വാഷിംഗ്ടണ്‍: യുക്രെയ്‌ന് പാട്രിയറ്റ് മിസൈല്‍ ഇന്റര്‍സെപ്റ്ററുകള്‍ നിര്‍മ്മിക്കാന്‍ ലൈസന്‍സ് നല്‍കുന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക അനുമതി നല്‍കിയതായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി അവകാശപ്പെട്ടതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അത്യാധുനിക പ്രതിരോധ സാങ്കേതികവിദ്യ കൈമാറുന്നതില്‍ അമേരിക്ക അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിഷയം പരിഗണനയിലാണെന്നും പാട്രിയറ്റ് അത്യന്തം സവിശേഷമായ ആയുധമാണെന്നും അതിനാല്‍ ആര്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന കാര്യത്തില്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും പൊതുവേ ഇത്തരം സൈനിക ഉപകരണങ്ങളുടെ നിര്‍മ്മാണ ലൈസന്‍സ് തങ്ങള്‍ നല്‍കാറില്ലെന്നും ട്രംപ് പറഞ്ഞു.
വൈറ്റ് ഹൗസില്‍ രണ്ട് ദിവസം മുമ്പ് സെലെന്‍സ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പാട്രിയറ്റ് മിസൈല്‍ നിര്‍മ്മാണം പ്രധാന ചര്‍ച്ചാ വിഷയമായിരുന്നുവെന്നാണ് യുക്രെയ്ന്‍ പ്രസിഡന്റ് വ്യക്തമാക്കിയിരുന്നത്. അമേരിക്ക ലൈസന്‍സ് നല്‍കാന്‍ സമ്മതിച്ചെന്നും പാട്രിയറ്റ് സംവിധാനം നിര്‍മ്മിക്കുന്ന കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്നും സെലെന്‍സ്‌കി അവകാശപ്പെട്ടിരുന്നു.
പാട്രിയറ്റ് മിസൈലുകളുടെ സംയുക്ത നിര്‍മ്മാണം യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ഇത് യുക്രെയ്‌നിന്റെ പ്രതിരോധ മുന്‍ഗണനകളില്‍ ഒന്നാണെന്നും സെലെന്‍സ്‌കി പറഞ്ഞിരുന്നു.
റഷ്യയുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളില്‍ നിന്ന് നഗരങ്ങളെ സംരക്ഷിക്കാന്‍ യുക്രെയ്ന്‍ ആശ്രയിക്കുന്ന പ്രധാന വ്യോമപ്രതിരോധ സംവിധാനമാണ് പാട്രിയറ്റ് എയര്‍ ഡിഫന്‍സ് സിസ്റ്റം. റഷ്യ ദീര്‍ഘദൂര ആക്രമണങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തില്‍ കൂടുതല്‍ പാട്രിയറ്റ് ബാറ്ററികളും ഇന്റര്‍സെപ്റ്റര്‍ മിസൈലുകളും നല്‍കണമെന്ന് യുക്രെയ്ന്‍ തുടര്‍ച്ചയായി ആവശ്യപ്പെടുന്നുണ്ട്.
ഈ മാസം ആദ്യം തുര്‍ക്കിയില്‍ നടന്ന നേറ്റോ ഉച്ചകോടിക്കിടെ പാട്രിയറ്റ് മിസൈലുകള്‍ ലൈസന്‍സിന്റെ അടിസ്ഥാനത്തില്‍ യുക്രെയ്‌നില്‍ നിര്‍മ്മിക്കാന്‍ അമേരിക്ക തയ്യാറാണെന്ന സൂചന ട്രംപ് നല്‍കിയിരുന്നു. എന്നാല്‍ പുതിയ പ്രതികരണം കൂടുതല്‍ ജാഗ്രതയോടെയുള്ള നിലപാടാണ് വ്യക്തമാക്കുന്നത്.
പാട്രിയറ്റ് മിസൈല്‍ സംവിധാനത്തിനായുള്ള ഇന്റര്‍സെപ്റ്റര്‍ മിസൈലുകള്‍ അമേരിക്കന്‍ പ്രതിരോധ കമ്പനികളായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍, ആര്‍ ടി എക്‌സ് എന്നിവയാണ് നിര്‍മ്മിക്കുന്നത്.
പാട്രിയറ്റ് മിസൈല്‍ വിഷയത്തില്‍ അനിശ്ചിതത്വം തുടരുന്നുണ്ടെങ്കിലും യുദ്ധം അവസാനിപ്പിക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് ട്രംപ് ആവര്‍ത്തിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി തന്റെ പ്രത്യേക പ്രതിനിധികളായ ജാരെഡ് കുഷ്‌നര്‍, സ്റ്റീവ് വിറ്റ്‌കോഫ് എന്നിവര്‍ അടുത്ത ദിവസങ്ങളില്‍ യുക്രെയ്ന്‍ സന്ദര്‍ശിക്കുമെന്നും ട്രംപ് അറിയിച്ചു.
