പഠിച്ചാല്‍ മാത്രം പോര; വിദേശ വിദ്യാര്‍ഥികള്‍ക്ക് ജോലി നേടാന്‍ ഒരു ലക്ഷം ഡോളറും വേണം: പദ്ധതിയുമായി ട്രംപ് ഭരണകൂടം

പഠിച്ചാല്‍ മാത്രം പോര; വിദേശ വിദ്യാര്‍ഥികള്‍ക്ക് ജോലി നേടാന്‍ ഒരു ലക്ഷം ഡോളറും വേണം: പദ്ധതിയുമായി ട്രംപ് ഭരണകൂടം


വാഷിംഗ്്ടണ്‍: അമേരിക്കയില്‍ പഠനം പൂര്‍ത്തിയാക്കിയ വിദേശ വിദ്യാര്‍ഥികള്‍ക്ക് ജോലി നേടാനുള്ള അവസരത്തിനായി ഒരു ലക്ഷം യു എസ് ഡോളര്‍ ഈടാക്കുന്ന നിര്‍ദേശം ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. അമേരിക്കയിലെ ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗ് (ഒ പി ടി ) പദ്ധതിയില്‍ പ്രവേശിക്കാന്‍ വിദേശ ബിരുദധാരികളില്‍ നിന്ന് ഈ തുക ഈടാക്കാനാണ് ആലോചന.

ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും വിദേശ വിദ്യാര്‍ഥികള്‍ക്ക് പഠനശേഷം അമേരിക്കയില്‍ തൊഴില്‍ നേടാനുള്ള പ്രധാന മാര്‍ഗമായ ഒ പി ടിയെ ഇത് നേരിട്ട് ബാധിക്കുമെന്നതിനാല്‍ സര്‍വകലാശാലകള്‍ക്കും കമ്പനികള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

ഓപ്പണ്‍ ഡോര്‍സ് 2025 റിപ്പോര്‍ട്ട് പ്രകാരം, 2024- 25 അധ്യയന വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്ന് 3,63,019 വിദ്യാര്‍ഥികളാണ് അമേരിക്കയില്‍ ഉന്നതപഠനത്തിനായി എത്തിയത്. ഇതോടെ അമേരിക്കയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിദ്യാര്‍ഥി സമൂഹമായി ഇന്ത്യ മാറി.

ഇവരില്‍ 39 ശതമാനം, അതായത് ഏകദേശം 1.4 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍, ഒ പി ടി പദ്ധതിയുടെ ഭാഗമായി പഠനം പൂര്‍ത്തിയാക്കിയ ശേഷം അമേരിക്കയില്‍ ജോലി ചെയ്യുകയാണ്. അതിനാല്‍ ഒരു ലക്ഷം ഡോളര്‍ ഫീസ് നിലവില്‍ വന്നാല്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുന്ന വിഭാഗങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടും.

എഫ്-1 വിദ്യാര്‍ഥി വിസയില്‍ അമേരിക്കയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കിയ ശേഷം അവരുടെ പഠനവിഷയവുമായി ബന്ധപ്പെട്ട മേഖലയില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന പദ്ധതിയാണ് ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗ്.

സാധാരണ ബിരുദധാരികള്‍ക്ക് ഒരു വര്‍ഷം വരെ ജോലി ചെയ്യാന്‍ അനുമതിയുണ്ട്. എന്നാല്‍ ശാസ്ത്രം, സാങ്കേതികവിദ്യ, എന്‍ജിനീയറിങ്, ഗണിതശാസ്ത്രം (സ്റ്റെം) മേഖലകളിലെ വിദ്യാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷം വരെ ജോലി ചെയ്യാനാകും.

ഒട്ടേറെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഒ പി ടി ഒരു താത്ക്കാലിക തൊഴില്‍ അനുമതി മാത്രമല്ല, പിന്നീട് എച്ച്-1ബി തൊഴില്‍ വിസയിലേക്കും ദീര്‍ഘകാല തൊഴില്‍ അവസരങ്ങളിലേക്കും എത്തിച്ചേരാനുള്ള പ്രധാന വഴിയുമാണ്.

വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ ഉദ്ധരിച്ച ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 2024-ല്‍ ഏകദേശം 4.19 ലക്ഷം അന്താരാഷ്ട്ര ബിരുദധാരികള്‍ ഒ പി ടി പദ്ധതിയിലൂടെ അമേരിക്കയില്‍ ജോലി ചെയ്തിരുന്നു.

ഒരു ലക്ഷം ഡോളര്‍ ഫീസ് നടപ്പിലാക്കിയാല്‍ അമേരിക്കയില്‍ പഠിക്കുന്നതിന്റെയും പഠനശേഷമുള്ള തൊഴില്‍ സാധ്യതയുടെയും സാമ്പത്തിക കണക്കുകൂട്ടല്‍ പൂര്‍ണമായും മാറും.

ഇതിനകം തന്നെ ഇന്ത്യന്‍ കുടുംബങ്ങള്‍ ട്യൂഷന്‍ ഫീസ്, താമസം, മറ്റ് ചെലവുകള്‍ എന്നിവയ്ക്കായി ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുന്നുണ്ട്. അതിന് പുറമെ ഏകദേശം 95 ലക്ഷം രൂപ കൂടി നല്‍കേണ്ടിവന്നാല്‍, പഠനശേഷമുള്ള തൊഴില്‍ അവസരം പലര്‍ക്കും അപ്രാപ്യമാകാന്‍ സാധ്യതയുണ്ട്.

ഇത് അമേരിക്കയ്ക്ക് പകരം കാനഡ, ഓസ്‌ട്രേലിയ, ബ്രിട്ടന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളെ തെരഞ്ഞെടുക്കാന്‍ കൂടുതല്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിച്ചേക്കാമെന്നും വിലയിരുത്തപ്പെടുന്നു.

ഈ നീക്കം വിദ്യാര്‍ഥികളെ മാത്രമല്ല, അമേരിക്കന്‍ സര്‍വകലാശാലകളെയും ബാധിച്ചേക്കും. വിദേശ വിദ്യാര്‍ഥികള്‍ നല്‍കുന്ന മുഴുവന്‍ ട്യൂഷന്‍ ഫീസിനെയാണ് പല സര്‍വകലാശാലകളും ആശ്രയിക്കുന്നത്. വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നത് സര്‍വകലാശാലകളുടെ സാമ്പത്തിക സ്ഥിതിയെയും ബാധിക്കും.

അതേസമയം, അമേരിക്കയിലെ സാങ്കേതികവിദ്യ, ധനകാര്യ മേഖലകളിലെ നിരവധി കമ്പനികള്‍ ഒ പി ടി പദ്ധതിയിലൂടെ പ്രഗത്ഭരായ വിദേശ ബിരുദധാരികളെ നിയമിച്ചശേഷമാണ് പിന്നീട് എച്ച്-1ബി വിസയ്ക്ക് സ്‌പോണ്‍സര്‍ ചെയ്യുന്നത്. പുതിയ ഫീസ് നിലവില്‍ വന്നാല്‍ ഈ കഴിവുള്ള തൊഴിലാളികളുടെ ലഭ്യതയും കുറയാന്‍ സാധ്യതയുണ്ട്.

റിപ്പോര്‍ട്ട് അനുസരിച്ച് ട്രംപ് ഭരണകൂടം ഇപ്പോഴും ഈ നിര്‍ദേശം പരിഗണിക്കുന്ന ഘട്ടത്തിലാണ്. ഇതുസംബന്ധിച്ച് ഔദ്യോഗിക നയപ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

ഇതിന് മുമ്പ് ചില എച്ച്-1ബി വിസ അപേക്ഷകരില്‍ നിന്ന് സമാനമായ രീതിയില്‍ ഒരു ലക്ഷം ഡോളര്‍ ഈടാക്കാനുള്ള നീക്കം നിയമപരമായ വെല്ലുവിളികള്‍ നേരിട്ടിരുന്നു.

അതുകൊണ്ട് നിലവില്‍ അമേരിക്കയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാല്‍ ഈ നിര്‍ദേശം പിന്നീട് ഔദ്യോഗിക നയമായി മാറുകയാണെങ്കില്‍, അമേരിക്കയില്‍ പഠനവും തൊഴിലും ലക്ഷ്യമിടുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി പദ്ധതികളില്‍ വലിയ മാറ്റമുണ്ടാക്കാന്‍ സാധ്യതയുണ്ട്.