ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ആദ്യത്തേതും ഏറ്റവും വലുതുമായ മലയാളി സംഘടനയായ ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2025- 27 കാലയളവിലേക്കുള്ള ഭരണസമിതി അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് ജെസ്സി റിന്‍സി അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
ജോസ് മണക്കാട്ട് (പ്രസി), ലുക്ക് ചിറയില്‍ (വൈസ് പ്രസി), ബിജു മുണ്ടക്കല്‍ (ജന സെക്ര), മിസ് സാറ അനില്‍ (ജോ സെക്ര), അച്ചന്‍കുഞ്ഞ് മാത്യു (ട്രഷ), പ്രിന്‍സ് ഈപ്പന്‍ (ജോ ട്രഷ) എന്നിവരെ കൂടാതെ ഇരുപത് പേരടങ്ങുന്ന ബോര്‍ഡ് അംഗങ്ങളും ചുമതലയേറ്റു.
ഷിക്കാഗോ മലയാളി അസോസിയേഷനെ നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ സംഘടനയാക്കി മാറ്റുമെന്ന് പ്രസിഡണ്ട് ജോസ് മണക്കാട്ടും 53 വര്‍ഷത്തെ മഹത്തായ പാരമ്പര്യമുള്ള ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് സെക്രട്ടറി ബിജു മുണ്ടക്കലും ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രഖ്യാപിച്ചു.
ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2025- 27 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനവും കേരളപ്പിറവി ആഘോഷവും ഒക്ടോബര്‍ 31 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കും. ഈ സംഘടനയുടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഔപചാരികമായി തുടക്കം കുറിക്കുന്നത് സംഘടനയെ നാളിതുവരെ നയിച്ച മുന്‍ പ്രസിഡന്റുമാരാണ്. അതോടൊപ്പം 69-ാമത് കേരളപ്പിറവിയുടെ ആഘോഷങ്ങള്‍ ഷിക്കാഗോ സീറോ മലബാര്‍ സഭാ പിതാവ് മാര്‍ ജോയി ആലപ്പാട്ട് നിര്‍വഹിക്കും.
