ടൊറന്റോ: ഒരു കാലത്ത് വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ കല്‍ക്കരി അധിഷ്ഠിത വൈദ്യുത നിലയമായിരുന്ന ഒന്റാറിയോ പ്രവിശ്യയിലെ നാന്റിക്കോക്ക് ജനറേറ്റിംഗ് സ്റ്റേഷന്‍ വീണ്ടും വൈദ്യുതി ഉത്പാദന കേന്ദ്രമായി മാറാനൊരുങ്ങുന്നു. 2013-ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച ഈ കേന്ദ്രത്തില്‍ പുതിയ വൈദ്യുതി ഉത്പാദന പദ്ധതികള്‍ നടപ്പാക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതിനായി ഒന്റാറിയോ പവര്‍ ജനറേഷന്‍ ഹാള്‍ഡിമാന്‍ഡ് കൗണ്ടിക്ക് അഞ്ച് ലക്ഷം കനേഡിയന്‍ ഡോളറിന്റെ ധനസഹായം അനുവദിച്ചു.
പുതിയ വൈദ്യുതി ഉത്പാദന പദ്ധതികള്‍ക്കായുള്ള സമൂഹതല ചര്‍ച്ചകള്‍, പ്രാഥമിക പഠനങ്ങള്‍, പദ്ധതിയിടല്‍ എന്നിവ ആരംഭിക്കുന്നതിനാണ് ഈ തുക വിനിയോഗിക്കുകയെന്ന് പ്രവിശ്യാ സര്‍ക്കാര്‍ അറിയിച്ചു. ചെറുകിട മോഡുലാര്‍ ആണവ റിയാക്ടറുകള്‍ ഉള്‍പ്പെടെയുള്ള 'ഫേം എനര്‍ജി' പദ്ധതികളും പരിഗണനയിലുണ്ട്. കാറ്റാടിയിലോ സൗരോര്‍ജത്തിലോ നിന്ന് വ്യത്യസ്തമായി ആവശ്യാനുസരണം സ്ഥിരമായി വൈദ്യുതി ഉഹറവാദിപ്പിക്കാന്‍ കഴിയുന്ന സംവിധാനങ്ങളെയാണ് 'ഫേം എനര്‍ജി' എന്ന് വിശേഷിപ്പിക്കുന്നത്.
ഏത് സാങ്കേതികവിദ്യയാണ് ഒടുവില്‍ തിരഞ്ഞെടുക്കുകയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും ഹൈഡ്രജന്‍, പ്രകൃതി വാതകം, ആണവോര്‍ജം എന്നിവയാണ് പ്രധാന പരിഗണനയിലുള്ളതെന്ന് ഒന്റാറിയോ ഊര്‍ജ- ഖനന മന്ത്രി സ്റ്റീഫന്‍ ലെച്ചെ അറിയിച്ചു.
'സാങ്കേതികവിദ്യ സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പ്രാദേശിക ജനങ്ങളുമായും ബന്ധപ്പെട്ട വിഭാഗങ്ങളുമായും സമഗ്രമായ ആശയവിനിമയം നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം,' നാന്റിക്കോക്ക് പ്ലാന്റ് പരിസരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
2050ഓടെ ഒന്റാറിയോയിലെ വൈദ്യുതി ആവശ്യകത 90 ശതമാനം വരെ ഉയരുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് പുതിയ വൈദ്യുതി ഉത്പാദന കേന്ദ്രങ്ങള്‍ വികസിപ്പിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കിയത്.
364 ഹെക്ടര്‍ വിസ്തൃതിയുള്ള നാന്റിക്കോക്ക് പ്ലാന്റ് പ്രദേശത്ത് ഇതിനകം തന്നെ 3,000 മെഗാവാട്ട് വരെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള അനുമതിയും ഭൂവിനിയോഗ അനുമതികളും നിലവിലുണ്ട്. ഉയര്‍ന്ന ശേഷിയുള്ള വൈദ്യുതി ട്രാന്‍സ്മിഷന്‍ ലൈനുകള്‍, റെയില്‍ ബന്ധം, തുറമുഖ സൗകര്യം എന്നിവയും ഇവിടെയുണ്ട്.
'ഇത് അപൂര്‍വ സാധ്യതകളുള്ള ഭൂമിയാണ്. ഇത്രയും മൂല്യമുള്ള സ്ഥലം ഉപയോഗശൂന്യമായി കിടക്കുന്നത് അംഗീകരിക്കാനാവില്ല,' മന്ത്രി ലെച്ചെ പറഞ്ഞു.
പ്രകൃതി വാതക അധിഷ്ഠിത നിലയം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നിര്‍മ്മിക്കാന്‍ കഴിയുമെങ്കിലും ചെറുകിട മോഡുലാര്‍ ആണവ റിയാക്ടര്‍ സ്ഥാപിക്കാന്‍ ഏകദേശം പത്ത് വര്‍ഷമെങ്കിലും വേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ധനസഹായം ഉപയോഗിച്ച് വിവിധ പദ്ധതികളുടെ ഗുണദോഷങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കുകയും സമീപ നഗരസഭകളുമായും തദ്ദേശീയ ആദിവാസി സമൂഹങ്ങളുമായും ചര്‍ച്ച നടത്തുകയും അഭിപ്രായങ്ങള്‍ ശേഖരിക്കുകയും ചെയ്യുമെന്ന് ഹാള്‍ഡിമാന്‍ഡ് കൗണ്ടി മേയര്‍ ഷെല്ലി ആന്‍ ബെന്റ്ലി പറഞ്ഞു.
