റോക്ക് ലാന്‍ഡിനു ഉത്സവമായി ഫൊക്കാന റീജിയണല്‍ കണ്‍വന്‍ഷന്‍; അതിഥിയായി ഫാ. ഡേവിസ് ചിറമ്മല്‍

റോക്ക് ലാന്‍ഡിനു ഉത്സവമായി ഫൊക്കാന റീജിയണല്‍ കണ്‍വന്‍ഷന്‍; അതിഥിയായി  ഫാ. ഡേവിസ് ചിറമ്മല്‍


ന്യൂ യോര്‍ക്ക്: റോക്ക് ലാന്‍ഡ് കൗണ്ടിക്ക്  ഉത്സവമായി മാറിയ ഫൊക്കാന ന്യൂ യോര്‍ക്ക് അപ്പ്‌സ്റ്റേറ്റ് റീജിയണല്‍ കണ്‍വന്‍ഷനില്‍ ഫാ. ഡേവിസ് ചിറമ്മേല്‍ പറഞ്ഞ വാക്കുകള്‍ ഏവരുടെയും കണ്ണുതുറപ്പിച്ചു. പതിവുപോലെ തനതുശൈലിയില്‍ ഹാസ്യത്തിന്റെ മേമ്പൊടിയോടെ കുട്ടികള്‍ക്ക് പോലും മനസ്സിലാകുന്ന തരത്തില്‍ കഥയും കാര്യങ്ങളും ഇടകലര്‍ത്തിയാണ് ഫാദര്‍ സംസാരിച്ചത്.

ഫുഡ് ഫെസ്റ്റിവല്‍, യൂത്ത് ഫെസ്റ്റിവല്‍, സ്‌പെല്ലിങ് ബീ കോംപറ്റീഷന്‍, ചിട്ടുകളി മത്സരം, ഫൊക്കാന കലഹാരി  ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ കിക്ക് ഓഫ് തുടങ്ങിയ നിരവധി പരിപാടികളോടെ ആണ് റീജണല്‍ കണ്‍വെന്‍ഷന്‍ ക്‌നാനായ സെന്ററില്‍  നടന്നത്. മത്സര വിജയികള്‍ക്ക് പൊതു സമ്മേളനത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

റീജണല്‍ പ്രസിഡന്റ് ആന്റോ വര്‍ക്കി ഏവരെയും സ്വാഗതം ചെയ്തു. ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി, സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍ എന്നിവര്‍ ഫൊക്കാനയുടെ വിവിധ പ്രോജെക്ടുകളെ കുറിച്ച് വിശദീകരിച്ചു.

ഏകാകിയായ കിളിയുടെ സങ്കടം പറഞ്ഞുകൊണ്ടാണ് ഫാ. ചിറമ്മല്‍ പ്രസംഗം  ആരംഭിച്ചത്. ലവ്‌ലി എന്ന് പേരുള്ള ആ കിളി, മറ്റു പക്ഷികളൊന്നും തന്നോട് കൂട്ടുകൂടാന്‍ വരാത്ത സങ്കടം കാക്കയുമായി പങ്കുവച്ചപ്പോള്‍ കമ്പുകളും മറ്റും പെറുക്കിക്കൂട്ടി ഒരു കൂടുണ്ടാക്കാനാണ് കാക്ക കിളിയെ ഉപദേശിച്ചത്. കൂട്ടിലിരുന്ന് ഉറക്കെ പറയാന്‍ കാക്ക നിര്‍ദ്ദേശിച്ചതനുസരിച്ച് കിളി 'ലവ്മി ലവ്മി' എന്ന് പറഞ്ഞുകൊണ്ടിരുന്നു.

എന്നാല്‍, ആരും കൂട്ടുകൂടാന്‍ വന്നില്ല. കാട്ടിലെ ഏറ്റവും വലിയ മൃഗം എന്ന നിലയില്‍ പിന്നീട് ആനയുടെ ഉപദേശം തേടി. പേരില്‍ നേരിയ വ്യത്യാസം വരുത്തി 'ലവ് യു' എന്ന് വിളിച്ചുപറയാന്‍ ആന  നിര്‍ദ്ദേശിച്ചതു പ്രകാരം കിളി കൂട്ടിലിരുന്ന് 'ലവ് യു' എന്ന് പറയാന്‍ തുടങ്ങി.

