സേവനത്തിനും സമര്‍പ്പണത്തിനും ആദരം; ഹോളി ഫാമിലി ഹോസ്പിറ്റല്‍ (ഒഎഒ) റീയൂണിയനില്‍ അംഗങ്ങള്‍ക്ക് അംഗീകാരം

സേവനത്തിനും സമര്‍പ്പണത്തിനും ആദരം; ഹോളി ഫാമിലി ഹോസ്പിറ്റല്‍ (ഒഎഒ) റീയൂണിയനില്‍ അംഗങ്ങള്‍ക്ക് അംഗീകാരം


ജമൈക്ക:  ഹോളി ഫാമിലി ആശുപത്രി (ഒഎഒ) 'അലുംനി റീയൂണിയന്‍ 2026' ജമൈക്കയില്‍ നടന്നു. മേയ് 1 മുതല്‍ 5 വരെയായി നാലു ദിവസം നീണ്ടുനിന്ന റീയൂണിയനില്‍ നഴ്‌സിംഗ്, റേഡിയോളജി, ലബോറട്ടറി വിഭാഗങ്ങളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ജമൈക്കയിലെ  ഗ്രാന്റ് പലേഡിയം ജമൈക്ക റിസോര്‍ട്ട് ആന്റ് സ്പാ,  ഗ്രാന്റ് പലേഡിയം ലേഡി ഹാമില്‍ട്ടണ്‍ റിസോര്‍ട്ട് ആന്റ് സ്പാ റിസോര്‍ട്ടുകളിലാണ് റീയൂണിയന്‍ നടന്നത്. റീയൂണിയനിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ ഭാഗങ്ങളിലൊന്നായിരുന്നു പ്രത്യേക ആദരസമ്മാനങ്ങള്‍. ഹോളി ഫാമിലി ആശുപത്രിയുടെ വളര്‍ച്ചക്കും അലുംനി കൂട്ടായ്മയുടെ ശക്തിക്കും വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ വ്യക്തികളെയാണ് ചടങ്ങില്‍ ആദരിച്ചത്.



മേരിക്കുട്ടി കുര്യാക്കോസ്

ഹോളി ഫാമിലി ഹോസ്പിറ്റല്‍ ന്യൂഡല്‍ഹി അലുംനി അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റായ മേരിക്കുട്ടി കുര്യാക്കോസിനെ ചടങ്ങില്‍ പ്രത്യേകമായി ആദരിച്ചു. അലുംനി സംഘടനയ്ക്ക് ശക്തമായ അടിത്തറ പാകാന്‍ അവര്‍ നല്‍കിയ നേതൃത്വവും സമര്‍പ്പണവും എല്ലാവരും നന്ദിയോടെ ഓര്‍മ്മിച്ചു. നോര്‍ത്ത് പാര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നഴ്‌സിംഗില്‍ മാസ്‌റ്റേഴ്‌സ് ബിരുദം നേടിയ മേരിക്കുട്ടി കുര്യാക്കോസ് ഇപ്പോള്‍ ഇല്ലിനോയിയിലെ നേപ്പര്‍വില്ലില്‍ താമസിക്കുന്നു. നഴ്‌സ് മാനേജര്‍ ആയി സേവനം അനുഷ്ഠിക്കുന്ന മേരിക്കുട്ടി പലപ്പോഴും ഡോക്ടര്‍മാര്‍ക്ക് പോലും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ആരോഗ്യപ്രശ്‌നങ്ങളെ നേരിട്ടപ്പോഴെല്ലാം അത്യന്തം ധൈര്യവും ആത്മവിശ്വാസവും പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയാണ്. കരുതലോടെയും മികവോടെയും തന്റെ പ്രൊഫഷണല്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന മേരിക്കുട്ടി കുര്യാക്കോസ് തന്റെ അത്തരം അനുഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പേഷ്യന്റ്‌സ് ഡോണ്ട് ലൈ എന്ന പ്രചോദനാത്മക പുസ്തകം രചിച്ചിട്ടുണ്ട്.  ബാര്‍ലാസ്  & നോബിളില്‍  ഈ പുസ്തകം ലഭ്യമാണ്. സ്ഥാപക പ്രസിഡന്റുകൂടിയായ മേരിക്കുട്ടി കുര്യാക്കോസ് അലുംനി അസോസിയേഷന് ടാക്‌സ് എക്‌സെംപ്റ്റ് സ്റ്റാറ്റസ്  ലഭ്യമാക്കുന്നതിനായി അക്ഷീണം പരിശ്രമിച്ചിട്ടുണ്ട്. മേരിക്കുട്ടി കുര്യാക്കോസിന്റെ നേതൃപാടവവും ദൃഢനിശ്ചയവും സേവന മനോഭാവവും തങ്ങളില്‍ പലര്‍ക്കും വലിയ അനുഗ്രഹമായി മാറിയിട്ടുണ്ടെന്ന് അംഗങ്ങള്‍ അനുസ്മരിച്ചു.


