എം എസ് ടി നമ്പൂതിരി
ഡാളസ്: സാഹിത്യകാരനും അധ്യാപകനുമായിരുന്ന എം എസ് ടി നമ്പൂരി ഡാളസില്‍ നിര്യാതനായി. പൊതുദര്‍ശനവും സംസ്‌കാരവും ഒക്ടോബര്‍ 13 ഞായറാഴ്ച ഉച്ചക്ക് രണ്ടു മുതല്‍ 4 വരെ ടറന്റൈന്‍ ജാക്‌സണ്‍ മോറോ ഫ്യൂണറല്‍ ഹോം 9073 ബെര്‍ക്ക്‌ഷെയര്‍ ഡോ ഫ്രിസ്‌കോയില്‍ നടക്കും.
1932ല്‍ കോട്ടയം മൂത്തേടത്ത് ഇല്ലത്തായിരുന്നു ജനനം. 1963ല്‍ കപ്പല്‍ മാര്‍ഗ്ഗമായിരുന്നു ന്യൂയോര്‍ക്കില്‍ എത്തിയത്. കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്‌സ് ബിരുദവും പി എച്ച് ഡിയും കരസ്ഥമാക്കിയ എം എസ് ടി അമേരിക്കയില്‍ അറിയപ്പെടുന്ന അധ്യാപകനായിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസിലെ മാത്തമാറ്റിക്‌സ് ആന്‍ഡ് കമ്പ്യൂട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ആയിരിക്കുമ്പോഴാണ് റിട്ടയര്‍ ചെയ്തത്. നാഷണല്‍ ബുക്ക്സ്റ്റാള്‍ പ്രസിദ്ധീകരിച്ച \'പ്രവാസിയുടെ തേങ്ങല്‍\' എന്ന കവിതാ സമാഹാരവും നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ലാന, കെ എല്‍ എസ് തുടങ്ങിയ സാഹിത്യസംഘടനകളുടെ രൂപീകരണത്തിലും ഡാളസ് കേരള അസോസിയേഷന്‍ ഭാരവാഹി, ഡാളസിലെ സാമൂഹ്യ സംസ്‌കാര രംഗത്തെ സജീവ സാന്നിധ്യവും ആയിരുന്ന എം എസ് ടി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് രൂപീകരണത്തിന് മുന്‍കൈ എടുക്കുകയും മാധ്യമ രംഗത്ത് അമേരിക്കന്‍ മലയാളികള്‍ തനതായ വ്യക്തിമുദ്ര പതിപ്പിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു.
ഭാര്യ: സരസ്വതി നമ്പൂതിരി. മക്കള്‍: ഡോ. മായ, ഇന്ദു.