പാരിസ്: ഇന്ത്യന്‍ വ്യോമസേനയുടെ റഫാല്‍ യുദ്ധവിമാനങ്ങളുടെ പ്രകടനത്തെ ചോദ്യം ചെയ്യുകയും ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിക്കുകയും ചെയ്ത് വിവാദമായ മുന്‍ ഫ്രഞ്ച് നാവികസേനാ പൈലറ്റായ പിയര്‍-ഹെന്റി ഷുവെയെ ചൈനയ്ക്കുവേണ്ടി ചാരവൃത്തി നടത്തിയെന്ന ആരോപണത്തില്‍ ഫ്രഞ്ച് അധികൃതര്‍ ഔദ്യോഗിക അന്വേഷണത്തിന് വിധേയനാക്കി. ഫ്രഞ്ച് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഫ്രഞ്ച്- കനേഡിയന്‍ ഇരട്ട പൗരത്വമുള്ള ഷുവെ ചൈനീസ് ഏജന്റുമാര്‍ക്ക് രഹസ്യ സൈനിക വിവരങ്ങള്‍ ശേഖരിച്ച് കൈമാറിയെന്നാണ് പാരിസ് പ്രോസിക്യൂട്ടര്‍മാരുടെ സംശയം. ഫ്രഞ്ച് അന്വേഷണ മാധ്യമങ്ങളായ ലെ കനാര്‍ഡ് എന്‍ചെയ്ന്‍, മീഡിയപാര്‍ട്ട് എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, അദ്ദേഹത്തിനെതിരെ ഔദ്യോഗിക കുറ്റാരോപണങ്ങള്‍ ചുമത്തിയിട്ടുണ്ട്. നിലവില്‍ ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ടെങ്കിലും അന്വേഷണം തുടരുകയാണ്.
2025 മേയില്‍ നടന്ന ഓപ്പറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച പ്രതികരണത്തിലൂടെയാണ് ഷുവെ ശ്രദ്ധ നേടിയത്. ഇന്ത്യന്‍ വ്യോമസേനയുടെ റഫാല്‍ യുദ്ധവിമാനങ്ങളുടെ കാര്യക്ഷമത ചോദ്യം ചെയ്ത അദ്ദേഹം, ചൈന നിര്‍മ്മിച്ച ജെ-10സി, ജെഎഫ്-17 യുദ്ധവിമാനങ്ങളെ 'റഫാല്‍ കില്ലറുകള്‍' എന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യന്‍ വ്യോമസേനയുടെ ഏറ്റവും ആധുനിക യുദ്ധവിമാനങ്ങളായ റഫാലിനെക്കുറിച്ചുള്ള ഈ പരാമര്‍ശം വ്യാപക വിവാദത്തിന് വഴിവെച്ചിരുന്നു. റഫാല്‍ യുദ്ധവിമാനങ്ങള്‍ ഫ്രഞ്ച് കമ്പനിയായ ഡസാല്‍ട്ട് ഏവിയേഷനാണ് നിര്‍മ്മിക്കുന്നത്.
ഫ്രഞ്ച് മാധ്യമങ്ങള്‍ പറയുന്നതനുസരിച്ച് 2018 സെപ്റ്റംബറിലും 2019 ഓഗസ്റ്റിലും ഫ്രഞ്ച് നാവികസേനയില്‍ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കെ ഷുവെ കുറഞ്ഞത് രണ്ട് തവണ ചൈന സന്ദര്‍ശിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ വിദേശയാത്രകള്‍ അദ്ദേഹം ഫ്രഞ്ച് അധികൃതരെ അറിയിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ദക്ഷിണാഫ്രിക്ക ആസ്ഥാനമായുള്ള ഒരു വ്യോമയാന കമ്പനിയുടെ സഹായത്തോടെ ചൈനീസ് സൈനിക പൈലറ്റുകള്‍ക്ക് പരിശീലനം സംഘടിപ്പിച്ചതായും ഫ്രഞ്ച് സൈനിക വ്യോമപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രഹസ്യ പ്രവര്‍ത്തന- തന്ത്ര വിവരങ്ങള്‍ കൈമാറിയിരിക്കാമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്.
2021 വരെ ഫ്രഞ്ച് നാവികസേനയുടെ നാവിക വ്യോമവിഭാഗത്തില്‍ സേവനമനുഷ്ഠിച്ച ഷുവെ, ഫ്രാന്‍സിന്റെ ഏക പ്രവര്‍ത്തനക്ഷമ വിമാനവാഹിനിക്കപ്പലായ ചാള്‍സ് ഡി ഗോളില്‍ നിന്ന് സൂപ്പര്‍ എറ്റന്‍ഡാര്‍ഡ് ആക്രമണവിമാനങ്ങളും റഫാല്‍ എം മള്‍ട്ടി-റോള്‍ യുദ്ധവിമാനങ്ങളും പറത്തിയിരുന്നു.
2026 ജൂലൈ 20-ന് ആരംഭിച്ച ആഴ്ചയില്‍ ഫ്രാന്‍സിന്റെ ആഭ്യന്തര രഹസ്യാന്വേഷണ- ഭീകരവിരുദ്ധ ഏജന്‍സിയായ ഡി ജി എസ് ഐ ഉദ്യോഗസ്ഥര്‍ ഷുവെയെ ചോദ്യം ചെയ്യുകയും അദ്ദേഹത്തിന്റെ വസതിയില്‍ പരിശോധന നടത്തുകയും ചെയ്തതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേസില്‍ അന്വേഷണം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
സൈനിക സാങ്കേതികവിദ്യയും പ്രവര്‍ത്തനപരമായ വൈദഗ്ധ്യവും സ്വന്തമാക്കാനുള്ള ചൈനയുടെ ശ്രമങ്ങളെക്കുറിച്ചുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ ആശങ്കകള്‍ ശക്തമാകുന്നതിനിടെയാണ് ഈ കേസ് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍, അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഫ്രഞ്ച് അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
