ഒട്ടാവ: കാനഡയുടെ സമ്പദ്വ്യവസ്ഥ സാങ്കേതികമായി മാന്ദ്യത്തിലേക്ക് പ്രവേശിച്ച സാഹചര്യത്തില്‍ പാര്‍ലമെന്റില്‍ അടിയന്തര സാമ്പത്തിക ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷ കണ്‍സര്‍വേറ്റീവ് നേതാവ് പിയറി പൊയ്‌ലിവ്രെ പ്രധാനമന്ത്രി മാര്‍ക് കാര്‍ണിയോട് ആവശ്യപ്പെട്ടു.
സ്റ്റാറ്റിസ്്റ്റിക്‌സ് കാനഡ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2026-ലെ ആദ്യ പാദത്തില്‍ കാനഡയുടെ ജി ഡി പി വാര്‍ഷികാടിസ്ഥാനത്തില്‍ 0.1 ശതമാനം ഇടിഞ്ഞു. 2025-ലെ അവസാന പാദത്തില്‍ ജിഡിപി 1 ശതമാനം ഇടിഞ്ഞതായി തിരുത്തിയ കണക്കുകളും വ്യക്തമാക്കുന്നു. തുടര്‍ച്ചയായി രണ്ട് പാദങ്ങളില്‍ സാമ്പത്തിക വളര്‍ച്ച നെഗറ്റീവാകുന്നതിനെ സാധാരണയായി സാങ്കേതിക മാന്ദ്യം എന്ന് വിശേഷിപ്പിക്കാറുണ്ട്.
ജി7 രാജ്യങ്ങളില്‍ സ്വന്തം രാജ്യത്തെ മാന്ദ്യത്തിലേക്ക് നയിച്ച ഏക നേതാവായി നിങ്ങള്‍ മാറിയിരിക്കുന്നുവെന്നും ജി7-ല്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥ സൃഷ്ടിക്കുമെന്നാണ് നിങ്ങള്‍ വാഗ്ദാനം ചെയ്തതെന്നും എന്നാല്‍ നിങ്ങള്‍ നല്‍കിയത് ജി7-ലെ ഏക മാന്ദ്യമാണെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പൊയ്‌ലിവ്രെ് വിമര്‍ശിച്ചു.
അമേരിക്ക ഏര്‍പ്പെടുത്തിയ ഇറക്കുമതി തീരുവകളും ഇറാനുമായുള്ള യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന വാദം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റ് ജി7 രാജ്യങ്ങള്‍ക്കും സമാന വെല്ലുവിളികള്‍ നേരിടേണ്ടിവന്നിട്ടുണ്ടെങ്കിലും അവ മാന്ദ്യത്തിലേക്ക് വീണിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ധനമന്ത്രി ഫ്രാങ്കോയ്‌സ് ഫിലിപ് ഷാംപഗ്നെയുടെ പ്രസ് സെക്രട്ടറി ജോണ്‍ ഫ്രാഗോസ് അമേരിക്കയുടെ വ്യാപാര നടപടികളാണ് പ്രധാന വെല്ലുവിളിയെന്ന് പ്രതികരിച്ചു. മഹാമാന്ദ്യകാലത്തിന് ശേഷം കാണാത്ത തോതിലാണ് തീരുവകള്‍ ഉയര്‍ത്തിയിരിക്കുന്നതെന്നും കാനഡയിലെ ജനങ്ങള്‍ക്ക് രാഷ്ട്രീയ നാടകമല്ല, വ്യക്തമായ പദ്ധതിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ സാമ്പത്തിക പദ്ധതി ഫലപ്രദമാണെന്നും 2026-ലും 2027-ലും ജി7 രാജ്യങ്ങളില്‍ രണ്ടാമത്തെ ഏറ്റവും വേഗതയിലുള്ള വളര്‍ച്ച കാനഡ കൈവരിക്കുമെന്നാണ് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് പ്രവചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ചില സാമ്പത്തിക വിദഗ്ധര്‍ കാനഡ യഥാര്‍ഥ മാന്ദ്യത്തിലാണെന്ന വിലയിരുത്തലിനെ ചോദ്യം ചെയ്യുന്നു. ആദ്യ പാദത്തിലെ ജി ഡി പി ഇടിവ് വളരെ ചെറുതായതിനാല്‍ അതിനെ പൂര്‍ണമായ മാന്ദ്യമായി വിശേഷിപ്പിക്കുന്നത് ഉചിതമല്ലെന്നാണ് ടി ഡി ഇക്കണോമിക്‌സിലെ സാമ്പത്തിക വിദഗ്ധനായ മാര്‍ക്ക് എര്‍കൊലാവോയുടെ അഭിപ്രായം.
ബി എം ഒയുടെ മുഖ്യ സാമ്പത്തിക വിദഗ്ധന്‍ ഡഗ് പോര്‍ട്ടറും സമാന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. സാങ്കേതികമായി മാന്ദ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ഒരു വര്‍ഷമായി സമ്പദ്വ്യവസ്ഥ കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ മാന്ദ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കപ്പുറം സാധാരണ ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധികളാണ് കൂടുതല്‍ ആശങ്കാജനകമെന്ന് പൊയ്‌ലിവ്രെ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പാപ്പരത്ത നടപടികള്‍ക്ക് വിധേയരാകുന്നവരുടെ എണ്ണം 19 ശതമാനം വര്‍ധിച്ചതായും 2026-ലെ ആദ്യ മൂന്ന് മാസങ്ങളില്‍ ആയിരക്കണക്കിന് തൊഴിലുകള്‍ നഷ്ടപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ, ഡയ്‌ലി ബ്രഡ് ഫുഡ് ബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ഗ്രേറ്റര്‍ ടൊറന്റോ മേഖലയിലെ ഓരോ പത്ത് പേരില്‍ ഒരാള്‍ വീതം ഇപ്പോള്‍ ഫുഡ് ബാങ്കുകളുടെ സഹായം തേടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ച്ചയായ രണ്ട് പാദങ്ങളിലെ ജി ഡി പി ഇടിവ് ഒരു യാദൃശ്ചികതയോ സാങ്കേതിക പ്രശ്‌നമോ അല്ലെന്നും തകര്‍ച്ചയിലേക്കു നീങ്ങുന്ന സമ്പദ്വ്യവസ്ഥയുടെയും അതിവേഗം ഉയരുന്ന ജീവിതച്ചെലവിന്റെയും വ്യക്തമായ തെളിവാണിതെന്നും മാന്ദ്യം യഥാര്‍ഥമാണെന്നും പൊയ്‌ലിവ്രെ കത്തില്‍ പറഞ്ഞു.
ഇതിനിടെ, ആദ്യ പാദത്തിലെ ദുര്‍ബല സാമ്പത്തിക പ്രകടനം കണക്കിലെടുത്ത് ബാങ്ക് ഓഫ് കാനഡ സമീപഭാവിയില്‍ പലിശനിരക്കുകള്‍ ഉയര്‍ത്താന്‍ സാധ്യത കുറവാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