'ഈ സംവാദം പോസിറ്റീവായി ആരംഭിക്കാനാണ് ഈ തുക ഉപയോഗിക്കുന്നത്. അടുത്ത അഞ്ച് മുതല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ ഇവിടെ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ,' അവര്‍ പറഞ്ഞു.
നാന്റിക്കോക്ക് പ്ലാന്റില്‍ 27 വര്‍ഷം ജോലി ചെയ്തിരുന്ന ഹാള്‍ഡിമാന്‍ഡ് ഡെപ്യൂട്ടി മേയര്‍ ഡെബോറ മക്കീന്‍ ഈ പ്രഖ്യാപനത്തെ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. 1986-ല്‍ പ്ലാന്റിലെ ആദ്യ വനിതാ മെയിന്റനന്‍സ് മെക്കാനിക്കായിരുന്ന അവര്‍, 2013-ല്‍ പ്ലാന്റ് അടച്ചുപൂട്ടിയപ്പോള്‍ ജോലി അവസാനിപ്പിക്കേണ്ടിവന്നവരില്‍ ഒരാളായിരുന്നു.
പ്രഖ്യാപനം തനിക്ക് അതിയായ സന്തോഷമാണ് നല്‍കുന്നതെന്നും ഒന്റാറിയോയുടെ വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ അഭിമാനമുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു.
നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മറ്റൊരിടത്ത് പുനര്‍നിര്‍മിക്കാന്‍ വര്‍ഷങ്ങളും കോടിക്കണക്കിന് ഡോളറും ചെലവാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
മുന്‍ ലിബറല്‍ സര്‍ക്കാരിന്റെ കാലത്താണ് 2013-ല്‍ നാന്റിക്കോക്ക് കല്‍ക്കരി നിലയം അടച്ചുപൂട്ടിയത്. വര്‍ഷങ്ങളോളം ഒന്റാറിയോയിലെ ഏറ്റവും വലിയ വായു മലിനീകരണ ഉറവിടമായിരുന്നു ഈ പ്ലാന്റ്. 2000-ല്‍ മാത്രം 7,640 ടണ്‍ വിഷമാലിന്യങ്ങള്‍ പുറന്തള്ളിയതായി ഫെഡറല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കല്‍ക്കരി അധിഷ്ഠിത വൈദ്യുതി ഉത്പാദനം അവസാനിപ്പിച്ചത് പരിസ്ഥിതി സംരക്ഷണത്തിന് നിര്‍ണായകമായിരുന്നുവെന്ന് മന്ത്രി ലെച്ചെ സമ്മതിച്ചെങ്കിലും പ്ലാന്റ് അടച്ചതിനെ തുടര്‍ന്ന് നഷ്ടപ്പെട്ട ദീര്‍ഘകാല തൊഴിലവസരങ്ങള്‍ക്ക് പകരം സംവിധാനം ഒരുക്കുന്നതില്‍ മുന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം വിമര്‍ശിച്ചു.
ഭാവിയിലെ പദ്ധതിയിലൂടെ എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നത് സാങ്കേതികവിദ്യ തെരഞ്ഞെടുക്കുന്നതിന് ശേഷമേ വ്യക്തമാകൂവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഡാര്‍ലിങ്ടണില്‍ നിര്‍മ്മിക്കുന്ന നാല് ചെറുകിട മോഡുലാര്‍ ആണവ റിയാക്ടര്‍ പദ്ധതികളിലൂടെ 18,000 മുതല്‍ 19,000 വരെ നിര്‍മാണ തൊഴിലവസരങ്ങളും ഏകദേശം 3,700 സ്ഥിരം തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
2024-ല്‍ ഹാള്‍ഡിമാന്‍ഡ് കൗണ്ടി കൗണ്‍സില്‍ നാന്റിക്കോക്കില്‍ ആണവോര്‍ജ പദ്ധതിയെ അനുകൂലിച്ച് പ്രമേയം പാസാക്കിയിരുന്നു. അതേസമയം, 2013 മുതല്‍ കാറ്റാടി വൈദ്യുത പദ്ധതികള്‍ക്ക് കൗണ്ടിയില്‍ വിലക്ക് തുടരുകയാണ്.
വിപുലമായ ഈ ഊര്‍ജ പദ്ധതി ഹാള്‍ഡിമാന്‍ഡ് കൗണ്ടിക്ക് മാത്രമല്ല, സമീപ പ്രദേശങ്ങളുടെയും സാമ്പത്തിക വളര്‍ച്ചയ്ക്ക് വലിയ ഉത്തേജനമാകുമെന്ന് സിംകോ ആന്‍ഡ് ഡിസ്ട്രിക്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് റിനി വാന്‍കൂട്ടന്‍ പറഞ്ഞു.
