ന്യൂയോർക്ക്: 1980കളിലെ ഹിപ്‌ഹോപ് സംഗീതലോകത്തെ ആവേശത്തിലാഴ്ത്തിയ 'ഇറ്റ് ടേക്ക്‌സ് ടു' എന്ന സൂപ്പർഹിറ്റ് ഗാനത്തിന്റെ സഹസ്രഷ്ടാവും അമേരിക്കൻ റാപ്പറുമായ റോബ് ബേസ് അന്തരിച്ചു. 59 വയസായിരുന്നു. അധികമാരുമറിയാതെ കാൻസറിനെതിരെയുള്ള പോരാട്ടത്തിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ചയാണ് അന്തരിച്ചതെന്ന് കുടുംബം അറിയിച്ചു.
റോബിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് മരണവാർത്ത പുറത്തുവന്നത്. 'റോബിന്റെ സംഗീതവും ഊർജവും ഒരു തലമുറയെ സ്വാധീനിച്ചിരുന്നു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾക്ക് അദ്ദേഹം തന്റെ ഗാനങ്ങളിലൂടെ സന്തോഷം നൽകി. വേദിക്കു പുറത്ത് സനേഹമുള്ള പിതാവും കുടുംബസനേഹിയും സൃഷ്ടിപരമായ വ്യക്തിത്വവുമായിരുന്നു അദ്ദേഹം' എന്ന് പ്രസ്താവനയിൽ പറയുന്നു.
റോബർട്ട് ഗിന്യാർഡ് എന്നായിരുന്നു റോബിന്റെ യഥാർത്ഥ പേര്. 1988ൽ സംഗീത പങ്കാളിയായ ഡി.ജെ ഇ-ഇസഡ് റോക്കിനൊപ്പം പുറത്തിറക്കിയ 'ഇറ്റ് ടേക്ക്‌സ് ടു' എന്ന ഗാനമാണ് അദ്ദേഹത്തെ ലോകപ്രശസ്തനാക്കിയത്. ഈ ഗാനം ഇന്നും ഹിപ്‌ഹോപ് ചരിത്രത്തിലെ ഏറ്റവും ജനപ്രിയ പാർട്ടി ഗാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
ലിൻ കോളിൻസിന്റെ 'തിങ്ക് (എബൗട്ട് ഇറ്റ് )' എന്ന ഗാനത്തിന്റെ ഭാഗങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഈ ട്രാക്ക് വൻ ഹിറ്റായി മാറി. ബിൽബോർഡ് ഡാൻസ്/ക്ലബ് സോംഗ്‌സ് ചാർട്ടിൽ മൂന്നാം സ്ഥാനത്തെത്തിയ ഈ ഗാനം ഉൾപ്പെട്ട അതേ പേരിലുള്ള ആൽബത്തിന് പ്ലാറ്റിനം അംഗീകാരവും ലഭിച്ചു. 'ജോയ് ആന്റ് പെയിൻ', 'ഗെറ്റ് ഓൺ ദ ഡാൻസ് ഫ്‌ളോർ' തുടങ്ങിയ ഗാനങ്ങളും ആൽബത്തിലുണ്ടായിരുന്നു.
പിന്നീട് സ്‌നൂപ് ഡോജ് അടക്കമുള്ള നിരവധി കലാകാരൻമാർ 'ഇറ്റ് ടേക്‌സ് ടു' സാംപിൾ ചെയ്ത് ഗാനങ്ങൾ പുറത്തിറക്കുകയും ചെയ്തു.
റോബും ഡി.ജെ ഇ-ഇസഡ് റോക്കും പിന്നീട് വേർപിരിഞ്ഞെങ്കിലും 1994ൽ വീണ്ടും ഒന്നിച്ച് ' ബ്രോക്ക് ഓഫ് ഡാൺ' എന്ന ആൽബം പുറത്തിറക്കി.ഡി.ജെ ഇ-ഇസഡ് റോക്ക് 2014ൽ പ്രമേഹസംബന്ധമായ അസുഖങ്ങളെ തുടർന്ന് മരണപ്പെട്ടു.
1989ൽ പുറത്തിറങ്ങിയ തന്റെ ഏക സോളോ ആൽബമായ ദി ഇൻക്രെഡിബ്ൾ ബേസ് വഴിയും റോബ് ബേസ് ശ്രദ്ധ നേടിയിരുന്നു.
അന്ത്യം സംഭവിക്കുന്നതിന് ദിവസങ്ങൾ മുമ്പ് 59ാം പിറന്നാൾ ആഘോഷിച്ച അദ്ദേഹം ഇൻസ്റ്റഗ്രാമിൽ 'മറ്റൊരു വർഷം കൂടി കാണാൻ ദൈവം അനുവദിച്ചതിന് നന്ദി' എന്ന് കുറിച്ചിരുന്നു. സംഗീതലോകം ഇന്ന് ആ ഓർമ്മകളോടെയാണ് റോബ് ബേസിനെ യാത്രയാക്കുന്നത്.
'ഇറ്റ് ടേക്ക്‌സ് ടു' ഹിറ്റ് ഗാനത്തിലൂടെ ലോകത്തെ നൃത്തമാടിച്ച റോബ് ബേസ് അന്തരിച്ചു