നമ്മില്‍ കേന്ദ്രീകൃതമായ ശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ ജീവിതത്തില്‍ നമ്മള്‍ ആഗ്രഹിക്കുന്നതിനപ്പുറം ഫലം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

മരത്തിലുണ്ടാകുന്ന ഫലങ്ങള്‍ മരം തിന്നാത്തതുപോലെ, പുഴ അതിലെ വെള്ളം കുടിക്കാത്തതുപോലെ, സൂര്യന്‍ മറ്റുള്ളവര്‍ക്കുവേണ്ടി പ്രകാശിക്കുന്നതുപോലെയാണ് മനുഷ്യനെയും സൃഷ്ടിച്ചിരിക്കുന്നത്. അവനവനുവേണ്ടി അല്ലാതെ മറ്റുള്ളവര്‍ക്കുവേണ്ടി നാം ജീവിക്കണം. കൊടുക്കുന്നതിലായിരിക്കണം സന്തോഷം, കിട്ടുന്നതിലായിരിക്കരുത്.

രണ്ടേ രണ്ട് ദിവസങ്ങളില്‍ ഒന്നും ചെയ്യാനാകില്ല- ഇന്നലെയും നാളെയും. ഇന്നലെ മൃതശരീരമാണ്, നാളെ എന്നത് ഇനിയും ജനിക്കാത്ത കുട്ടിയും. ഇന്ന് എന്നുള്ള ദിവസമാണ് നമുക്ക് പ്രവര്‍ത്തിക്കാന്‍ ബാക്കിയുള്ളത്.

കിട്ടിയതെല്ലാം ഇവിടെ ഉപേക്ഷിക്കേണ്ടി വരുമെന്നും 'ഒരു പുഞ്ചിരി' എങ്കിലും ഒരുവന് സമ്മാനിച്ചിട്ടുണ്ടെങ്കില്‍ ആ സത്കര്‍മ്മത്തിന്റെ പങ്ക് മാത്രമേ ഒപ്പം കൊണ്ടുപോകാനാകൂ എന്നും ഫാദര്‍ ഓര്‍മ്മിപ്പിച്ചു.

അവനവനെക്കുറിച്ചുള്ള ബോധ്യത്തോടെയും ആത്മാഭിമാനത്തോടെയും വളരാന്‍ മക്കളെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം  അഭിപ്രായപ്പെട്ടു. നമ്മള്‍ എന്താണോ അതില്‍ സന്തോഷം കണ്ടെത്തുക. വലിപ്പ- ചെറുപ്പമോ നിറമോ ഒന്നുമല്ല, നമ്മുടെ മനോഭാവമാണ് ആളുകളുടെ മനസ്സില്‍ നമുക്ക് ഇടം നേടി തരുന്നത്.

സന്തോഷ് ജോര്‍ജ് കുളങ്ങരയും ഗോപിനാഥ് മുതുകാടും നൂറില്‍പരം ഹെല്‍ത്ത് പ്രൊഫഷണലുകളും ചേര്‍ന്ന് 'കേള്‍ക്കാം' എന്ന പദ്ധതിയുടെ ഭാഗമായി ഹെല്പ് ലൈന്‍ ആരംഭിച്ചതിനെക്കുറിച്ചും ഫാദര്‍ സൂചിപ്പിച്ചു. ആരും കേള്‍ക്കാനില്ലാത്തവരെ ശ്രവിക്കുകയും ആത്മഹത്യ പോലുള്ള ചിന്തയില്‍ നിന്ന് പിന്തിരിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനോടകം 600 പേര്‍ വിളിച്ച് അവരുടെ സങ്കടം പറയുകയും അവരെ ആശ്വസിപ്പിക്കാന്‍ സാധിക്കുകയും ചെയ്തു.

അവരും ഇവരും പറയുന്നതല്ല നിങ്ങളുടെ വില, ഓരോ ജീവനും വിലപ്പെട്ടതാണ്. ആ വില നിശ്ചയിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. കഴിവുകളല്ല, മനോഭാവമാണ് നിങ്ങളുടെ വില നിശ്ചയിക്കുന്നത്. ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളെ ഫാദര്‍ അഭിനന്ദിച്ചു.

ഫൊക്കാന കിക്ക് ഓഫ് ഉദ്ഘാടനം ചെയ്തു ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി ഫൊക്കാനയുടെ പ്രവര്‍ത്തങ്ങങ്ങളെ പറ്റി വിവരിച്ചു, എല്ലാ റീജിയനുകളിലും റീജണല്‍ കണ്‍വെന്‍ഷനുകള്‍ ആരംഭിക്കുകയും കണ്‍വെന്‍ഷന്റെ പ്രവര്‍ത്തങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ നല്ല പ്രതികരണമാണ് കണ്‍വെന്‍ഷന് ലഭിക്കുന്നത്.  5000 പേരുടെ കണ്‍വെന്‍ഷന്‍ ആണ്  പ്ലാന്‍ ചെയ്യുന്നത്. കേരളത്തില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി വിശിഷ്ട വ്യക്തികള്‍ ഈ  കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നും സജിമോന്‍ ആന്റണി അറിയിച്ചു.