ബ്രിജിറ്റ് വിന്‍സെന്റ്

സമ്മേളനത്തിലെ ഏറ്റവും ശ്രദ്ധേയമായ അംഗീകാരങ്ങളില്‍ ഒന്നായിരുന്നു ബ്രിജിറ്റ് വിന്‍സെന്റിന് ലഭിച്ച മോസ്റ്റ് അക്കംപ്ലിഷ്ഡ് അലുംനി പുരസ്‌കാരം. ആരോഗ്യരംഗത്തെ മികവും സമൂഹത്തോടുള്ള പ്രതിബദ്ധതയും ഹോളി ഫാമിലി ഹോസ്പിറ്റല്‍ കുടുംബത്തോടുള്ള ആത്മബന്ധവും പരിഗണിച്ചാണ് ഈ അംഗീകാരം നല്‍കിയത്. ബ്രിജിറ്റ് വിന്‍സെന്റിന്റെ ജീവിതയാത്ര പുതിയ തലമുറ അലുംനികള്‍ക്ക് പ്രചോദനമായി മാറുന്നുവെന്നും ബ്രിജിറ്റിന്റെ നേട്ടങ്ങള്‍ മുഴുവന്‍ എച്ച്എഫ്എച്ച് കുടുംബത്തിന്റെയും അഭിമാനമാണെന്നും ടീം അനുസ്മരിച്ചു. ഹോളി ഫാമിലി ഹോസ്പിറ്റല്‍, ന്യൂഡല്‍ഹിയിലെ 1973-75 ബാച്ചിലെ അലുംനിയായ ബ്രിജിറ്റ് 1975ലാണ് ഫിലഡല്‍ഫിയയില്‍ എത്തിയത്. തുടര്‍ന്ന്  ബിഎസ്എന്‍, എംഎസ്എന്‍, സിസിആര്‍എന്‍എന്നീ ഉയര്‍ന്ന യോഗ്യതകള്‍ നേടിയ ശേഷം നഴ്‌സ് പ്രാക്ടീഷണര്‍ ആയി ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചു. അതോടൊപ്പം പെന്‍സില്‍വേനിയ ഇന്ത്യന്‍ നഴ്‌സസിന്റെ സ്ഥാപക പ്രസിഡന്റായി പ്രവര്‍ത്തിക്കുകയും NAINAയുടെ സജീവ അംഗമായി സേവനം അനുഷ്ഠിക്കുകയും ചെയ്തു. പെന്‍സില്‍വേനിയ ബോര്‍ഡ് ഓഫ് നഴ്‌സിങ് കൗണ്‍സിലില്‍ അംഗമായ ആദ്യ ഇന്ത്യന്‍ നഴ്‌സായി ചരിത്രം സൃഷ്ടിച്ച വ്യക്തി കൂടിയാണ് ബ്രിജിറ്റ് വിന്‍സെന്റ്.


