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന ഓണ്‍ലൈന്‍ കോഴ്‌സ് 'സിവിക്‌സ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്' ആയിരുന്നു. ഏകദേശം 23,000 വിദ്യാര്‍ഥികളാണ് ഈ നിര്‍ബന്ധിത വിഷയത്തില്‍ ചേര്‍ന്നത്. ഇംഗ്ലീഷ്, ഗണിതം, ബയോളജി, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങള്‍ക്കും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ഓണ്‍ലൈന്‍ പഠന രംഗത്ത് ഗവേഷണം നടത്തുന്ന ബെയ്ഹാന്‍ ഫര്‍ഹാദിയുടെ അഭിപ്രായത്തില്‍ ഈ കണക്കുകള്‍ സര്‍ക്കാര്‍ നയത്തിന്റെ പരാജയമാണ് കാണിക്കുന്നത്.

ഓണ്‍ലൈന്‍ പഠനം ഒരു നയപരമായ പരീക്ഷണമായിരുന്നുവെന്നും അത് വിജയിച്ചില്ലെന്നതാണ് ഈ കണക്കുകള്‍ നല്‍കുന്ന പ്രധാന പാഠമെന്നും ഫര്‍ഹാദി പറഞ്ഞു.

ഈ പദ്ധതി ആദ്യമായി അവതരിപ്പിച്ചപ്പോള്‍ തന്നെ പൊതുജനങ്ങള്‍, സ്‌കൂള്‍ ബോര്‍ഡുകള്‍, അധ്യാപക സംഘടനകള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ വ്യാപകമായി എതിര്‍ത്തിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ലഭ്യമായ തിരഞ്ഞെടുപ്പുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയാല്‍ അവര്‍ ഓണ്‍ലൈന്‍ പഠനം തിരഞ്ഞെടുക്കുന്നില്ലെന്നാണ് കാണുന്നതെന്ന് ഫര്‍ഹാദി കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള നിര്‍ബന്ധിത ഇ-ലേണിങ് ക്രെഡിറ്റ് സംവിധാനം അവസാനിപ്പിച്ച് ഓണ്‍ലൈന്‍ പഠനത്തെ ഐച്ഛിക സംവിധാനമാക്കണമെന്ന ആവശ്യം ഉയര്‍ത്തി ലിബറല്‍ പാര്‍ട്ടി ഇടക്കാല നേതാവ് ജോണ്‍ ഫ്രേസര്‍ നിയമസഭയില്‍ സ്വകാര്യ പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്. പ്രമേയം ഉടന്‍ വോട്ടെടുപ്പിന് വരും.