ടെക്‌സസ്: സ്‌പേസ് എക്‌സ് , തങ്ങളുടെ ഇതുവരെയുള്ളതിൽ ഏറ്റവും വലുതും അതിശക്തവുമായ സ്റ്റാർഷിപ്പ് V3 റോക്കറ്റ് വിജയകരമായി പരീക്ഷണ പറക്കലിന് വിക്ഷേപിച്ചു. അമേരിക്കയിലെ ടെക്‌സസിലെ സ്റ്റാർബേസിൽ നിന്നായിരുന്നു വിക്ഷേപണം. മനുഷ്യനെ ചന്ദ്രനിലേക്കും പിന്നീട് ചൊവ്വയിലേക്കും എത്തിക്കാനുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമായാണ് ഈ ദൗത്യം.
407 അടി (124 മീറ്റർ) ഉയരമുള്ള പുതിയ സ്റ്റാർഷിപ്പ് മുൻ മോഡലുകളേക്കാൾ കൂടുതൽ ശക്തിയുള്ള എൻജിനുകളും മെച്ചപ്പെടുത്തിയ നാവിഗേഷൻ സംവിധാനങ്ങളും ഉൾക്കൊള്ളുന്നതാണ്. 33 പ്രധാന എൻജിനുകളുള്ള ബൂസ്റ്ററിനൊപ്പം കൂടുതൽ കരുത്തുള്ള ഇന്ധന പൈപ്പുകളും വലിയ ഗ്രിഡ് ഫിനുകളും ഘടിപ്പിച്ചിട്ടുണ്ട്. ഭാവിയിലെ ചാന്ദ്രദൗത്യങ്ങൾക്കായി ഡോക്കിംഗ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇത് സ്റ്റാർഷിപ്പിന്റെ 12ാമത്തെ പരീക്ഷണ പറക്കലാണ്. മുൻ പരീക്ഷണങ്ങളിൽ ചിലത് ആകാശത്ത് പൊട്ടിത്തെറിച്ച് അവസാനിച്ചതിനാൽ ഈ പരീക്ഷണം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇത്തവണ റോക്കറ്റിന്റെ ഘട്ടങ്ങൾ തിരികെ പിടിക്കാനുള്ള ശ്രമം നടത്തിയില്ല. മെക്‌സിക്കോ ഉൾക്കടലിലും സ്‌പേസ്‌ക്രാഫ്റ്റ് ഇന്ത്യൻ മഹാസമുദ്രത്തിലുമാണ് ബൂസ്റ്റർ പതിക്കാനിരുന്നത്.
നാസയുടെ ആർട്ടെമിസ് പദ്ധതിയിൽ മനുഷ്യരെ വീണ്ടും ചന്ദ്രനിലിറക്കാൻ സ്റ്റാർഷിപ്പിനെ ഉപയോഗിക്കാനാണ് ലക്ഷ്യം. ഇതിനായി നാസ എലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സിനും ജെഫ് ബെസോസിന്റെ ബ്ലു ഓറിജിനും ബില്യൺ ഡോളർ കരാറുകൾ നൽകിയിട്ടുണ്ട്. ബ്ലൂ ഓറിജിനും സ്വന്തം 'ബ്ലൂ മൂൺ' ലാൻഡർ വികസിപ്പിക്കുന്ന തിരക്കിലാണ്.
2028ഓടെ ആർട്ടെമിസ് IV ദൗത്യത്തിന്റെ ഭാഗമായി മനുഷ്യരെ വീണ്ടും ചന്ദ്രനിലിറക്കാനാണ് നാസയുടെ പദ്ധതി. 1972ലെ അപ്പോളോ17 ന് ശേഷം മനുഷ്യൻ നടത്തുന്ന ആദ്യ മൂൺലാൻഡിംഗായിരിക്കും അത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം സ്ഥിരതാമസ കേന്ദ്രം സ്ഥാപിക്കുകയെന്നതാണ് ദീർഘകാല ലക്ഷ്യം.
ഇതിനിടെ, സ്വകാര്യ ബഹിരാകാശ യാത്രകൾക്കായും സ്‌പേസ് എക്‌സ് ബുക്കിംഗ് സ്വീകരിച്ചു തുടങ്ങി. ആദ്യ സ്‌പേസ് ടൂറിസ്റ്റായ അമേരിക്കൻ വ്യവസായി ഡെന്നീസ് ടിറ്റോയും ഭാര്യയും ചന്ദ്രനെ ചുറ്റിയുള്ള യാത്രയ്ക്കായി നേരത്തേ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ ചൈനീസ് വംശജനായ ക്രിപ്‌റ്റോ നിക്ഷേപകൻ ചുൻ വാങ് സ്റ്റാർഷിപ്പിന്റെ ആദ്യ ചൊവ്വാദൗത്യത്തിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കമ്പനി ഓഹരി വിപണിയിൽ പ്രവേശിക്കുമെന്ന് സ്‌പേസ് എക്‌സ് മേധാവി എലോൺ മസ്‌ക് അറിയിച്ചതിന് പിന്നാലെയായിരുന്നു ചരിത്രം കുറിച്ച ഈ പരീക്ഷണ വിക്ഷേപണം.
ചന്ദ്രനും ചൊവ്വയും ലക്ഷ്യം; ഏറ്റവും ശക്തമായ സ്റ്റാർഷിപ്പ് വിക്ഷേപിച്ച് സ്‌പേസ് എക്‌സ്
