ഒട്ടാവ: കാനഡയിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായ വെസ്റ്റ്ജെറ്റിലെ 4,400 വിമാന ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയന്‍ 72 മണിക്കൂര്‍ പണിമുടക്ക് നോട്ടീസ് നല്‍കി. ഇതോടെ തിരക്കേറിയ വേനല്‍ക്കാല യാത്രാ സീസണിനിടെ വിമാന സര്‍വീസുകള്‍ തടസപ്പെടാന്‍ സാധ്യത വര്‍ധിച്ചു.
കാനേഡിയന്‍ യൂണിയന്‍ ഓഫ് പബ്ലിക് എംപ്ലോയീസ് പുറത്തിറക്കിയ പ്രസ്താവനയില്‍, ശമ്പളവും സേവന വ്യവസ്ഥകളും ഉള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങളില്‍ മാനേജ്മെന്റുമായുള്ള ചര്‍ച്ചയില്‍ ഇനിയും കാര്യമായ പുരോഗതിയില്ലെന്ന് അറിയിച്ചു.
മാറ്റം വരേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് തങ്ങള്‍ വ്യക്തമായി അറിയിച്ചിട്ടുണ്ടെന്നും തൊഴിലാളികള്‍ക്ക് നീതിയുക്തമായ കരാര്‍ ഉറപ്പാക്കാന്‍ പരമാവധി ശ്രമിച്ചുവരികയാണെന്നും വെസ്റ്റ്ജെറ്റ് യൂണിയന്‍ വിഭാഗം അധ്യക്ഷ അലിയ ഹുസൈന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പണിമുടക്ക് ഒഴിവാക്കാന്‍ ഇനിയും സമയമുണ്ടെന്നും പ്രശ്നത്തിന് പരിഹാരം കാണുന്നതുവരെ ചര്‍ച്ചകള്‍ തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, യൂണിയന്റെ പണിമുടക്ക് നോട്ടീസിന് മറുപടിയായി വെസ്റ്റ്ജെറ്റും 72 മണിക്കൂര്‍ ലോക്ക്ഔട്ട് നോട്ടീസ് നല്‍കിയതായി കമ്പനി അറിയിച്ചു. എന്നിരുന്നാലും ധാരണയിലെത്താന്‍ ചര്‍ച്ചകള്‍ സജീവമായി തുടരുകയാണെന്ന് കമ്പനി വ്യക്തമാക്കി.
ലോക്ക്ഔട്ട് നോട്ടീസ് നല്‍കിയത് ലഘുവായി എടുത്ത തീരുമാനമല്ലെന്നും ഇതുമൂലം യാത്രക്കാര്‍ക്ക് നേരിടേണ്ടി വരുന്ന അസൗകര്യത്തിലും അനിശ്ചിതത്വത്തിലും തങ്ങള്‍ ഖേദിക്കുന്നതായും വെസ്റ്റ്ജെറ്റ് സി ഇ ഒ അലക്സിസ് വോന്‍ ഹോന്‍സ്‌ബ്രോക്ക് പ്രസ്താവനയില്‍ പറഞ്ഞു.
വിമാന ജീവനക്കാരുടെ സേവനത്തെ കമ്പനി വിലമതിക്കുന്നുണ്ടെന്നും യാത്രക്കാരെയും ജീവനക്കാരെയും വിമാനങ്ങളെയും സുരക്ഷിതമായി സംരക്ഷിക്കുന്നതിനും സര്‍വീസ് ശൃംഖലയുടെ പ്രവര്‍ത്തനം നിലനിര്‍ത്തുന്നതിനുമാണ് ഇത്തരം നടപടികളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
72 മണിക്കൂര്‍ നോട്ടീസ് നല്‍കിയതുകൊണ്ട് പണിമുടക്ക് ഉറപ്പായെന്നില്ലെങ്കിലും ഇരു വിഭാഗങ്ങളും ധാരണയിലെത്തിയില്ലെങ്കില്‍ ഞായറാഴ്ച അര്‍ധരാത്രി മുതല്‍ തൊഴില്‍ സമരം ആരംഭിക്കാം. ധാരണയായില്ലെങ്കില്‍ വെള്ളിയാഴ്ച മുതല്‍ ചില വിമാന സര്‍വീസുകള്‍ റദ്ദാക്കുകയോ നിര്‍ത്തിവെക്കുകയോ ചെയ്യേണ്ട സാഹചര്യമുണ്ടാകാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 4 വരെ യാത്ര ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് അധിക ഫീസ് ഈടാക്കാതെ ഒരുതവണ യാത്രാ തിയ്യതി മാറ്റാനോ ടിക്കറ്റ് റദ്ദാക്കാനോ വെസ്റ്റ്ജെറ്റ് അനുമതി നല്‍കിയിട്ടുണ്ട്.