ഫൊക്കാന ട്രഷറര്‍ ജോയി ചക്കപ്പന്‍ ഫൊക്കാനയുടെ കണ്‍വെന്‍ഷനെ പറ്റിയും കണ്‍വെന്‍ഷന്‍ നിരക്കുകളെ പറ്റിയും വിവരിച്ചു. ഇപ്പോള്‍ ഉള്ള പ്രൊമോഷണല്‍ റേറ്റ് ഡിസംബര്‍ 31ന് അവസാനിക്കുമെന്നും ചാക്കപ്പന്‍ പറഞ്ഞു.

ഇത്രയും മനോഹരമായ റീജിണല്‍ കണ്‍വെന്‍ഷന് നേതൃത്വം നല്‍കിയ റീജിണല്‍ വൈസ് പ്രസിഡന്റ് ആന്റോ വര്‍ക്കിയെ ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണിയുടെ നേതൃത്വത്തില്‍ പ്ലക് നല്‍കി ആദരിച്ചു.

കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍,  ഫൊക്കാന മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പള്ളില്‍, അസോസിയേറ്റ് സെക്രട്ടറി അപ്പുക്കുട്ടന്‍ പിള്ള, മുന്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രസ്റ്റി ബോര്‍ഡ് മെംബേര്‍സ് ആയ ലീലാ മാരേട്ട്, തോമസ് തോമസ്, റീജണല്‍ വൈസ് പ്രസിഡന്റുമാരായ കോശി കുരുവിള, ലാജി തോമസ്, ഷാജി ശാമുവേല്‍, ഫൊക്കാന നേതാക്കളായ ദേവസ്സി പാലാട്ടി, അജു ഉമ്മന്‍, അലക്‌സ് എബ്രഹാം, ലൈസി അലക്‌സ്, വൈസ്‌മെന്‍ ക്ലബ് റീജനല്‍ ഡയറക്ടര്‍ ജോസഫ് കാഞ്ഞമല, വൈസ്‌മെന്‍ ക്ലബ് വെസ്റ്റ്‌ചെസ്റ്റര്‍ പ്രസിഡന്റ് ജോഷി തില്ലിയാങ്കള്‍ തുടങ്ങി നിരവധി ആളുകള്‍ പങ്കെടുത്തു.

ഇന്ത്യയുടെ ഭക്ഷ്യ സംസ്‌കാരത്തെയും സാംസ്‌കാരിക തനിമമയെയും അമേരിക്കയില്‍ പരിചയപ്പെടുത്തുന്നതില്‍ മുന്‍പില്‍ നില്‍ക്കുന്ന ഫൊക്കാന ലോകമെമ്പാടുമുള്ള പ്രിയപ്പെട്ട വിഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന മികച്ച ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തി ഫുഡ് ഫെസ്റ്റിവല്‍ വിജയകരമാക്കി. മലയാളികള്‍ മാത്രമല്ല, മറ്റുള്ളവരും പക്ഷം വാങ്ങാന്‍ എത്തി.

കര്‍ണാടക, ഇറ്റാലിയന്‍, പഞ്ചാബി, മെക്സിക്കന്‍, ഹൈദരാബാദി, തായ്, തമിഴ്നാട്, ഗോവന്‍ തുടങ്ങിയ പ്രത്യേക ഭക്ഷണവിഭവങ്ങള്‍ സ്റ്റാളുകളില്‍ ലഭ്യമായിരുന്നു.

9 മണിക്ക് ചീട്ടുകളി മത്സരം ആരംഭിച്ചു. മൂന്നു മണിമുതല്‍ കുട്ടികളുടെ കലോത്സവം, കണ്ണഞ്ചിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ തുടങ്ങി നിരവധി പരിപാടികള്‍ തുടങ്ങിയവ നടന്നു.

റീജണല്‍ വൈസ് പ്രസിഡന്റ് ആന്റോ വര്‍ക്കി, റീജണല്‍ കോര്‍ഡിനേറ്റര്‍ ഷീല ജോസഫ്, റീജണല്‍ സെക്രട്ടറി അഭിലാഷ് പുളിക്കത്തൊടി, റീജണല്‍ ട്രഷറര്‍ ഷൈമി ജേക്കബ്, റീജണല്‍ ജോയിന്റ് സെക്രട്ടറി സാജന്‍ മാത്യു, റീജിയണല്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ലിജോ ജോണ്‍, യൂത്ത് ഫെസ്റ്റിവല്‍ കോര്‍ഡിനേറ്റര്‍ റോയി ആന്റണി, കമ്മിറ്റി അംഗങ്ങളായ മാത്യു തോമസ്, ജോണ്‍ തോമസ്, ജോര്‍ജ് കുഴിയാഞ്ഞാല്‍, ഇട്ടൂപ്പ് ദേവസ്യ, ജെയിംസ് ഇളംപുരയിടത്തില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.