അലക്‌സാണ്ടര്‍ മാമന്‍

അലൈഡ് പ്രൊഫണല്‍സ് വിഭാഗത്തില്‍ നിന്നുള്ള സീനിയര്‍മോസ്റ്റ് അലുംനി ആയി അലക്‌സാണ്ടര്‍ മാമ്മന് റീയൂണിയനില്‍ പ്രത്യേക അംഗീകാരം നല്‍കി. ഒഎഒ കുടുംബത്തോടുള്ള അലക്‌സാണ്ടര്‍ മാമ്മന്റെ ദീര്‍ഘകാല ബന്ധവും പിന്തുണയും എല്ലാവരും ആദരവോടെ അംഗീകരിച്ചു. ഡല്‍ഹി ഹോളി ഫാമിലി ആശുപത്രിയിലെ  196769 ബാച്ചില്‍ പഠനം പൂര്‍ത്തിയാക്കിയ അലക്‌സാണ്ടര്‍ മാമ്മന്‍ പാറ്റ്‌നയിലും ഡല്‍ഹിയിലും അധ്യാപകനായി സേവനം അനുഷ്ഠിച്ചു. പിന്നീട് ലിബിയയിലും ന്യൂയോര്‍ക്കിലെ പ്രമുഖ ഹീമറ്റോളജി വിഭാഗങ്ങളിലും അദ്ദേഹം ജോലി ചെയ്തു. ജോലിമേഖലയില്‍ ഓരോ ഘട്ടത്തിലും മികവ് തെളിയിച്ച അദ്ദേഹം ഇപ്പോള്‍ ഫ്‌ളോറിഡയില്‍ വിശ്രമജീവിതം നയിക്കുകയാണ്. ടീമിലെ ഏറ്റവും മുതിര്‍ന്ന അംഗമായ അദ്ദേഹം എല്ലാവര്‍ക്കും പ്രചോദനമേകുന്ന വ്യക്തി കൂടിയാണ്.


സോഫി കോയിത്തറ

നിരവധി നഴ്‌സുമാരെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സോഫി കോയിത്തറയെ മികച്ച നഴ്‌സിങ് ട്യൂട്ടര്‍ അംഗീകാരം നല്‍കി ചടങ്ങില്‍ ആദരിച്ചു. RN, CCRN, ANPBC യോഗ്യതകളുള്ള സോഫി കോയിത്തറ 1981 മുതല്‍ 1986 വരെ ഹോളി ഫാമിലി ഹോസ്പിറ്റലില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നഴ്‌സിംഗ് മേഖലയിലെ സമര്‍പ്പണത്തിനും മാര്‍ഗനിര്‍ദേശത്തിനും ദീര്‍ഘകാല സേവനത്തിനുമായാണ് സോഫി കോയിത്തറ റീയൂണിയനില്‍ ആദരിക്കപ്പെട്ടത്. ക്ഷമയോടും ആത്മാര്‍ത്ഥതയോടും കൂടി നിരവധി നഴ്‌സിംഗ് ബാച്ചുകളെ പഠിപ്പിച്ചിട്ടുള്ള സോഫി കോയിത്തറയുടെ ശാസ്ത്രീയ പരിശീലനവും സ്‌നേഹപൂര്‍വമായ മാര്‍ഗ്ഗനിര്‍ദേശവും പല വിദ്യാര്‍ത്ഥികളുടെയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുള്ളതായി സുഹൃത്തുക്കള്‍ ഓര്‍മ്മിച്ചു. നഴ്‌സിങ് രംഗത്തെ വിലമതിക്കാനാവാത്ത സംഭാവനകളെ മാനിച്ച് ഷെര്‍ലി നെല്ലാമറ്റവും മുന്‍ പ്രസിഡന്റായ വത്സ ബിജുവും ചേര്‍ന്ന് സോഫിയെ പൊന്നാട അണിയിച്ചു ആദരിച്ചു.


