കേരളത്തിൽ മൺസൂൺ ദുർബലമായേക്കും; വരൾച്ചയ്ക്കും അതിശക്ത മഴയ്ക്കും ഒരേപോലെ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

കേരളത്തിൽ മൺസൂൺ ദുർബലമായേക്കും; വരൾച്ചയ്ക്കും അതിശക്ത മഴയ്ക്കും ഒരേപോലെ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്


തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ മൺസൂൺ ഈ വർഷം കേരളത്തിൽ ദുർബലമായി മാത്രം  ലഭിക്കാനാണ് സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ പുതിയ പ്രവചനം. ജൂൺ മുതൽ സെപ്തംബർ വരെയുള്ള മഴ സംസ്ഥാനത്തിന്റെ ദീർഘകാല ശരാശരിയുടെ 92 ശതമാനത്തിൽ താഴെയായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.

1971 മുതൽ 2020 വരെ രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം കേരളത്തിന്റെ ശരാശരി മൺസൂൺ മഴ 1,863.4 മില്ലിമീറ്ററാണ്. എന്നാൽ ഇത്തവണ മഴ അതിൽ താഴെയാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. മൺസൂൺ ആരംഭമാസമായ ജൂണിലും സാധാരണയേക്കാൾ കുറഞ്ഞ മഴയേ ലഭിക്കൂ എന്നാണ് പ്രവചനം.

തിരുവനന്തപുരത്ത് നടന്ന 'ട്രാക്കിങ് ദ മൺസൂൺ: കേരള ഔട്ട്‌ലുക്ക് 2026' എന്ന കാലാവസ്ഥാ തയ്യാറെടുപ്പ് ചർച്ചയിലാണ് ഈ റിപ്പോർട്ട് അവതരിപ്പിച്ചത്. കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആന്റ് എൻവയേൺഡമെന്റിന്റെ കീഴിലുള്ള കാലാവസ്ഥാ പഠന സ്ഥാപനവും കാലാവസ്ഥാ വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

കാലാവസ്ഥാ നിരീക്ഷണപ്രവചന വിഭാഗം മേധാവിയായ ഒ.പി. ശ്രീജിത് അവതരിപ്പിച്ച പഠനത്തിൽ, എൽ നിനോ വർഷങ്ങളിൽ കേരളത്തിൽ സാധാരണയായി മഴക്കുറവ് അനുഭവപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഇത്തവണ എൽ നിനോ പ്രതിഭാസം സ്ഥിരീകരിച്ച സാഹചര്യത്തിൽ മൺസൂൺ ദുർബലമാകാനിടയുണ്ടെന്നാണ് വിലയിരുത്തൽ. അതേസമയം, എൽ നിനോയുടെ ആഘാതം കുറയ്ക്കാൻ സഹായിക്കുന്ന ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ഇത്തവണ ന്യൂട്രൽ നിലയിലായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

മെയ്-ജൂൺ മാസങ്ങളിൽ സംസ്ഥാനത്ത് ഉയർന്ന താപനില അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. ഇത് ജലക്ഷാമം, കൃഷി, വൈദ്യുതി ഉപയോഗം, ആരോഗ്യപ്രശ്‌നങ്ങൾ എന്നിവയെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

എന്നാൽ മഴ കുറയുമെന്ന പ്രവചനമുണ്ടെങ്കിലും ഇടയ്ക്കിടെ അതിശക്തമായ മഴ ലഭിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.  'സംസ്ഥാനം ഒരേസമയം വരൾച്ചയ്ക്കും അതിതീവ്ര മഴയ്ക്കും തയ്യാറാകണം.'
എന്നാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ അന്തരീക്ഷ റഡാർ ഗവേഷണ കേന്ദ്ര ഡയറക്ടർ എസ്. അഭിലാഷിന്റെ മുന്നറിയിപ്പ്.

ജലവിഭവം, ജലസേചനം, കൃഷി, മത്സ്യബന്ധനം, തീരസുരക്ഷ, ടൂറിസം, നഗര അടിസ്ഥാനസൗകര്യം തുടങ്ങി 30ലധികം വകുപ്പുകളുടെ പ്രതിനിധികളാണ്  യോഗത്തിലും ചർച്ചകളലും പങ്കെടുത്തത്. സംസ്ഥാനത്തിനായുള്ള വിശദമായ മൺസൂൺ തയ്യാറെടുപ്പ് റിപ്പോർട്ട് ഉടൻ സർക്കാരിന് സമർപ്പിക്കുമെന്ന് കാലാവസ്ഥാ പഠന സ്ഥാപന ഡയറക്ടർ കെ. രാജേന്ദ്രൻ അറിയിച്ചു.