കാനഡയില്‍നിന്നുമുള്ള ഇറക്കുമതിക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ 35 ശതമാനം തീരുവ പ്രഖ്യാപിച്ച് ട്രംപ്

കാനഡയില്‍നിന്നുമുള്ള ഇറക്കുമതിക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ 35 ശതമാനം തീരുവ പ്രഖ്യാപിച്ച്  ട്രംപ്


വാഷിംഗ്ടണ്‍ : വടക്കേ അമേരിക്കന്‍ രാജ്യങ്ങളെയും ലോകത്തെയും വ്യാപാരയുദ്ധത്തിലേക്ക് വലിച്ചിട്ടുന്ന നടപടി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തുടരുന്നു. കാനഡയില്‍നിന്നുമുള്ള ഇറക്കുമതിക്ക് 35 ശതമാനം തീരുവയാണ് ട്രംപ് പ്രഖ്യാപിച്ചത്. ആഗസ്ത് ഒന്നു മുതല്‍ ബാധകമായിരിക്കുമെന്ന് അറിയിച്ച് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിക്ക് ട്രംപ് കത്തയച്ചു. കാനഡയുമായുള്ള എല്ലാ വ്യാപാര കരാര്‍ ചര്‍ച്ചകളും ഉടന്‍ അവസാനിപ്പിക്കുന്നുവെന്നായിരുന്നു രണ്ടാഴ്ച മുന്‍പ് ട്രംപ് പറഞ്ഞിരുന്നത്. യുഎസുമായി വ്യാപാരം നടത്താന്‍ കാനഡ നല്‍കേണ്ട തീരുവ അടുത്ത ഏഴു ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.

ബ്രിക്‌സ് രാജ്യങ്ങളുടെ കൂട്ടായ്മയ്ക്ക് ശക്തമായ നേതൃത്വം നല്‍കുന്ന ബ്രസീലിന് മുന്നില്‍ തീരുവ ഭീഷണിയുമായുമായും ട്രംപ് രംഗത്തെത്തി. ബ്രസീലില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്താന്‍ ആലോചിക്കുന്നതായി ട്രംപ് സമൂഹ മാധ്യമത്തില്‍ കുറിച്ചു. ഏപ്രിലില്‍ ബ്രസീലിനുമേല്‍ 10 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയിരുന്നു. ആഗസ്ത് ഒന്ന് മുതല്‍ ഇത് 50 ശതമാനമാക്കി കുത്തനെ കൂട്ടുമെന്നാണ് പ്രഖ്യാപനം.

തന്റെ സുഹൃത്തും ബ്രസീല്‍ മുന്‍ പ്രസിഡന്റുമായ ജെയ്ര്‍ ബോള്‍സനാരോയ്‌ക്കെതിരെ തുടരുന്ന നിയമനടപടികളിലുള്ള അതൃപ്തികൂടിയാണ് ട്രംപ് പ്രകടിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ബോള്‍സനാരോയ്‌ക്കെതിരെ ഇപ്പോള്‍ നടക്കുന്ന വിചാരണ നടപടികള്‍ അന്താരാഷ്ട്ര സമൂഹത്തിന് നാണക്കേടാണെന്നും വിചാരണ അവസാനിപ്പിക്കണമെന്നും ട്രംപ് സമൂഹമാധ്യമത്തില്‍ കുറിച്ചു.

ബ്രസീലിന് പുറമെ അള്‍ജീരിയ, ഇറാഖ്, ലിബിയ, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്ക് 30 ശതമാനവും ബ്രൂണെയ്ക്കും മോള്‍ഡോവക്കും 25 ശതമാനവും, ഫിലിപ്പീന്‍സിന് 20 ശതമാനവും തീരുവ യുഎസ് ചുമത്തും. ഈ രാജ്യങ്ങള്‍ക്ക് അയച്ച വ്യാപാര തീരുവ സംബന്ധിച്ച കത്തുകളും ട്രംപ് പുറത്തുവിട്ടു.