ഹമാസ്- ഇസ്രായേല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ധാരണയായതായി സ്ഥിരീകരണം; ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ നിര്‍ണായക നീക്കം

ഹമാസ്- ഇസ്രായേല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ധാരണയായതായി സ്ഥിരീകരണം; ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ നിര്‍ണായക നീക്കം


ഗാസ: ഇസ്രായേലുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ധാരണയിലെത്തിയതായി ഹമാസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. പേര് വെളിപ്പെടുത്താത്ത ഹമാസിന്റെ രണ്ട് മുതിര്‍ന്ന നേതാക്കളെ ഉദ്ധരിച്ച് എ എഫ് പി റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം.

സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള കരാറില്‍ ഹമാസ് സമ്മതിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചു. മാസങ്ങളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഇത് നിര്‍ണായക വഴിത്തിരിവായേക്കുമെന്നാണ് വിലയിരുത്തല്‍.

ഒരു ദിവസം മുന്‍പ്, ഹമാസ് ആയുധങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതോടെ ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷ ശക്തമായിരുന്നു. അതിന് പിന്നാലെയാണ് ഹമാസിന്റെ സ്ഥിരീകരണം പുറത്തുവന്നത്.

എന്നാല്‍ കരാറിന്റെ വ്യവസ്ഥകള്‍, നടപ്പാക്കല്‍ നടപടികള്‍, സമയക്രമം എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഹമാസ് പുറത്തുവിട്ടിട്ടില്ല. റിപ്പോര്‍ട്ടുകളോട് ഇസ്രായേല്‍ സര്‍ക്കാരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കരാര്‍ ഔദ്യോഗികമായി നടപ്പിലായാല്‍, ഗാസയില്‍ വ്യാപക നാശനഷ്ടങ്ങള്‍ക്കും മനുഷ്യാവകാശ പ്രതിസന്ധിക്കും കാരണമായ ഇസ്രായേല്‍- ഹമാസ് സംഘര്‍ഷത്തില്‍ വലിയ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രാദേശിക സംഘര്‍ഷാവസ്ഥ ശമിപ്പിക്കുന്നതിനും ഇത് സഹായകമായേക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.