കണ്ണീര്‍ നുണയുന്ന 'ചോക്ലേറ്റ്' കര്‍ഷകര്‍

കണ്ണീര്‍ നുണയുന്ന 'ചോക്ലേറ്റ്' കര്‍ഷകര്‍

Photo Caption ഘാനയില്‍ അനധികൃത സ്വര്‍ണ ഖനനത്തിന് കൊക്കോ കൃഷി നശിപ്പിച്ചതിന്റെ ഡ്രോണ്‍ ദൃശ്യം


ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊക്കോ ഉത്പാദിപ്പിക്കുന്ന ഘാനയിലും ഐവറി കോസ്റ്റിലും പ്രതിസന്ധി നേരിട്ടതോടെ ലോകത്ത് വരും വര്‍ഷങ്ങളില്‍ ചോക്ലേറ്റ് അത്യാഡംബര വസ്തുവാകും. പശ്ചിമാഫ്രിക്കയിലെ കൊക്കോ പ്രതിസന്ധി രൂക്ഷമായതോടെ ചോക്ലേറ്റ് വില ഉയരത്തിലേക്കാണ് കുതിക്കുന്നത്. 

ലോകത്തിനാവശ്യമായ കോക്കോയുടെ 60 ശതമാനത്തിലധികം വിതരണം ചെയ്യുന്നത് ഘാനയില്‍ നിന്നും ഐവറി കോസ്റ്റില്‍ നിന്നുമാണ്. ഈ രാജ്യങ്ങളാവട്ടെ ഈ സീസണില്‍ വിളവെടുപ്പില്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. 

ചോക്ലേറ്റ് ഉത്പാദനത്തിലെ അസംസ്‌കൃത വസ്തുവാണ് കൊക്കോ കുരു. അരക്കിലോഗ്രാം ചോക്ലേറ്റ് നിര്‍മിക്കാന്‍ 400 കൊക്കോ കുരു വേണമെന്നാണ് കണക്ക്. ഒരു മരത്തില്‍ നിന്നും ഒരു വര്‍ഷം പരമാവധി 2500 കുരുവാണ് ലഭിക്കുക. ലോകത്താകെ ഒരു വര്‍ഷം 75 ലക്ഷം ടണ്‍ ചോക്ലേറ്റാണ് നിലവില്‍ ആവശ്യമുള്ളത്. 

വ്യാപകമായ അനധികൃത സ്വര്‍ണ്ണ ഖനനം, കാലാവസ്ഥാ വ്യതിയാനം, മേഖലയുടെ കെടുകാര്യസ്ഥത, അതിവേഗം പടരുന്ന രോഗങ്ങള്‍ തുടങ്ങിയവയെല്ലാം കൊക്കോ കൃഷിയെ ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  

രാജ്യാന്തര വിപണിയില്‍ കൊക്കോയുടെ വില ടണ്ണിന് 10000 ഡോളര്‍ കടന്നു. ലോകത്തിലെ മറ്റൊരു കാര്‍ഷികോത്പന്നത്തിനും അവകാശപ്പെടാന്‍ സാധിക്കാത്ത തരത്തില്‍ ഒരു വര്‍ഷത്തിനകം 200 ശതമാനത്തിലധികമാണ് കൊക്കോയുടെ വില ഉയര്‍ന്നത്. 

ഘാനയുടെ കൊക്കോ മാര്‍ക്കറ്റിംഗ് ബോര്‍ഡായ കൊക്കോബോഡിന്റെ കണക്കുകള്‍ പ്രകാരം 590,000 ഹെക്ടര്‍ തോട്ടങ്ങളെ വിളവെടുപ്പ് പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. ഘാനയില്‍ ഏകദേശം 1.38 ദശലക്ഷം ഹെക്ടറിലാണ് കൊക്കോ കൃഷി ചെയ്യുന്നത്.

കൊക്കോ ഉത്പാദനം ദീര്‍ഘകാല ഇടിവിലാണെന്ന് ട്രോപ്പിക്കല്‍ റിസര്‍ച്ച് സര്‍വീസസിലെ കൊക്കോ വിദഗ്ധന്‍ സ്റ്റീവ് വാട്ടറിഡ്ജ് പറഞ്ഞു. ഒരു ടിപ്പിംഗ് പോയിന്റില്‍ എത്തിയില്ലെങ്കില്‍ ഘാനയില്‍ 20 വര്‍ഷത്തേക്കുള്ള ഏറ്റവും കുറഞ്ഞ വിളവും ഐവറി കോസ്റ്റില്‍ എട്ട് വര്‍ഷത്തേക്ക് ഏറ്റവും കുറഞ്ഞ വിളവും ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

വിപണികളെ ഞെട്ടിച്ച പ്രതിസന്ധി മറികടക്കാനായില്ലെങ്കില്‍ പശ്ചിമാഫ്രിക്കയുടെ കൊക്കോ ആധിപത്യത്തിന്റെ അവസാനത്തിന്റെ തുടക്കമാണ്  കുറിക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. 

നാല്‍പ്പത് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് കൊക്കോ ക്ഷാമം ഇത്രയും രൂക്ഷമാകുന്നത്. ഐവറി കോസ്റ്റില്‍ അടുത്ത മാസം ഇടക്കാല വിളവെടുപ്പ് നടക്കുമെങ്കിലും ആവശ്യത്തിന് അനുസരിച്ചുള്ള ലഭ്യതയുണ്ടാകില്ല. 

