ഹൂതി ഉപരോധ ഭീഷണിക്കിടെ പുതിയ ചെങ്കടല്‍ നാവിക സഖ്യത്തിന് സൗദിയുടെ നീക്കം; 43 രാജ്യങ്ങളുടെ പ്രതിനിധികള്‍ റിയാദില്‍

ഹൂതി ഉപരോധ ഭീഷണിക്കിടെ പുതിയ ചെങ്കടല്‍ നാവിക സഖ്യത്തിന് സൗദിയുടെ നീക്കം; 43 രാജ്യങ്ങളുടെ പ്രതിനിധികള്‍ റിയാദില്‍


റിയാദ്: ചെങ്കടലിലെ സമുദ്രസുരക്ഷ ശക്തിപ്പെടുത്തുന്നതിനും അന്താരാഷ്ട്ര കപ്പല്‍ഗതാഗത പാതകള്‍ സംരക്ഷിക്കുന്നതിനുമായി ബഹുരാഷ്ട്ര നാവിക പ്രതിരോധ സഖ്യം രൂപീകരിക്കാനുള്ള നിര്‍ദേശവുമായി സൗദി അറേബ്യ 43 രാജ്യങ്ങളുടെ പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്തു. റിയാദില്‍ നടന്ന യോഗത്തില്‍ വിവിധ രാജ്യങ്ങളിലെ സൈനിക മേധാവിമാരോ അവരുടെ പ്രതിനിധികളോ പങ്കെടുത്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

സൗദി അറേബ്യയിലെ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘവും യോഗത്തില്‍ പങ്കെടുത്തു. ആകെ 51 രാജ്യങ്ങളെയും അന്താരാഷ്ട്ര സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.

നിര്‍ദിഷ്ട സഖ്യത്തിന്റെ സ്ഥാപക ചാര്‍ട്ടറും നിയമപരമായ ചട്ടക്കൂടും യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്തു. സമുദ്ര പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുകയും ലോക വ്യാപാരത്തിന് നിര്‍ണായകമായ അന്താരാഷ്ട്ര കപ്പല്‍ ഗതാഗത പാതകളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുകയാണ് സഖ്യത്തിന്റെ പ്രധാന ലക്ഷ്യമെന്ന് സൗദി വ്യക്തമാക്കി.

ചെങ്കടലില്‍ വ്യാപാരക്കപ്പലുകള്‍ക്കെതിരായ ആക്രമണങ്ങളും മേഖലയില്‍ വര്‍ധിച്ചുവരുന്ന സുരക്ഷാ ഭീഷണികളും ആഗോള വ്യാപാരത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ചെങ്കടലും ബാബ് അല്‍-മന്ദബ് കടലിടുക്കും ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് നിര്‍ദിഷ്ട സഖ്യം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക.

മുമ്പ് അല്‍-മോണിറ്റര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം, ഇറാന്‍ പിന്തുണയുള്ള ഹൂതി ഉള്‍പ്പെടെയുള്ള സായുധസംഘങ്ങള്‍ മേഖലയിലെ നാവിഗേഷന്‍ സ്വാതന്ത്ര്യം തടസ്സപ്പെടുത്താനുള്ള ശ്രമങ്ങള്‍ ചെറുക്കുകയും ചെങ്കടല്‍ വഴിയുള്ള കപ്പല്‍ഗതാഗതം സുരക്ഷിതമാക്കുകയും ചെയ്യുക എന്നതാണ് സൗദിയുടെ നേതൃത്വത്തിലുള്ള ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.

പുതിയ സഖ്യത്തെ സഹകരണാടിസ്ഥാനത്തിലുള്ള സമുദ്രസുരക്ഷാ സംവിധാനമായാണ് സൗദി വിശേഷിപ്പിക്കുന്നത്. സ്ഥാപക ചാര്‍ട്ടറിന് അന്തിമരൂപം നല്‍കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും അതിന് ശേഷമായിരിക്കും സഖ്യത്തിന്റെ ഔദ്യോഗിക രൂപീകരണമെന്നും അധികൃതര്‍ അറിയിച്ചു.