ഇറാന്‍ ചര്‍ച്ചകള്‍ നിര്‍ത്തിവച്ച അറിയിപ്പ് ലഭിച്ചില്ലെന്ന് ട്രംപ്; ഉപരോധം തുടരുമെന്ന് പ്രഖ്യാപനം

ഇറാന്‍ ചര്‍ച്ചകള്‍ നിര്‍ത്തിവച്ച അറിയിപ്പ് ലഭിച്ചില്ലെന്ന് ട്രംപ്; ഉപരോധം തുടരുമെന്ന് പ്രഖ്യാപനം


ഹെഹ്‌റാന്‍/ വാഷിങ്ടണ്‍: ലെബനനില്‍ ഇസ്രായേല്‍ സൈനിക നീക്കങ്ങള്‍ വ്യാപിപ്പിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയുമായുള്ള പരോക്ഷ ചര്‍ച്ചകള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചതായുള്ള ഇറാന്റെ പ്രഖ്യാപനത്തെ കുറിച്ച് തനിക്ക് മുന്‍കൂട്ടി അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. തങ്ങള്‍ ബോംബാക്രമണം നടത്തുമെന്നല്ല അതിനര്‍ഥമെന്നും ഉപരോധം തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധപ്പെട്ട തസ്‌നീം വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം ലെബനനിലെ ഇസ്രായേല്‍ നടപടികള്‍ തുടരുകയും വെടിനിര്‍ത്തല്‍ കരാറിന്റെ പ്രധാന വ്യവസ്ഥകള്‍ ലംഘിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് അമേരിക്കയുമായുള്ള മധ്യസ്ഥ ചര്‍ച്ചകളും സന്ദേശ കൈമാറ്റവും ഇറാന്‍ നിര്‍ത്തിവയ്ക്കുന്നത്.

ഇതോടൊപ്പം, പുതിയ മുന്നണികള്‍ തുറക്കുക, ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട തന്ത്രപരമായ നിലപാട് നിലനിര്‍ത്തുക തുടങ്ങിയ അസാധാരണ പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറാഘ്ചിയും ശക്തമായ മുന്നറിയിപ്പ് നല്‍കി. ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലെബനന്‍ ഉള്‍പ്പെടെ എല്ലാ മുന്നണികളെയും ഉള്‍ക്കൊള്ളുന്നതാണെന്നും ഏതെങ്കിലും ഒരു മേഖലയിലെ ലംഘനം മുഴുവന്‍ കരാറിന്റെയും ലംഘനമായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെടുന്നതിന്റെ എല്ലാ പ്രത്യാഘാതങ്ങള്‍ക്കും അമേരിക്കയും ഇസ്രായേലും ഉത്തരവാദികളായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ, ലെബനന്‍ പ്രദേശങ്ങളിലേക്ക് കൂടുതല്‍ മുന്നേറുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രായേല്‍ മധ്യകാലഘട്ടത്തിലെ ബ്യൂഫോര്‍ട്ട് കോട്ട പിടിച്ചെടുത്തതിനെ തുടര്‍ന്ന് ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയും അടിയന്തര യോഗം ചേര്‍ന്നു.

ഇസ്രായേലിന്റെ നടപടികളെ നിയമവിരുദ്ധ ആക്രമണം എന്ന് വിശേഷിപ്പിച്ച ഇറാന്‍, ലെബനനും പ്രതിരോധ സേനകള്‍ക്കും പിന്തുണ നല്‍കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വ്യക്തമാക്കി.

ഏപ്രില്‍ 8 മുതല്‍ ഇറാന്‍, അമേരിക്ക, ഇസ്രായേല്‍ എന്നിവര്‍ക്കിടയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവിലുണ്ടെങ്കിലും ലെബനനില്‍ സംഘര്‍ഷങ്ങള്‍ തുടരുകയാണ്. പുതിയ സംഭവവികാസങ്ങള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ വ്യാപകമായ പ്രാദേശിക സംഘര്‍ഷത്തിനുള്ള ആശങ്കകള്‍ ശക്തമാക്കിയിരിക്കുകയാണ്. നയതന്ത്ര ശ്രമങ്ങളിലൂടെ മേഖലയില്‍ സ്ഥിരത കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് ഈ പുതിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്.