കുറിയന്നൂര്‍ തോമസ് ഏബ്രഹാം കോര്‍ എപ്പിസ്‌കോപ്പാ അമേരിക്കയില്‍ അന്തരിച്ചു
ഫിലഡല്‍ഫിയ: കോട്ടയം ഭദ്രാസനത്തിലെ സീനിയര്‍ വൈദികനും പഴയ സെമിനാരി മുന്‍ മാനേജരും മീനടം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവക അംഗവും ആയിരുന്ന കുറിയന്നൂര്‍ തോമസ് ഏബ്രഹാം കോര്‍എപ്പിസ്‌കോപ്പാ
(കപ്പലാംമൂട്ടില്‍ അച്ചന്‍- 78) അമേരിക്കയില്‍ ആശുപത്രിയില്‍ നിര്യാതനായി. സംസ്‌കാരം പിന്നീട് കേരളത്തില്‍.
ഹൃസ്വ സന്ദര്‍ശനത്തിനായി അടുത്തിടെ അമേരിക്കയില്‍ എത്തിയ കോര്‍ എപ്പീസ്‌കോപ്പാ അമേരിക്കയിലുള്ള തന്റെ ബന്ധുവിന്റെ വീട്ടില്‍ സന്ദര്‍ശനത്തിന് പോയതായിരുന്നു. അവിടെവച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉടന്‍തന്നെ സെന്റ് മേരീസ് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആക്കുകയും ചെയ്തു. വെന്റിലേറ്ററിന്റെ സഹായത്തോടെ ഏകദേശം 3 ആഴ്ചക്കാലം ഹോസ്പിറ്റലില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച, ഇന്ത്യന്‍ സമയം രാവിലെ 7:30 ന് ആയിരുന്നു അന്ത്യം.
കോട്ടയത്തെ വിവിധ പ്രമുഖ പള്ളികളില്‍ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുള്ള വന്ദ്യ കോര്‍ എപ്പീസ്‌ക്കോപ്പാ മീനടം, തോട്ടക്കാട്ട് സമീപമുള്ള ടി എം യു പി സ്‌കൂളില്‍ പ്രധാന അധ്യാപകനായും വളരെയേറെക്കാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഓര്‍ത്തഡോക്‌സ് സഭയിലെ കോട്ടയം ഭദ്രാസന അധിപന്‍ ഡോ. യുഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് തിരുമേനിയെ പഠിപ്പിച്ച അധ്യാപകന്‍ കൂടിയാണ് ഇദ്ദേഹം.
റിട്ടയര്‍മെന്റിനു ശേഷം, ഏറെക്കാലം പാമ്പാടി ഇലകൊടിഞ്ഞിയിലുള്ള സ്വന്തം ഭവനത്തില്‍ വിശ്രമ ജീവിതത്തില്‍ ആയിരുന്ന വന്ദ്യ കോര്‍എപ്പീസ്‌ക്കോപ്പായുടെ പൗരോഹിത്യ കനക ജൂബിലി ഈ വര്‍ഷമായിരുന്നു ഇടവക പള്ളി ആഘോഷിച്ചത്.
പരേതയായ അന്നമ്മ വര്‍ഗീസ് കൊച്ചമ്മയാണ് ഭാര്യ. മക്കള്‍: ജോജി (കോണ്‍ട്രാക്ടര്‍), ജോബി (യു കെ), ്‌ജ്യോതി (ഷാര്‍ജ).
കോര്‍ എപ്പീസ്‌ക്കോപ്പായുടെ അമേരിക്കയില്‍ വച്ചുള്ള വിടവാങ്ങല്‍ ചടങ്ങും സംസ്‌ക്കാര ശുശ്രൂഷയുടെ ആദ്യ ഘട്ടവും പൊതുദര്‍ശനവും വന്ദ്യ കോര്‍ എപ്പീസ്‌ക്കോപ്പാ ഏറ്റവും അവസാനമായി ദിവ്യബലി അര്‍പ്പിച്ച ബെന്‍സേലം സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് ജൂലൈ 24ന് വ്യാഴാഴ്ച വൈകിട്ട് 5:00 മണിമുതല്‍ 7.30 വരെയുള്ള സമയങ്ങളില്‍ നടത്തപ്പെടുന്നതാണ്. ഭൗതിക ശരീരം കേരളത്തിലേക്ക് കൊണ്ടുപോകുന്നതും പിന്നീട് കോട്ടയം മീനടം പള്ളിയില്‍ സംസ്‌കരിക്കുന്നതുമാണ് .
വന്ദ്യ കോര്‍എപ്പീസ്‌ക്കോപ്പായുടെ ആകസ്മികമായ വേര്‍പാടില്‍ കുടുംബത്തോടൊപ്പം ദുഃഖത്തില്‍ പങ്കുചേരുകയും ഇടവകയുടെ എല്ലാവിധ അനുശോചനവും പ്രാര്‍ഥനയും അര്‍പ്പിക്കുന്നതായും ബെന്‍സേലം സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവക വികാരി റവ. ഫാദര്‍ ഷിബു വേണാട് മത്തായി അറിയിച്ചു.