ഷിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ വിഷു ആഘോഷിച്ചു

ഷിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ വിഷു ആഘോഷിച്ചു


ഷിക്കാഗോ: മലയാളികള്‍ ഗൃഹാതുരതയോടെ ആഘോഷിക്കുന്ന മഹാവിഷു, സമാനതകള്‍ ഇല്ലാതെ വിപുലമായി ഷിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ ആഘോഷിച്ചു.

കണിക്കൊന്നയാല്‍ അലങ്കരിച്ച ക്ഷേത്രങ്കണത്തില്‍,  സര്‍വ്വാഭരണ വിഭുഷിതനായ ഉണ്ണിക്കണ്ണന്റെ  വിഗ്രഹത്തിനുമുന്നില്‍ എഴുതിരി വിളക്കുകള്‍ തെളിച്ച്,  പാരമ്പര്യത്തിന്റെ പ്രൗഢിയെ ഓര്‍മ്മിപ്പിക്കുന്ന സ്വര്‍ണ്ണമണികള്‍ കൈനീട്ടമായി തരുന്ന കൊന്നയും, കണിവെള്ളരിയും, കാര്‍ക്ഷിക വിളകളും, പുന്നെല്ലും വെള്ളിനാണയങ്ങളും വാല്‍ക്കണ്ണാടിയും നിലവിളക്കിന്റെ വെളിച്ചത്തില്‍ അണിനിരക്കുന്ന വിഷുക്കണിയും ഒരിക്കലും മായാത്ത ഓര്‍മ്മകളാണ് ചിക്കാഗോ ഗീതാമണ്ഡലം, ഷിക്കാഗോയിലെ സദ് ജനങ്ങള്‍ക്കായി ഒരുക്കിയത്.

ഈ വര്‍ഷത്തെ മഹാവിഷു ഏപ്രില്‍ 13ന് , ശനിയാഴ്ച രാവിലെ മേല്‍ശാന്തി ബിജു കൃഷ്ണന്റെ കാര്‍മ്മികത്വത്തില്‍ മഹാഗണപതിഹോമത്തോടെയാണ് ആരംഭിച്ചത്. തുടര്‍ന്ന് ഗീതാമണ്ഡലം കുടുംബാംഗങ്ങള്‍ ചേര്‍ന്ന് നടത്തിയ നാരായണീയ പാരായണവും, ഗീതാമണ്ഡലത്തിലെ കുട്ടികള്‍ ചേര്‍ന്ന് ഗീത പാരായണം നടത്തി. രാജേഷ് എന്ന കുട്ടി പ്രതീകാത്മകമായി ഉണ്ണിക്കണ്ണനായി. ഗുരുവായൂര്‍ ഉണ്ണിക്കണ്ണന്റെ ഭാവലയതാളങ്ങള്‍ ഉള്‍കൊണ്ട് ചൊരിഞ്ഞ അനുഗ്രഹവര്‍ഷങ്ങള്‍ എല്ലാ ഭക്തജനങ്ങളുടെയും മനം കവര്‍ന്നു.

വിഷുകണി കണ്ട ശേഷം, കുട്ടികള്‍ക്കും   മുതിര്‍ന്നവര്‍ക്കും, മാതൃവാത്സല്യത്തിന്റെ നിറദീപമായ ഗീതാമണ്ഡലത്തിലെ ശതാബ്ദി ആഘോഷിക്കുന്ന മുതിര്‍ന്ന അമ്മ കമലാക്ഷി കൃഷ്ണന്‍  വിഷു കൈനീട്ടം നല്‍കി. അതിനുശേഷം, കുടുംബാംഗങ്ങളുടെ കലാപരിപാടിയും ഉണ്ടായിരുന്നു, തുടര്‍ന്ന് നടന്ന വിഭവ സമൃദ്ധമായ വിഷു സദ്യയോടെ 2024ലെ വിഷു ചടങ്ങുകള്‍ സമാപിച്ചു.

വിഷു മലയാളികള്‍ക്ക്  കേവലം ആഘോഷദിനങ്ങളോ, വെറും കലോത്സവങ്ങളോ അല്ല, മറിച്ച് അതൊരു സംസ്‌കാരത്തിന്റെ ജീവപ്രവാഹിനി ആണ് എന്ന് നാം മനസിലാക്കുകയും ഇത് പോലുള്ള ഒത്തു ചേരലുകളിലൂടെ, അടുത്ത തലമുറക്ക് മനസിലാക്കികൊടുക്കുമ്പോള്‍  മാത്രമേ മലയാളികളെന്ന നിലയില്‍ പൂര്‍വിക പുണ്യം നമ്മില്‍ വര്‍ഷിക്കപ്പെടൂ എന്ന് മുഖ്യാതിഥിയായി  എത്തിയ 'മന്ത്ര'യുടെ (മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദു) പ്രസിഡണ്ട് ശ്യാം ശങ്കര്‍ അഭിപ്രായപ്പെട്ടു. വിഷുക്കണിയില്‍ എറ്റവുംപ്രധാനം ഭഗവദ് സ്മരണയും ദര്‍ശനവുമാണ്. ഈശ്വരസമര്‍പ്പണമാണ് ഏല്ലാ വിജയത്തിനും ആധാരം. അതിനാല്‍ ജീവിതത്തില്‍ നാം ഈശ്വരന് പ്രഥമസ്ഥാനം നല്കണം. ഈശ്വരസ്മരണ കൂടാതെയുള്ള ജീവിതം വ്യര്‍ത്ഥമാണ് എന്ന് ഗീതാമണ്ഡലം പ്രസിഡണ്ട് ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഈ വര്‍ഷത്തെ വിഷു ആഘോഷം വിപുലവും കേരളീയതയും നിലനിര്‍ത്തി മനോഹരമാക്കാന്‍ സഹകരിച്ച എല്ലാ ബോര്‍ഡ് മെമ്പേര്‍സിനും, ബിജു കൃഷ്ണന്‍,  ആനന്ദ് പ്രഭാകര്‍, രശ്മി ബൈജു, പ്രജീഷ്, ശ്രുതി, രാജേഷ്, രവി, തുടങ്ങി അനേകം പ്രവര്‍ത്തകര്‍ക്കും, ഗീതാമണ്ഡലം വനിതാ പ്രവര്‍ത്തകര്‍ക്കും, വിഷു കൈനീട്ടം സ്‌പോണ്‍സര്‍ ചെയ്ത കൃഷ്ണന്‍ ഫാമിലിക്കും, വിഷു ആഘോഷങ്ങളില്‍ പങ്കെടുത്ത എല്ലാ ഭക്ത ജനങ്ങള്‍ക്കും സെക്രട്ടറി ബൈജു എസ്. മേനോനും നന്ദി അറിയിച്ചു.