ന്യൂയോര്‍ക്ക്: പാലസ്തീന്‍ അവകാശങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്‌റാന്‍ മംദാനി ഇസ്രായേലിനെ ആദരിക്കുന്ന വാര്‍ഷിക 'ഇസ്രായേല്‍ ഡേ പരേഡില്‍' പങ്കെടുക്കാതെ വിട്ടുനിന്നു. ന്യൂയോര്‍ക്ക് നഗരത്തിന്റെ 62 വര്‍ഷത്തെ ചരിത്രത്തില്‍ ഒരു മേയര്‍ ഈ പരിപാടിയില്‍ പങ്കെടുക്കാതിരിക്കുന്നത് ആദ്യമായാണ്.
യഹൂദ സമൂഹത്തിന്റെ പിന്തുണ നേടാന്‍ ആഗ്രഹിക്കുന്ന മേയര്‍മാര്‍ക്കും ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും പതിവായി പങ്കെടുക്കുന്ന പ്രധാന പരിപാടികളിലൊന്നാണ് 1948-ല്‍ ഇസ്രായേല്‍ രാഷ്ട്രം രൂപീകൃതമായതിന്റെ സ്മരണയ്ക്കായി ന്യൂയോര്‍ക്കിലെ ഫിഫ്ത് അവന്യൂവില്‍ സംഘടിപ്പിക്കുന്ന പരേഡ്.
പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ വ്യക്തമാക്കിയിരുന്നുവെന്ന് മംദാനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇസ്രായേല്‍ സര്‍ക്കാരിനെക്കുറിച്ചുള്ള തന്റെ നിലപാട് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂയോര്‍ക്ക് നഗരത്തിന്റെ ആദ്യ മുസ്ലിം മേയറായ മംദാനി ഇസ്രായേലിന് നിലനില്‍ക്കാനുള്ള അവകാശമുണ്ടെന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും യഹൂദ പൗരന്മാര്‍ക്ക് മുന്‍ഗണന നല്‍കുന്ന ഒരു വ്യവസ്ഥയായി അത് നിലനില്‍ക്കരുതെന്നാണ് തന്റെ അഭിപ്രായമെന്നും വ്യക്തമാക്കി.
അതേസമയം, പരേഡ് സമാധാനപരമായും സുരക്ഷിതമായും നടത്താന്‍ ആവശ്യമായ പൊലീസ് സുരക്ഷ ഉറപ്പാക്കിയതായി അദ്ദേഹം അറിയിച്ചു.
ന്യൂയോര്‍ക്ക് പൊലീസ് കമ്മീഷണറായ ജെസിക ടിസ്‌ക് പരേഡില്‍ പങ്കെടുത്തു. പരേഡില്‍ പങ്കെടുക്കാതിരിക്കുക മേയറുടെ തീരുമാനമാണെന്നും അഭിമാനത്തോടെ പങ്കെടുക്കുക എന്നത് തന്റെ തീരുമാനമാണെന്നും അവര്‍ പ്രതികരിച്ചു.
മംദാനിയുടെ തീരുമാനത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങളും ഉയര്‍ന്നു. ലോംഗ് ഐലന്‍ഡിലെ ദി ഹാംപ്റ്റണ്‍ സിനഗോഗ് സ്ഥാപക സീനിയര്‍ റബ്ബിയും ഫൗണ്ടേഷന്‍ ഫോര്‍ എത്‌നിക് അണ്ടര്‍സ്റ്റാന്റിംഗ് പ്രസിഡന്റുമായ മാര്‍ക് ഷ്‌നെയിര്‍ പരേഡില്‍ പങ്കെടുക്കാതിരുന്നത് ന്യൂയോര്‍ക്കിലെ എല്ലാ യഹൂദര്‍ക്കും നേരെയുള്ള അപമാനമാണ് എന്ന് അഭിപ്രായപ്പെട്ടു.
