രാസ ടാങ്ക് പൊട്ടിത്തെറിക്കൽ ഭീഷണി; കാലിഫോർണിയയിലെ ഗാർഡൻ ഗ്രോവ് നഗരത്തിൽ നിന്ന് 40,000 ആളുകളെ ഒഴിപ്പിക്കുന്നു

രാസ ടാങ്ക് പൊട്ടിത്തെറിക്കൽ ഭീഷണി; കാലിഫോർണിയയിലെ ഗാർഡൻ ഗ്രോവ് നഗരത്തിൽ നിന്ന് 40,000 ആളുകളെ ഒഴിപ്പിക്കുന്നു


കാലിഫോർണിയ: അമേരിക്കയിലെ ഗാർഡൻ ഗ്രോവ് നഗരത്തിൽ വൻ രാസാപകട ഭീഷണി ഉയർന്നതോടെ ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. ഒരു എയറോ സ്‌പേസ് നിർമ്മാണ സ്ഥാപനത്തിലെ രാസ ടാങ്ക് ഏത് നിമിഷവും പൊട്ടിത്തെറിക്കാനോ ചോർന്നൊഴുകാനോ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് ഒഴിപ്പിക്കൽ.

ജികെഎൻ എയ്‌റോ സ്‌പേസ് എന്ന സ്ഥാപനത്തിലെ 34,000 ഗാലൺ ശേഷിയുള്ള ടാങ്കിൽ നിന്ന് വ്യാഴാഴ്ച വിഷവാതകം പുറത്തുവരാൻ തുടങ്ങിയതോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ടാങ്കിൽ മെത്തിൽ മെതാക്രിലേറ്റ് (Methyl Methacrylate) എന്ന അത്യന്തം ജ്വലനക്ഷമവും വിഷാംശമുള്ളതുമായ രാസവസ്തുവാണ് സൂക്ഷിച്ചിരുന്നത്.

ഇപ്പോൾ വാതക ചോർച്ചയില്ലെങ്കിലും ടാങ്ക് 'അത്യന്തം അപകടാവസ്ഥയിൽ' ആണെന്നാണ് ഓറഞ്ച് കൗണ്ടി ഫയർ സേഫ്റ്റി അധികൃതർ അറിയിച്ചത്. വാൽവ് തകരാറിലായതിനാൽ രാസവസ്തു പുറത്തെടുക്കാനും സുരക്ഷിതമാക്കാനും കഴിയാത്ത സ്ഥിതിയാണ്.

'ഇനി രണ്ട് സാധ്യതകൾ മാത്രമാണ് മുന്നിലുള്ളത്. ടാങ്ക് പൊട്ടി 6,000 മുതൽ 7,000 ഗാലൺ വരെ അപകടകരമായ രാസവസ്തു പുറത്തേക്കൊഴുകാം. അല്ലെങ്കിൽ അതിശക്തമായ താപപ്രതികരണത്തെ തുടർന്ന് ടാങ്ക് പൊട്ടിത്തെറിച്ച് സമീപത്തെ ഇന്ധന ടാങ്കുകളെയും ബാധിക്കാം,' എന്ന് ഫയർ അതോറിറ്റി ഡിവിഷൻ ചീഫ് ക്രെയ്ഗ് കോവി വ്യക്തമാക്കി. മേഖലയിലുള്ള 40,000 പേരെ ബാധിക്കുന്നതാണ് അപകടഭീഷണി. ഒഴിപ്പിക്കൽ ഉത്തരവിനുപിന്നാലെ പത്തിലധികം സ്‌കൂളുകൾ താൽക്കാലികമായി അടച്ചിട്ടുണ്ട്. സമീപ സ്‌കൂളുകളിൽ ഔട്ട്‌ഡോർ പ്രവർത്തനങ്ങളും നിർത്തിവച്ചു.

ടാങ്കിലെ രാസവസ്തുവിന്റെ ചൂട് കൂടിയതിനെ തുടർന്ന് ടാങ്ക് വീർപ്പുമുട്ടിയ നിലയിലാണെന്ന് അധികൃതർ അറിയിച്ചു. രാസവസ്തുവിനെ നിഷ്‌ക്രിയമാക്കാൻ നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു. ടാങ്കിനുള്ളിൽ ഇപ്പോഴും ഏകദേശം 7,000 ഗാലൺ രാസവസ്തു ശേഷിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.

മെത്തിൽ മെതാക്രിലേറ്റ് പ്രധാനമായും പ്ലാസ്റ്റിക് നിർമാണത്തിൽ ഉപയോഗിക്കുന്ന രാസവസ്തുവാണ്. ഇത് ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കാനും തീപിടിത്ത ഭീഷണി ഉയർത്താനും സാധ്യതയുണ്ട്.

സംഭവത്തെക്കുറിച്ച് ഗവർണർ ഗാവിൻ ന്യൂസോമിനെ അറിയിച്ചതായി കാലിഫോർണിയ ഗവർണറുടെ ഓഫീസ് വ്യക്തമാക്കി. സംസ്ഥാന ദുരന്തനിവാരണ വിഭാഗവും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.

ലോസ് ആഞ്ചലസിൽ നിന്ന് ഏകദേശം 30 മൈൽ അകലെയാണ് ഗാർഡൻ ഗ്രോവ് നഗരം സ്ഥിതി ചെയ്യുന്നത്. ജനങ്ങൾ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.