വാഷിംഗടണ്‍: രാജ്യാന്തര ക്രിമിനല്‍ കോടതിയുടെ (ഐ സി സി) അറസ്റ്റ് വാറന്റിന്റെ അടിസ്ഥാനത്തില്‍ വിദേശത്ത് തന്നെ അറസ്റ്റ് ചെയ്യാന്‍ ശ്രമമുണ്ടായാല്‍ അതിനെ നേരിടാന്‍ ഇസ്രായേലിന്റെ പ്രത്യേക സേന സജ്ജമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഐ സി സിയുടെ അധികാരപരിധി അംഗീകരിക്കുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ താന്‍ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നെതന്യാഹുവിന്റെ പ്രതികരണം. വിദേശയാത്രയ്ക്കിടെ, ചികിത്സാ അടിയന്തര സാഹചര്യം ഉണ്ടായാലും അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യതയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന്, 'അതെ, അതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് പ്രത്യേക സേനയുണ്ട്. ഞാന്‍ അഞ്ച് വര്‍ഷം സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്,' എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.
2024 നവംബറിലാണ് ഗാസയിലെ സൈനിക നടപടികളുമായി ബന്ധപ്പെട്ട് യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ആരോപിച്ച് നെതന്യാഹുവിനും മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റിനുമെതിരെ ഐ സി സി അറസ്റ്റ് വാറന്റുകള്‍ പുറപ്പെടുവിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ ഇസ്രായേല്‍ നിഷേധിക്കുകയും ഐ സി സിയുടെ അധികാരപരിധി അംഗീകരിക്കുന്നില്ലെന്നും വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
അറസ്റ്റ് വാറന്റ് നിലവിലുണ്ടെങ്കിലും ഐ സി സി അംഗരാജ്യങ്ങളിലേക്ക് യാത്ര തുടരാന്‍ താന്‍ തയ്യാറാണെന്ന് നെതന്യാഹു പറഞ്ഞു. ന്യൂയോര്‍ക്കിലേക്ക് യാത്ര ചെയ്യുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ഐ സി സി വാറന്റിന്റെ പശ്ചാത്തലത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട ന്യൂയോര്‍ക്ക് മേയര്‍ സോഹ്രാന്‍ മംദാനിയുടെ ആഹ്വാനവും അദ്ദേഹം തള്ളി.
'വിദ്വേഷം പ്രചരിപ്പിക്കുന്ന ഈ ജനപ്രതിനിധിയുടെ മുന്നില്‍ ഞാന്‍ സത്യം പറയാന്‍ പോകുകയാണ്. അദ്ദേഹം ന്യൂയോര്‍ക്കിലെ ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുകയും ജൂത സമൂഹത്തിനെതിരെ വികാരം വളര്‍ത്തുകയും ചെയ്യുകയാണ്,' നെതന്യാഹു പറഞ്ഞു.
അതേസമയം, നെതന്യാഹുവിനെ 'യുദ്ധക്കുറ്റവാളി' എന്നാണ് മംദാനി മുമ്പ് വിശേഷിപ്പിച്ചിരുന്നത്. ഗാസയിലെ ഇസ്രായേല്‍ നടപടികളെക്കുറിച്ചുള്ള ആഗോള ആശങ്കകളുടെ പ്രതിഫലനമാണ് ഐ സി സി അറസ്റ്റ് വാറന്റെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഐ സി സി അറസ്റ്റ് വാറന്റ് നടപ്പാക്കാന്‍ ന്യൂയോര്‍ക്ക് നഗര ഭരണകൂടത്തിന് നിയമപരമായ അധികാരമില്ലെന്നും അതിനുള്ള നടപടി അമേരിക്കന്‍ ഫെഡറല്‍ സര്‍ക്കാരാണ് സ്വീകരിക്കേണ്ടതെന്നും മംദാനി വ്യക്തമാക്കിയിരുന്നു.
നെതന്യാഹുവിന്റെ അടുത്ത സഖ്യകക്ഷിയായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, നെതന്യാഹു അമേരിക്കയിലെത്തിയാല്‍ അറസ്റ്റ് ചെയ്യപ്പെടില്ലെന്ന് പറഞ്ഞ് അത്തരമൊരു സാധ്യത തള്ളിക്കളഞ്ഞിട്ടുണ്ട്.
ഐ സി സി അറസ്റ്റ് വാറന്റ് നെതന്യാഹുവിന് കൂടുതല്‍ നയതന്ത്ര സമ്മര്‍ദം സൃഷ്ടിച്ചിട്ടുണ്ട്. ഐ സി സി അംഗരാജ്യങ്ങള്‍ ചട്ടപ്രകാരം അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ നിയമപരമായി ബാധ്യസ്ഥരാണ്. എന്നാല്‍ നിരവധി രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് പരസ്യമായി വ്യക്തമാക്കിയിട്ടില്ല. ചില രാജ്യങ്ങള്‍ മാത്രമാണ് ബാധ്യതകള്‍ പാലിക്കുമെന്ന് അറിയിച്ചിട്ടുള്ളത്.