ഓരോ അംഗീകാരവും കൈമാറുമ്പോഴും ഹാളില്‍ നിറഞ്ഞുനിന്നത് കരഘോഷവും സ്‌നേഹവുമായിരുന്നു. ഒരു സാധാരണ പുരസ്‌കാര വിതരണം എന്നതിനപ്പുറം സേവനത്തിന്റെയും ത്യാഗത്തിന്റെയും കരുണയുടെയും ഒരു വലിയ ആദരവായിരുന്നു ഈ ചടങ്ങ്. എച്ച്എഫ്എച്ച് കുടുംബത്തിന്റെ യഥാര്‍ത്ഥ ശക്തി അതിന്റെ ഓരോ അംഗങ്ങളുമാണെന്ന സന്ദേശം ഈ പരിപാടി വീണ്ടും ഓര്‍മ്മിപ്പിച്ചു. 2024 മുതല്‍ 2026 മേയ് വരെയുള്ള കാലഘട്ടത്തില്‍ നിര്യാതരായ അലുംനികള്‍ക്കായുള്ള പ്രത്യേക അനുസ്മരണം വികാരനിര്‍ഭരമായ നിമിഷങ്ങളായി മാറി. അവരുടെ ഓര്‍മ്മയ്ക്കായി 'In Memoriam' എന്ന ഒരു അനുസ്മരണ ചിത്രവും പ്രദര്‍ശിപ്പിച്ചു.


തുടര്‍ന്ന് ബാച്ച് അടിസ്ഥാനത്തില്‍ ഓരോ ടീമിനെയും സ്‌റ്റേജിലേക്ക് ക്ഷണിച്ച് ആദരിക്കുകയും ഫോട്ടോകള്‍ എടുക്കുകയും ചെയ്തു. സെക്രട്ടറി ഷെര്‍ലി നെല്ലാമറ്റം മെഡിക്കല്‍ മിഷന്‍ സിസ്‌റ്റേഴ്‌സ് (MMS)ന്റെ ചരിത്രവും ഹോളി ഫാമിലി ആശുപത്രിയുടെ വളര്‍ച്ചയും അവതരിപ്പിച്ച സ്ലൈഡ് ഷോ ഏറെ ശ്രദ്ധേയമായി.  പഴയകാലവും ഇന്നത്തെ സാഹചര്യവും കൂട്ടിയിണക്കിക്കൊണ്ടുള്ള അവതരണം റീയൂണിയനില്‍ പങ്കെടുത്തവര്‍ക്ക് സ്ഥാപനങ്ങളുടെ സ്ഥാപകരെക്കുറിച്ചും സമ്പന്നമായ അതിന്റ ചരിത്രത്തെക്കുറിച്ചും വിലമതിക്കാനാവാത്ത അറിവുകള്‍ നല്‍കി.

ജമൈക്കയുടെ ചരിത്രവും സംസ്‌കാരവും പ്രകൃതി സൗന്ദര്യവും ആസ്വദിച്ചും അടുത്തറിഞ്ഞും ആഘോഷമാക്കിയ നാലു ദിവസങ്ങള്‍ മറക്കാനാവാത്ത ഓര്‍മ്മകളായി മനസ്സില്‍ സൂക്ഷിച്ചുകൊണ്ടാണ് 'അലുംനി റീയൂണിയന്‍ 2026' അവസാനിച്ചത്. വിവിധ പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചും യാത്രകള്‍ ഒരുക്കിയും റീയൂണിയന്‍ ആവേശകരമാക്കിയതിനു പിന്നില്‍ ആഗ്‌നസ് മാത്യു, തോമസ് തറയില്‍, ഷെര്‍ലി നെല്ലാമറ്റം, ജോയ് തട്ടാര്‍ക്കുന്നേല്‍ എന്നിവരുടെ സംഘാടന മികവും നേതൃത്വഗുണവുമാണെന്നതില്‍ സംശയമില്ല. അടുത്ത വര്‍ഷത്തെ റീയൂണിയന്‍ എവിടെ സംഘടിപ്പിക്കണമെന്ന കാര്യം പിന്നീട് ആലോചിച്ചു തീരുമാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.


സേവനത്തിനും സമര്‍പ്പണത്തിനും ആദരം; ഹോളി ഫാമിലി ഹോസ്പിറ്റല്‍ (ഒഎഒ) റീയൂണിയനില്‍ അംഗങ്ങള്‍ക്ക് അംഗീകാരം