രാജകുടുംബത്തിന്റെ സുരക്ഷാ ചുമതലയില്‍ വീഴ്ച; 21 ബ്രിട്ടീഷ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

രാജകുടുംബത്തിന്റെ സുരക്ഷാ ചുമതലയില്‍ വീഴ്ച; 21 ബ്രിട്ടീഷ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി


ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സുരക്ഷാ ചുമതല വഹിക്കുന്നതിനിടെ ഡ്യൂട്ടിയില്‍ ഉറങ്ങുകയും സുരക്ഷാ പോസ്റ്റുകള്‍ മേല്‍നോട്ടമില്ലാതെ ഉപേക്ഷിക്കുകയും ചെയ്‌തെന്ന ആരോപണങ്ങളെ തുടര്‍ന്ന് 21 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.

വിന്‍ഡ്‌സര്‍ കാസില്‍ കേന്ദ്രീകരിച്ച് രാജകുടുംബത്തിന്റെ സുരക്ഷാ ചുമതല വഹിച്ചിരുന്ന 23 ഉദ്യോഗസ്ഥര്‍ക്കാണ് അച്ചടക്കലംഘന നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇവരില്‍ 21 പേരെ 'നിയന്ത്രിത ചുമതലകളിലേക്ക്' മാറ്റിയതായി ലണ്ടന്‍ പൊലീസ് അറിയിച്ചു.

നിയന്ത്രിത ചുമതലയിലേക്ക് മാറ്റാത്ത മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ക്കും അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ രാജകീയ വസതികളുമായി ബന്ധപ്പെട്ട സുരക്ഷാ ജോലികള്‍ നല്‍കില്ലെന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ മാസം ആരംഭിച്ച അടിയന്തര അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. മുന്‍നിര സുരക്ഷാ ചുമതലകളിലുള്ള ഉദ്യോഗസ്ഥരില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഉയര്‍ന്ന നിലവാരത്തിലുള്ള പെരുമാറ്റത്തിന് താഴെയാണ് ആരോപിക്കപ്പെടുന്ന പ്രവര്‍ത്തനങ്ങളെന്ന് പൊലീസ് വക്താവ് പറഞ്ഞു.

ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ഔദ്യോഗിക വസതികളിലൊന്നായ വിന്‍ഡ്‌സര്‍ കാസിലില്‍ സുരക്ഷാ ചുമതലയിലിരിക്കെ ചില ഉദ്യോഗസ്ഥര്‍ ഉറങ്ങിപ്പോയതായും തങ്ങളുടെ പോസ്റ്റുകള്‍ ഉപേക്ഷിച്ചതായും ദി സണ്‍ പത്രമാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തെ തുടര്‍ന്ന് മറ്റ് രാജകീയ വസതികളില്‍ സുരക്ഷാ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുടെ പെരുമാറ്റവും പൊലീസ് പരിശോധിച്ചുവരികയാണ്.

രാജകുടുംബാംഗങ്ങളുടെ സുരക്ഷയും രാജകീയ വസതികളുടെ സംരക്ഷണവും ബ്രിട്ടീഷ് പൊലീസിന്റെ പ്രത്യേക സുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണ്. വിന്‍ഡ്‌സര്‍ കാസില്‍ രാജാവ് ചാള്‍സ് മൂന്നാമന്റെ പ്രധാന ഔദ്യോഗിക വസതികളിലൊന്നാണ്. രാജാവും മറ്റ് മുതിര്‍ന്ന രാജകുടുംബാംഗങ്ങളും ഔദ്യോഗിക ചടങ്ങുകള്‍ക്കും സ്വകാര്യ വിശ്രമത്തിനുമായി ഇവിടെ പതിവായി എത്താറുണ്ട്.

സംഭവത്തെക്കുറിച്ച് ഇതുവരെ ബക്കിംഗ്ഹാം കൊട്ടാരം ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.