കെഎച്ച്ജിഎയുടെ നേതൃത്വത്തില്‍ അറ്റ്‌ലാന്റയില്‍ ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഭക്തിസാന്ദ്രമായി
അറ്റ്‌ലാന്റ: കേരള ഹിന്ദൂസ് ഓഫ് ജോര്‍ജിയ (ഗഒഏഅ)യുടെ ആഭിമുഖ്യത്തില്‍ 2026 മാര്‍ച്ച് 1ാം തീയതി അറ്റ്‌ലാന്റയിലെ കമിങ്ങിലുള്ള ശ്രീ ശിവ ദുര്‍ഗ്ഗാ ടെംപിള്‍ ഓഫ് അറ്റ്‌ലാന്റയിലെ ക്ഷേത്രപ്രാകാരത്തില്‍ ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഭക്തിസാന്ദ്രമായി സംഘടിപ്പിച്ചു.
അനന്തപുരിയിലെ ആറ്റുകാല്‍ അമ്മയുടെ ദിവ്യാനുഗ്രഹം തേടി അറ്റ്‌ലാന്റയിലെ ഭക്തജനങ്ങള്‍ ഒരുമിച്ച് സമര്‍പ്പണത്തോടെ പങ്കെടുത്തു.
ഏകദേശം 300ലധികം ഭക്തജനങ്ങള്‍ പങ്കെടുത്ത ഈ മഹോത്സവം ആത്മീയ ഐക്യത്തിന്റെ ഉജ്ജ്വല ഉദാഹരണമായി മാറി. പുലര്‍ച്ചെ മുതല്‍ ക്ഷേത്രപ്രാകാരത്തില്‍ ആത്മീയമായ അന്തരീക്ഷം നിറഞ്ഞുനിന്നു. പണ്ടാര അടുപ്പുകള്‍ ഒരുക്കി, കലങ്ങള്‍ നിരത്തി, പൂജാസാമഗ്രികള്‍ സജ്ജമാക്കി ഭക്തര്‍ അമ്മയെ ധ്യാനിച്ചുകൊണ്ട് പൊങ്കാല അര്‍പ്പിക്കാന്‍ തയ്യാറായി.
ലളിതാ സഹസ്രനാമ ഗ്രൂപ്പ് അതുല്യമായ ഏകോപനത്തിലും ആത്മീയ ഐക്യത്തിലും ഉജ്ജ്വലമായി പ്രവര്‍ത്തിച്ചു. അവരുടെ ശുദ്ധസ്വരങ്ങളില്‍ ലളിതാ സഹസ്രനാമ പാരായണം അതീവ ഭക്തിയോടെ മുഴങ്ങിക്കൊണ്ടിരുന്നു. ആ ദിവ്യനാദം ക്ഷേത്രമുറ്റമൊട്ടാകെ ആത്മീയ സ്പന്ദനമായി നിറഞ്ഞൊഴുകി. ഓരോ മന്ത്രോച്ചാരണവും അമ്മയുടെ സാന്നിധ്യം സാക്ഷാത്കരിക്കുന്ന പവിത്ര നിമിഷങ്ങളായി ഭക്തഹൃദയങ്ങളില്‍ പതിഞ്ഞു.
പണ്ടാര അടുപ്പ് തെളിയിക്കുന്നതിന് മുമ്പ്, ശ്രീ ശിവ ദുര്‍ഗ്ഗാ ടെംപിള്‍ ഓഫ് അറ്റ്‌ലാന്റയിലെ താന്ത്രികശ്രേഷ്ഠന്‍ ശ്രീ കാര്‍ത്തിക് ദീക്ഷിതര്‍ ഭക്തജനങ്ങള്‍ക്ക് വേണ്ടി ക്ഷേത്രത്തിനുള്ളില്‍ കുടുംബപൂജ നയിച്ചു. തുടര്‍ന്ന് ദേവിയുടെ സന്നിധിയില്‍ നിന്നുള്ള ദീപജ്വാല ഭക്തിപൂര്‍വ്വം പുറത്ത് കൊണ്ടുവന്ന് ആറ്റുകാല്‍ ദേവിയുടെ സന്നിധിയില്‍ പ്രത്യേക പൂജ നടത്തി. ആ ദിവ്യജ്വാലയാല്‍ പണ്ടാര അടുപ്പ് ആദ്യം തെളിയിച്ചു. തുടര്‍ന്ന് അതേ പരിശുദ്ധ അഗ്‌നിയില്‍ നിന്ന് ഭക്തജനങ്ങള്‍ ഓരോരുത്തരും തങ്ങളുടെ അടുപ്പുകള്‍ തെളിയിച്ചു. ആ നിമിഷം ഭക്തിയും ഐക്യവും നിറഞ്ഞ ദിവ്യാനുഭവമായി മാറി; അനന്തപുരിയിലെ ആറ്റുകാല്‍ അമ്മയുടെ കൃപ അറ്റ്‌ലാന്റയില്‍ സാക്ഷാത്കരിച്ച അതുല്യമായ ആത്മീയ മുഹൂര്‍ത്തമായി.