ഘാനയുടേയും ഐവറികോസ്റ്റിന്റേയും കാര്‍ഷിക പ്രതിസന്ധിയുടെ അവസരം മുതലെടുത്ത് ഇക്വഡോറും ബ്രസീലും കൊക്കോ ഉത്പാദന വര്‍ധനയ്ക്കുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഏറ്റവും അടുത്ത സമയങ്ങളിലേക്കൊന്നും അതിന്റെ പ്രയോജനം ലഭ്യമാകാന്‍ സാധ്യതയില്ല. 

കൊക്കോ ലഭ്യത വലിയ തോതില്‍ കുറയുകയും വില ആനുപാതികമായി വര്‍ധിക്കുമെന്നുമാണ് ഇന്റര്‍നാഷണല്‍ കൊക്കോ ഓര്‍ഗനൈസേഷന്‍ കരുതുന്നത്. 


കണ്ണീര്‍ നുണയുന്ന 'ചോക്ലേറ്റ്' കര്‍ഷകര്‍

പശ്ചിമാഫ്രിക്കയിലെ ദശലക്ഷക്കണക്കിന് കൊക്കോ കര്‍ഷകര്‍ വേദനാജനകമായ സമയത്തിലൂടെ കടന്നുപോകുന്നത് ഉപഭോക്തൃ വിപണിയേയും ഏതാനും വര്‍ഷങ്ങള്‍ പ്രതിസന്ധിയിലാഴ്ത്തും. വരും വര്‍ഷങ്ങളില്‍ ചോക്ലേറ്റും ചോക്ലേറ്റ് ഉത്പന്നങ്ങളും സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ഷോക്കേസുകളില്‍ സ്വര്‍ണം സൂക്ഷിക്കുന്നതുപോലെ പൂട്ടി സൂക്ഷിക്കേണ്ടി വന്നേക്കാം. 

ഗവേഷണ സ്ഥാപനമായ നീല്‍സെന്‍ഐക്യുവില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം യു എസില്‍ ഈസ്റ്റര്‍ മിഠായി വാങ്ങുന്ന ഷോപ്പര്‍മാര്‍ സ്റ്റോറുകളുടെ അലമാരയിലെ ചോക്ലേറ്റിന് ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 10 ശതമാനത്തിലധികം വില കൂടുതലാണെന്ന് പറയുന്നു.

ചോക്ലേറ്റ് നിര്‍മ്മാതാക്കള്‍ മാസങ്ങള്‍ക്കുമുമ്പ് കൊക്കോ വാങ്ങുന്നതിനാല്‍ പശ്ചിമാഫ്രിക്കയിലെ വിള പ്രതിസന്ധി ഉപഭോക്താക്കളിലേക്കെത്താന്‍ ഈ വര്‍ഷം അവസാനമായേക്കും. 

'നമ്മള്‍ കഴിക്കുന്ന തരത്തിലുള്ള ചോക്ലേറ്റ് ബാര്‍, അത് ഒരു ആഡംബരമായി മാറും,' എന്നാല്‍ ക്ലിയോസ് അഡൈ്വസറിയില്‍ ആഫ്രിക്ക കേന്ദ്രീകരിച്ചുള്ള ചരക്ക് വിദഗ്ധനായ ടെഡ് ജോര്‍ജ് പറയുന്നത്. ചോക്ലേറ്റ് ലഭ്യമാകും, പക്ഷേ ചെലവ് ഇരട്ടിയിലധികമായിരിക്കും. 

നിലവില്‍ യൂറോപ്പില്‍ കൊക്കോ ബട്ടറിന്റെ സ്‌റ്റോക്ക് തീര്‍ന്നതായും യു എസില്‍ കൊക്കോ പൗഡറിന്റെ സ്റ്റോക്ക് വളരെ കുറവാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 

കേരളത്തില്‍ ഇടുക്കി ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ കൊക്കോ കര്‍ഷകര്‍ക്ക് ഘാനയിലേയും ഐവറികോസ്റ്റിലേയും പ്രതിസന്ധി നേട്ടമാകുമോ എന്ന കാര്യത്തില്‍ സംശയമാണ്. കാരണം കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത് വിളവെടുപ്പ് കാലമല്ല. മാത്രമല്ല വളരെ കുറവു മാത്രമാണ് കേരളത്തിലെ കൃഷി. 

കഴിഞ്ഞ വര്‍ഷം 250 രൂപ വരെ വിലയുണ്ടായിരുന്ന ഉണക്ക കൊക്കോയ്ക്ക് ഇപ്പോള്‍ 650- 670 രൂപ വരെ എത്തിയെന്ന ഗുണം കര്‍ഷകര്‍ക്ക് കിട്ടിയേക്കാം. കൊക്കോ തൈകള്‍ വ്യാപകമായി വാങ്ങിക്കൂട്ടാനും കൃഷി ചെയ്യാനുമൊക്കെ മലയാളികള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. രണ്ടു പതിറ്റാണ്ടു മുമ്പ് വാനിലയ്ക്ക് വില വര്‍ധിച്ചപ്പോള്‍ തൈകള്‍ നട്ടുപിടിപ്പിക്കാന്‍ ശ്രമിച്ചതുപോലെ കൊക്കോ തൈകളും നടുന്നുണ്ട്. പക്ഷേ, ഗുണം ലഭിക്കാന്‍ സാധ്യതയില്ലെന്ന് മാത്രം.