അമേരിക്ക- സൗദി ആക്രമണത്തിന് അനുമതിയോ മുന്‍കൂര്‍ അറിവോ ഇല്ലെന്ന് ഇറാഖ്; ട്രംപിന്റെ അവകാശവാദം തള്ളി

അമേരിക്ക- സൗദി ആക്രമണത്തിന് അനുമതിയോ മുന്‍കൂര്‍ അറിവോ ഇല്ലെന്ന് ഇറാഖ്; ട്രംപിന്റെ അവകാശവാദം തള്ളി


ബാഗ്ദാദ്: ഇറാഖിലെ ഇറാന്‍ അനുകൂല പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സസ് (പി എം എഫ്) കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്കയും സൗദി അറേബ്യയും നടത്തിയ വ്യോമാക്രമണത്തെക്കുറിച്ച് മുന്‍കൂര്‍ അറിവോ അനുമതിയോ നല്‍കിയിട്ടില്ലെന്ന് ഇറാഖ് സര്‍ക്കാര്‍ വ്യക്തമാക്കി. ആക്രമണത്തില്‍ കുറഞ്ഞത് 20 പി എം എഫ് അംഗങ്ങള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

അല്‍ ജസീറ റിപ്പോര്‍ട്ട് പ്രകാരം ആക്രമണത്തെ തുടര്‍ന്ന് സൗദി അറേബ്യയിലേക്ക് നിശ്ചയിച്ചിരുന്ന സന്ദര്‍ശനം ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍- സുഡാനി മാറ്റിവച്ചു.

ഇറാഖ് ഭൂപ്രദേശത്തിനുള്ളിലെ ഏതെങ്കിലും കേന്ദ്രങ്ങളെയോ സംഘടനകളെയോ ആക്രമിക്കാന്‍ സര്‍ക്കാര്‍ ഒരു അനുമതിയും നല്‍കിയിട്ടില്ലെന്നും ഇറാഖ് ഭൂപ്രദേശത്ത് ആക്രമണം നടക്കുമെന്നതിനെക്കുറിച്ച് സര്‍ക്കാരിന് മുന്‍കൂര്‍ അറിവുമുണ്ടായിരുന്നില്ലെന്നും സര്‍ക്കാര്‍ വക്താവ് ഹൈദര്‍ അല്‍-അബൂദി പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ ആക്രമണം ഇറാഖ് സര്‍ക്കാരുമായി ഏകോപിപ്പിച്ചാണ് നടത്തിയതെന്ന് അവകാശപ്പെട്ടതിന് പിന്നാലെയാണ് ബാഗ്ദാദിന്റെ വിശദീകരണം. എന്നാല്‍ ഇറാഖ് സര്‍ക്കാര്‍ ആക്രമണത്തെ നേരത്തെ തന്നെ അപലപിച്ചിരുന്നതോടൊപ്പം ട്രംപിന്റെ അവകാശവാദവും ഇപ്പോള്‍ പരസ്യമായി തള്ളിക്കളഞ്ഞിരിക്കുകയാണ്.

അതേസമയം, ഇറാഖിലെ ഇറാന്‍ അനുകൂല സായുധസംഘങ്ങള്‍ സൗദിക്കെതിരെ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന ആരോപണത്തിന് തെളിവ് നല്‍കണമെന്ന് ഇറാഖ് സൗദി അറേബ്യയോട് ആവശ്യപ്പെട്ടു.

സൗദി പ്രതിരോധ മന്ത്രാലയത്തിന്റെ അവകാശവാദമനുസരിച്ച് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഇറാഖില്‍ നിന്ന് വിക്ഷേപിച്ച ഡ്രോണുകള്‍ റിയാദിനെയും രാജ്യത്തെ നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടിരുന്നു.

എന്നാല്‍ ഈ ആരോപണങ്ങള്‍ തെളിയിക്കുന്ന ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇറാഖ് പ്രധാനമന്ത്രിയുടെ വക്താവ് സബാഹ് അല്‍-നുമാന്‍ ഇറാഖ് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. ഈ പ്രസ്താവന സി എന്‍ എന്‍ ഉദ്ധരിച്ചിട്ടുണ്ട്.

ഇറാഖ് ഭൂപ്രദേശത്ത് നിന്ന് ഏതെങ്കിലും സായുധസംഘങ്ങള്‍ സ്വമേധയാ ആക്രമണം നടത്താന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും അതേ സമയം വിദേശ രാജ്യങ്ങള്‍ ഇറാഖിന്റെ പരമാധികാരം ലംഘിക്കുന്ന നടപടികളും അംഗീകരിക്കില്ലെന്നും അല്‍-നുമാന്‍ വ്യക്തമാക്കി.