അതേസമയം, വെസ്റ്റ്ജെറ്റ് എന്‍കോര്‍ പ്രാദേശിക സര്‍വീസുകളിലോ ഡെല്‍റ്റ എയര്‍ ലൈന്‍സ് പോലുള്ള പങ്കാളി കമ്പനികള്‍ നടത്തുന്ന കോഡ്-ഷെയര്‍ വിമാനങ്ങളിലോ യാത്ര ചെയ്യുന്നവര്‍ക്ക് പണിമുടക്ക് ബാധകമാകില്ലെന്ന് കമ്പനി അറിയിച്ചു.
വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്താല്‍ ബാധിക്കപ്പെടുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരികെ നല്‍കുകയോ ലഭ്യമായ സര്‍വീസുകളില്‍ പുനഃക്രമീകരണം നടത്തുകയോ ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കി.
തൊഴില്‍ സമരം ഉണ്ടായാല്‍ വിമാനങ്ങള്‍ സുരക്ഷിതമായി സര്‍വീസില്‍ നിന്ന് പിന്‍വലിക്കുന്നതിനും ജീവനക്കാരെ സ്വദേശങ്ങളിലേക്ക് തിരിച്ചെത്തിക്കുന്നതിനുമായി ഇരു വിഭാഗങ്ങളും പ്രത്യേക ധാരണാപത്രത്തിലും ഒപ്പുവെച്ചിട്ടുണ്ട്.
പണിമുടക്ക് ആരംഭിക്കുന്ന സമയത്ത് സര്‍വീസിലായിരിക്കുന്ന വിമാനങ്ങളിലെ ജീവനക്കാര്‍ യാത്ര ലക്ഷ്യസ്ഥാനത്ത് പൂര്‍ത്തിയാക്കിയ ശേഷമേ ജോലിയില്‍ നിന്ന് പിന്മാറൂ. ഉടന്‍ സ്വദേശത്തേക്ക് മടങ്ങാനാകാത്ത ജീവനക്കാര്‍ക്ക് ഒരാഴ്ചവരെ ഹോട്ടല്‍ താമസ സൗകര്യമോ സീറ്റ് ലഭ്യതയ്ക്ക് വിധേയമായി മറ്റൊരു കാനേഡിയന്‍ നഗരത്തിലേക്കുള്ള വിമാനയാത്രയോ നല്‍കുമെന്നാണ് ധാരണ.
വിമാനം പുറപ്പെടുന്നതിന് മുമ്പും ഇറങ്ങിയ ശേഷവും നിര്‍വഹിക്കുന്ന ഗ്രൗണ്ട് ഡ്യൂട്ടികള്‍ക്ക് ശമ്പളം ലഭിക്കുന്നില്ലെന്നതാണ് പ്രധാന പരാതിയെന്ന് യൂണിയന്‍ വ്യക്തമാക്കുന്നു. എന്നാല്‍ മണിക്കൂര്‍ വേതനത്തിന് പകരം 'ക്രെഡിറ്റ് അവര്‍' സംവിധാനത്തിലൂടെയാണ് എല്ലാ ജോലികള്‍ക്കും പ്രതിഫലം നല്‍കുന്നതെന്നാണ് വെസ്റ്റ്ജെറ്റിന്റെ നിലപാട്.
മക്ഗില്‍ സര്‍വകലാശാലയിലെ വ്യോമയാന മാനേജ്മെന്റ് വിദഗ്ധന്‍ ജോണ്‍ ഗ്രാഡെക്കിന്റെ അഭിപ്രായത്തില്‍, വേനല്‍ക്കാലത്തെ ഏറ്റവും തിരക്കേറിയ യാത്രാ സമയത്ത് ചെറിയ ഇടവേളയെങ്കിലും സര്‍വീസ് നിലച്ചാല്‍ കമ്പനിക്ക് ദശലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാകും.
പ്രതിദിനം 600-ലധികം വിമാന സര്‍വീസുകള്‍ നടത്തുന്ന വെസ്റ്റ്ജെറ്റ് ചില ദിവസങ്ങളില്‍ 70,000-ത്തിലധികം യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.