ഈ മഹോത്സവം സ്ത്രീകള്‍ക്ക് മാത്രമല്ല, മുഴുവന്‍ കുടുംബങ്ങളുടെ സമര്‍പ്പണവും സഹകരണവും ചേര്‍ന്ന ആത്മീയ ആഘോഷമായിരുന്നു. നാല്‍പതിലധികം ദിവസങ്ങളായി നടന്ന തയ്യാറെടുപ്പുകള്‍, നിരന്തരം നടത്തിയ മീറ്റിംഗുകള്‍, രജിസ്‌ട്രേഷന്‍, സുരക്ഷാ ക്രമീകരണങ്ങള്‍, പൂജാ ഏകോപനം തുടങ്ങി വിവിധ വിഭാഗങ്ങളുടെ ആത്മാര്‍ത്ഥ അധ്വാനഫലമായിരുന്നു ഈ വിജയകരമായ ആഘോഷം.
ജ്വലിച്ചുനിന്ന അടുപ്പുകളുടെ അഗ്‌നിശിഖകളില്‍ ഭക്തരുടെ പ്രാര്‍ത്ഥനകളും നേര്‍ച്ചകളും തെളിഞ്ഞുനിന്നു. ഓരോ കലത്തിലുമുണ്ടായിരുന്ന പൊങ്കാല അമ്മയോടുള്ള ആത്മസമര്‍പ്പണത്തിന്റെ പ്രതീകമായി മാറി.
പൂജാനന്തരമായി കേരളത്തിന്റെ നാടന്‍ രുചികളോടെ ഒരുക്കിയ പ്രഭാതഭക്ഷണം എല്ലാവരും ഒരുമിച്ച് സ്‌നേഹപൂര്‍വ്വം ആസ്വദിച്ചു, സന്തോഷത്തോടും ഐക്യബോധത്തോടും കൂടെ ഭക്തര്‍ വീടുകളിലേക്ക് മടങ്ങി.
പൊങ്കാല മഹോത്സവം വിജയകരമാക്കുന്നതിനായി ഗീതാ കുമാരി, ശാലിനി ഷാജീവ്, ദീപ രാജേഷ് എന്നിവര്‍ ആത്മാര്‍ത്ഥ മനോഭാവത്തോടെ മുന്നിട്ടിറങ്ങി പ്രവര്‍ത്തിച്ചു. കൂടാതെ സംഘാടകരായ സുരേഷ് നായര്‍, രഞ്ജിത് ഗംഗാധരന്‍, കവിത രാമചന്ദ്രന്‍, ലാവണ്യ ഷിജു, ബിനീഷ് രാഘവന്‍, ജഗദീഷ്, പ്രദീപ് അയ്യര്‍ എന്നിവര്‍ വിവിധ മേഖലകളില്‍ നേതൃത്വം നല്‍കി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ഇവരോടൊപ്പം ഭേദമന്യേ അനേകം സന്നദ്ധ പ്രവര്‍ത്തകര്‍ മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ചതാണ് ഈ മഹോത്സവത്തിന്റെ വിജയത്തിന് കരുത്തായത്.
ഈ പൊങ്കാല മഹോത്സവം വിജയകരമാക്കാന്‍ ആത്മാര്‍ത്ഥമായി സഹകരിച്ച എല്ലാവര്‍ക്കും സംഘാടകരായ ഷാജീവ് പത്മനിവാസ്, രാജേഷ് പിള്ളൈ, മിനി നായര്‍ എന്നിവര്‍ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.
സംഘാടകരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും അക്ഷീണ പരിശ്രമം ഈ മഹോത്സവത്തെ അതുല്യ വിജയമാക്കി. അറ്റ്‌ലാന്റയിലെ മലയാളി സമൂഹത്തിന്റെ ഐക്യവും ആത്മബന്ധവും വീണ്ടും തെളിയിച്ച ദിനമായി ഈ പൊങ്കാല മാറി
