സ്പെയിന്‍- മൊറോക്കോ അതിര്‍ത്തിയില്‍ വന്‍ കുടിയേറ്റ പ്രതിസന്ധി; സെയൂത്തയിലേക്ക് ആയിരങ്ങള്‍ അതിക്രമിച്ച് കടന്നു, ഒന്‍പത് പേര്‍ മരിച്ചു

സ്പെയിന്‍- മൊറോക്കോ അതിര്‍ത്തിയില്‍ വന്‍ കുടിയേറ്റ പ്രതിസന്ധി; സെയൂത്തയിലേക്ക് ആയിരങ്ങള്‍ അതിക്രമിച്ച് കടന്നു, ഒന്‍പത് പേര്‍ മരിച്ചു


മാഡ്രിഡ്: മൊറോക്കോയില്‍ നിന്ന് ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ സ്‌പെയിനിന്റെ ഉത്തരാഫ്രിക്കന്‍ പ്രദേശമായ സെയൂത്തയിലേക്ക് അതിര്‍ത്തി ഭേദിച്ച് കടന്നതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി. സംഭവത്തില്‍ കുറഞ്ഞത് ഒന്‍പത് പേര്‍ മരിച്ചതായി സ്പാനിഷ് അധികൃതര്‍ അറിയിച്ചു. സുരക്ഷ പുനഃസ്ഥാപിക്കുന്നതിന് സ്‌പെയിന്‍ സൈനിക വിഭാഗങ്ങളെ സെയൂത്തയിലേക്ക് വിന്യസിച്ചു.

കടല്‍ നീന്തിക്കടന്നും തീരദേശ പാതകളിലൂടെ നടന്നും അതിര്‍ത്തി വേലികള്‍ തകര്‍ത്തുമാണ് വലിയ ജനക്കൂട്ടം സെയൂത്തയിലേക്ക് പ്രവേശിച്ചത്. ഇതോടെ പ്രാദേശിക സുരക്ഷാസേനയ്ക്ക് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സാധിക്കാതെയായി. അതിര്‍ത്തി കടക്കുന്നതിനിടെയുണ്ടായ ദുരന്തത്തില്‍ കടലില്‍ നിന്ന് നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയതായും അധികൃതര്‍ അറിയിച്ചു.

പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് പ്രാദേശിക ഭരണകൂടം അടിയന്തര സഹായം ആവശ്യപ്പെട്ടതോടെ സിവില്‍ ഗാര്‍ഡിനെ സഹായിക്കാന്‍ സായുധ സേനയെ വിന്യസിക്കുമെന്ന് സ്പാനിഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

സംഭവത്തെ തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ആഭ്യന്തരമന്ത്രി ഫെര്‍ണാണ്ടോ ഗ്രാന്‍ഡെ- മാര്‍ലാസ്‌കയും വെള്ളിയാഴ്ച സെയൂത്ത സന്ദര്‍ശിക്കും. സുരക്ഷാ ഉദ്യോഗസ്ഥരുമായും പ്രാദേശിക ഭരണകൂട പ്രതിനിധികളുമായും അവര്‍ കൂടിക്കാഴ്ച നടത്തും.

സെയൂത്തയിലെ സിവില്‍ ഗാര്‍ഡ് ഓഫീസേഴ്സ് അസോസിയേഷന്‍ തലവന്‍ റഷീദ് സ്ബിഹി സംഭവത്തെ 'സമ്പൂര്‍ണ അരാജകാവസ്ഥ' എന്നാണ് വിശേഷിപ്പിച്ചത്. ആയിരക്കണക്കിന് ആളുകള്‍ അതിര്‍ത്തി കടന്നതോടെ അതിര്‍ത്തി സംവിധാനം പൂര്‍ണമായും തകര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍, പ്രധാനമായും യുവാക്കളടങ്ങുന്ന വലിയ കുടിയേറ്റ സംഘങ്ങള്‍ മൊറോക്കോയില്‍ നിന്ന് സെയൂത്തയിലേക്ക് പ്രവേശിക്കുന്നതും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള കുടുംബങ്ങളും അതിര്‍ത്തി കടക്കുന്നതും കാണാം. സമീപ വര്‍ഷങ്ങളില്‍ സെയൂത്തയിലേക്ക് നടന്ന ഏറ്റവും വലിയ കൂട്ട അതിര്‍ത്തി ലംഘനങ്ങളിലൊന്നായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. ഇത് സ്‌പെയിന്‍- മൊറോക്കോ അതിര്‍ത്തി സുരക്ഷയെയും കുടിയേറ്റ നിയന്ത്രണ സംവിധാനങ്ങളെയും കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും ശക്തമാക്കിയിരിക്കുകയാണ്.

മരിച്ചവരുടെ തിരിച്ചറിയല്‍ വിവരങ്ങളോ മരണകാരണങ്ങളോ സംബന്ധിച്ച് സ്പാനിഷ് അധികൃതര്‍ ഇതുവരെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.